ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
Sunday, July 2, 2023 7:09 AM IST
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവരവ് മുപ്പതിലേറെ ബില്യൺ ഡോളറായിരുന്നു. സ്വിസ് വാച്ച് ഇൻഡസ്ട്രിയുടെ മൊത്തവരുമാനമാകട്ടെ പതിനഞ്ച് ബില്യൺ ഡോളർ മാത്രവും. എന്നാൽ അതുകൊണ്ട് സ്വിസ് വാച്ച് വ്യവസായം തളർന്നുപോയി എന്നു കരുതേണ്ട. സ്ഥിതിവിവരക്കണക്കനുസരിച്ച് ആയിരത്തിലേറെ ഡോളർ വിലവരുന്ന വാച്ചുകളുടെ 95 ശതമാനവും ഇപ്പോഴും നിർമിക്കുന്നത് സ്വിറ്റ്സർലൻഡ് ആണത്രേ. അതായത് വാച്ചുകളുടെ ആഡംബര വിപണി ഇപ്പോഴും സ്വിസ് കന്പനികളുടെ കൈകളിലാണെന്നു സാരം.
നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്ന കഥയാണ് സ്വിസ് വാച്ച് വ്യവസായത്തിനുള്ളത്. സ്വിറ്റ്സർലൻഡുകാർ വാച്ച് വ്യവസായത്തിലേക്കു കടക്കുന്നത് പതിനാറാം നൂറ്റാണ്ടിലാണ്. അക്കാലത്ത് ജനീവ നഗരത്തിലെ പ്രധാന വ്യവസായം ജൂവലറി ആയിരുന്നു. എന്നാൽ, പ്രോട്ടസ്റ്റന്റ് നവോത്ഥാന നേതാക്കളിലൊരാളായിരുന്ന ജോൺ കാൽവിന്റെ നിയന്ത്രണത്തിൽ ജനീവ വന്നപ്പോൾ ആഭരണങ്ങളുടെ ഉപയോഗം നിരോധിക്കപ്പെട്ടു. അപ്പോൾ ജൂവലറി നിർമിച്ചിരുന്നവർ പട്ടിണിയിലായിപ്പോയില്ല.
അതിന്റെ കാരണം അവർ അവസരത്തിനൊത്തുയർന്നു എന്നതായിരുന്നു. അവരുടെ മുന്പിൽ ഒരു വാതിലടഞ്ഞപ്പോൾ മറ്റൊന്നു തുറന്നു. അങ്ങനെയാണ് അക്കാലത്ത് ജർമനിയിൽ തുടക്കമിട്ട ക്ലോക്കും ടൈംപീസുമൊക്കെ നിർമിക്കാൻ ജനീവയിലെ തട്ടാൻമാർ ആരംഭിച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തു.
നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ സ്വിസ് വാച്ച് വ്യവസായം നന്പർ വൺ ആയി മാറി. 1968 ആയപ്പോഴേക്കും ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ടിരുന്ന വാച്ചുകളുടെ 65 ശതമാനവും സ്വിറ്റ്സർലൻഡിൽ നിർമിച്ചവ ആയിരുന്നു. എന്നാൽ, 1980 ആയപ്പോഴേക്കും ആഗോള വാച്ച് വിപണിയുടെ പത്തുശതമാനമായി അവർ ചുരുങ്ങി. എന്തുകൊണ്ടാണ് അതു സംഭവിച്ചത്?
കാലത്തിന്റെ മാറ്റങ്ങൾക്കൊത്തു നീങ്ങാൻ സ്വിസ് വാച്ച് വ്യവസായം മടിച്ചുനിന്നു. തന്മൂലം സ്വിസ് വാച്ചുകൾക്കു മാർക്കറ്റിൽ ഡിമാൻഡില്ലാതായി. അക്കാലത്ത് സ്വിസ് കന്പനികൾ നിർമിച്ചിരുന്നത് മെക്കാനിക്കൽ വാച്ചുകളായിരുന്നു. എന്നാൽ, ജനത്തിന് ആവശ്യമായിരുന്നത് കൂടുതൽ കൃത്യതയുള്ള ക്വാർട്സ് വാച്ചുകളും. അങ്ങനെയുള്ള വാച്ചുകൾ നിർമിക്കുന്നതിൽ മുന്നിട്ടുനിന്നത് ജാപ്പനീസ് കന്പനികളും. അവർ വേഗം വിപണിയുടെ മുൻപന്തിയിൽ എത്തുകയും ചെയ്തു.
ക്വാർട്സ് വാച്ചുകൾ നിർമിക്കുന്നതിന്റെ തുടക്കത്തിൽ സ്വിസ് കന്പനികളുണ്ടായിരുന്നെങ്കിലും അവയുടെ വിജയസാധ്യത മനസിലാക്കി അവ വൻതോതിൽ വിപണിയിലെത്തിക്കുന്നതിൽ വളരെക്കാലം അവർ മടിച്ചുനിന്നു. വാച്ചുകളുടെ ആഗോളവിപണി മുഴുവനും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് അവർ ക്വാർട്സ് വാച്ച് നിർമാണം ഗൗരവമായി എടുത്തത്.
സ്വിസ് വാച്ച് വ്യവസായത്തിന്റെ കഥ തത്കാലം ഇവിടെ നിൽക്കട്ടെ. നമ്മുടെ കഥയും പലപ്പോഴും ഇതുപോലെയല്ലേ? ശീലിച്ചതേ പാലിക്കൂ എന്നു ശഠിക്കുന്നവരല്ലേ നമ്മിൽ ഭൂരിഭാഗവും. തന്മൂലമല്ലേ സമൂഹത്തിന്റെ നന്മയ്ക്കു സഹായിക്കുന്ന പല നല്ലകാര്യങ്ങളും നാം വേണ്ടെന്നു വയ്ക്കുന്നത്.
നമ്മുടെ നാട്ടിൽ കംപ്യൂട്ടർ ഉപയോഗം ആരംഭിച്ചപ്പോഴുണ്ടായ പ്രശ്നങ്ങൾ നമുക്ക് മറക്കാറായിട്ടില്ലല്ലോ. അജ്ഞതയുടെ പേരിലായാലും എത്രയോ ആളുകളാണ് ഗവൺമെന്റിന്റെയും കന്പനികളുടെയുമൊക്കെ കംപ്യൂട്ടർവത്കരണത്തെ അന്ന് എതിർത്തത്. ആ എതിർപ്പ് എത്രയോ വർഷങ്ങൾ നീണ്ടുനിന്നു. അതുവഴി നമുക്കുണ്ടായ നഷ്ടം നമുക്ക് കണക്കുകൂട്ടാനാവുമോ?
നമ്മുടെ വിദ്യാഭ്യാസമേഖലയുടെ പിന്നാക്കാവസ്ഥയുടെ കാരണവും പുതിയ കാര്യങ്ങൾ സ്വീകരിക്കുന്നതിനുള്ള വിമുഖത ആയിരുന്നില്ലേ? എത്രയോ കാലം പടപൊരുതിയിട്ടാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രയോജനപ്രദമായ കോഴ്സുകളും അവ നൽകുന്ന സ്ഥാപനങ്ങളുമുണ്ടായത്. ഇക്കാര്യത്തിൽ നമ്മൾ ഇപ്പോഴും ഏറെ പിന്നിലല്ലേ?
കാലം മാറുന്നതനുസരിച്ച് പല കാര്യങ്ങളിലും മാറ്റങ്ങളുണ്ടാകും. പ്രത്യേകിച്ചു മനുഷ്യരുടെ ചിന്താഗതിയുടെ കാര്യത്തിൽ. അതൊക്കെ മനസിലാക്കി വിജയകരമായ മാർഗങ്ങൾ തെരഞ്ഞെടുക്കുന്നവരല്ലേ വിവേകശാലികളും ബുദ്ധിയുള്ളവരും?
സ്വിസ് വാച്ച് വ്യവസായത്തിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. ക്വാർട്സ് വിപ്ലവത്തിന്റെ ആരംഭഘട്ടത്തിൽ അതിനോട് പ്രതികരിക്കുന്നതിൽ സ്വിസ് കന്പനികൾ ഏറെ പിന്നിൽ പോയി. എന്നാൽ, അവർ തങ്ങളുടെ തെറ്റ് തിരുത്തി ക്വാർട്സ് വാച്ചുകളുടെ നിർമാണവും വൻതോതിൽ ആരംഭിച്ചു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധവച്ചത് ആഡംബര വാച്ചുകളുടെ വിപണിയിലായിരുന്നു. തന്മൂലം സ്മാർട് വാച്ചുകൾ വിപണിയിലെത്തിയപ്പോൾ സ്വിസ് കന്പനികൾ പിടിച്ചുനിന്നു.
അതോടൊപ്പം സ്വിസ് കന്പനികളും സ്മാർട് വാച്ചുകളുടെ നിർമാണം ആരംഭിച്ചു. ഇനിയുള്ള കുറേ വർഷങ്ങളെങ്കിലും സ്മാർട് വാച്ചുകളായിരിക്കും വിപണിയിൽ മുന്നിട്ടുനിൽക്കാൻ പോകുന്നത്. തന്മൂലം ആപ്പിളിനെ വെല്ലുന്ന സ്മാർട് വാച്ചുകൾ സ്വിസ് കന്പനികൾ നിർമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഒരു വാതിലടയുന്പോൾ മറ്റൊന്നു തുറക്കുന്ന ചരിത്രമാണ് സ്വിസ് വാച്ച് കന്പനികളുടേത്. ഈ ചരിത്രം എപ്പോഴും അങ്ങനെ ആയിരുന്നില്ല എന്നതും ശരിതന്നെ. എന്നാൽ, വൻപരാജയം ഏറ്റുവാങ്ങുന്നതിനു മുന്പ് അവർ തെറ്റുതിരുത്തി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ വിജയിച്ചു. അങ്ങനെയാണ് അവർ ഇപ്പോഴും വാച്ചുകളുടെ ആഗോളവിപണിയിൽ തല ഉയർത്തിനിൽക്കുന്നത്.
വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും സമൂഹങ്ങളും രാജ്യങ്ങളുമൊക്കെ കാലത്തിനൊത്ത് നേരായ മാർഗത്തിലൂടെ ചലിക്കണം. പുത്തൻ വിജയപാതകൾ കണ്ടെത്തണം. അതിനു സഹായിക്കുന്ന ആത്മവിശകലനത്തിനും ആത്മവിമർശനത്തിനും തയാറാകണം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ അതിനു തടസമാകാൻ അനുവദിക്കരുത്. എങ്കിലേ നമുക്ക് വളർച്ചയുണ്ടാകൂ. നാം ജീവിതത്തിൽ വിജയിക്കൂ. നമ്മുടെ സമൂഹവും രാജ്യവുമൊക്കെ നല്ലരീതിയിൽ മുന്നോട്ടുപോകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ