1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ് എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാണ് ബ്രൂസ് ലീ (1940-1973). ആയോധനകലയിലെ ഈ അതുല്യപ്രതിഭ തലച്ചോർ സംബന്ധമായ അസുഖംമൂലം 32-ാം വയസിൽ മരണമടഞ്ഞിട്ടു കഴിഞ്ഞമാസം 20ന് അന്പതു വർഷം പൂർത്തിയായി. എങ്കിലും അദ്ദേഹത്തിന്റെ സ്മരണകൾ ഇപ്പോഴും സജീവമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ വ്യക്തികളുടെ ലിസ്റ്റ് ടൈം മാസിക തയാറാക്കിയപ്പോൾ അക്കൂട്ടത്തിൽ ബ്രൂസ് ലീയുമുണ്ടായിരുന്നു.
ബ്രൂസ് ലീ ജനിച്ചത് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലാണ്. പ്രസിദ്ധനായ ഒരു ചൈനീസ് ഓപ്പറ ഗായകനായിരുന്നു ലീയുടെ പിതാവ്. സാൻഫ്രാൻസിസ്കോയിലെ ചൈന ടൗണിൽ ഒരു ഇന്റർനാഷണൽ ഓപ്പറ ടൂറിന്റെ ഭാഗമായി എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു. അങ്ങനെയാണ് 1940 നവംബർ 27നു ലീ അമേരിക്കയിൽ ജനിക്കാനിടയായത്. തന്മൂലം, ലീ നിയമപരമായി അമേരിക്കൻ പൗരത്വത്തിന് അർഹനായി.
ലീക്ക് നാലുമാസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ ഹോങ്കോംഗിലേക്ക് മടങ്ങി. അവിടെ വളർന്ന ലീ ആദ്യം പൈതലായിട്ടും പിന്നീട് ബാലനായിട്ടും നിരവധി ഫിലിമുകളിൽ പ്രത്യക്ഷപ്പെട്ടു. 1950ൽ ഒന്പതാം വയസിൽ സ്വന്തം പിതാവിനോടൊപ്പം ദി കിഡ് എന്ന സിനിമയിൽ അഭിനയിക്കുകയുണ്ടായി.
ചെറുപ്പത്തിൽത്തന്നെ മാർഷൽ ആർട്സിൽ പരിശീലനം നേടിയ ലീ 1958ൽ ഹോങ്കോംഗ് സ്കൂൾ ബോക്സിംഗ് ചാന്പ്യൻഷിപ് നേടുകയുണ്ടായി. ലീക്ക് പതിനെട്ടു വയസുള്ളപ്പോൾ മാതാപിതാക്കൾ ലീയെ അമേരിക്കയിലേക്ക് അയച്ചു. അവിടെ കുടുംബ സമേതം താമസിച്ചിരുന്ന ലീയുടെ സഹോദരി ലീയുടെ സഹായത്തിനുണ്ടായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലീ 1961ൽ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിൽ ചേർന്ന് ഡ്രാമ, ഫിലോസഫി, സൈക്കോളജി എന്നീ വിഷയങ്ങൾ പഠിച്ചു.
എന്നാൽ, ബിരുദപഠനം പൂർത്തിയാകുന്നതിനു മുന്പ് ലീ ഓക്ക്ലൻഡ് നഗരത്തിലെത്തി മറ്റൊരാളോടൊപ്പം ഒരു ചൈനീസ് മാർഷൽ ആർട്സ് സ്കൂൾ സ്ഥാപിച്ചു. 1966-70 കാലഘട്ടത്തിൽ ലീ ചില സിനിമകളിലും ടെലിവിഷൻ പരന്പരകളിലും പ്രത്യക്ഷപ്പെട്ടു. എന്നാൽ, അവയൊന്നും ലീക്ക് വലിയ പ്രസിദ്ധി നേടിക്കൊടുത്തില്ല. 1971ൽ ലീ ഹോങ്കോംഗിലേക്ക് താമസം മാറ്റി. അവിടെ നാലു സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചതിനു ശേഷമായിരുന്നു ലീ എന്റർ ദി ഡ്രാഗണ് എന്ന സിനിമയിലെ താരമായി മാറിയത്. എന്നാൽ, ആഗോളതലത്തിൽ വലിയ ചലനം സൃഷ്ടിച്ച ഈ സിനിമ പുറത്തിറങ്ങുന്നതിനു മുന്പ് മസ്തിഷ്കരോഗം മൂലം ലീ മരണമടഞ്ഞു.
മുപ്പത്തിരണ്ടു വയസുവരെയെ ലീ ജീവിച്ചുള്ളൂ. എങ്കിലും ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ ലീ ചരിത്രത്തിലെ ഏറ്റവും പ്രമുഖനായ മാർഷൽ ആർട്ടിസ്റ്റായി മാറിയിരുന്നു. എന്നാൽ അതു ഭാഗ്യംകൊണ്ടു നേടിയെടുത്തതല്ല. അതിനു പിന്നിൽ കഠിനാധ്വാനമുണ്ടായിരുന്നു. ഫിസിക്കൽ ഫിറ്റ്നസിന്റെ കാര്യത്തിൽ ലീ ആരുടെയും പിന്നിലായിരുന്നില്ല.
നിരവധി കവിതകളും തത്വചിന്തകളുമൊക്കെ എഴുതിയിട്ടുള്ള ലീ ഇപ്രകാരം കുറിച്ചിട്ടുണ്ട്, “ഞാൻ ഒരു കൊച്ചുകുട്ടിയായിരിക്കുന്പോൾത്തന്നെ വളരാനും കഴിവുകൾ വികസിപ്പിക്കാനും സ്വാഭാവിക വാസനയുണ്ടായിരുന്നു. എന്റെ അഭിപ്രായത്തിൽ ആത്മാർഥമായും സത്യസന്ധമായും നമ്മുടെ കഴിവുകൾ വികസിപ്പിക്കുക എന്നതാണ് നമ്മുടെ യഥാർഥ ചുമതല.’’
ആത്മാർഥമായി തന്റെ കഴിവുകൾ വികസിപ്പിക്കുക മാത്രമല്ല ലീ ചെയ്തത്. അതോടൊപ്പം തന്റെ വിളർച്ചയ്ക്കും വികാസത്തിനും അതിരുകൾ വയ്ക്കാതിരിക്കാനും ലീ ശ്രദ്ധിച്ചു. ലീ എഴുതുന്നു, ’’ഒന്നിനും പരിധികളില്ല. ഉയർന്ന സമതലങ്ങൾ മാത്രമേയുള്ളൂ. നീ അവിടെ നിൽക്കരുത്. നീ വീണ്ടും മുന്നോട്ടു പോകണം.’’
താൻ തെരഞ്ഞെടുത്ത ആയോധനകലയിലും അഭിനയത്തിലുമൊക്കെ ഒട്ടേറെ മുന്പോട്ടുപോയ വ്യക്തിയാണു ലീ. എങ്കിലും ആ വളർച്ചകൊണ്ട് ലീ നിർത്തിയില്ല. ലീയുടെ വാക്കുകൾ വീണ്ടും ഉദ്ധരിക്കട്ടെ, “ ഞാൻ വലിയ വളർച്ച നേടിയിട്ടുണ്ട് എന്ന് ഇപ്പോഴും എനിക്ക് അവകാശപ്പെടാനാവില്ല. ’’ഞാൻ ഇപ്പോഴും ഓരോ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. കാരണം, പഠനത്തിനു പരിധികളില്ല.’’
ചെറുപ്രായത്തിൽത്തന്നെ ലീ, പിന്നീട് പ്രസിദ്ധരായിത്തീർന്ന പലരെയും പരിശീലിപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ സിനിമാനടനും മാർഷൽ ആർട്ടിസ്റ്റുമായ ചക്ക്നോറിസ്, ബോക്സിംഗ് ചാന്പ്യനായ ഷുഗർ റേ ലെയണാർഡുമൊക്കെ ഉൾപ്പെടുന്നു. ഇവരെയൊക്കെ പഠിപ്പിക്കാൻ തക്കവണ്ണം ലീ ബഹുമിടുക്കനായിരുന്നെങ്കിലും തനിക്ക് വീണ്ടും പഠിക്കാനും വളരാനും വികസിക്കാനും ഏറെയുണ്ടെന്നായിരുന്നു ലീയുടെ വിശ്വാസം.
പഠനത്തിനും പരിശീലനത്തിനുമൊക്കെ ചെറുപ്പകാലം. പിന്നീട് അതിന്റെയൊന്നും ആവശ്യമില്ല എന്നല്ലേ നമ്മിൽ പലരുടെയും ധാരണ. തന്മൂലമല്ലേ നമ്മുടെ മനസിന്റെ വാതായനങ്ങൾ തുറന്നിടാനും പുത്തൻ അറിവുകൾ നേടാനും അവവഴി ജീവിതത്തെ മെച്ചപ്പെടുത്താനും നാം തയാറാകാത്തത്. കുറേ പഠിച്ചും ചില കാര്യങ്ങൾ കണ്ടും കഴിയുന്പോൾ നമുക്ക് എല്ലാം തികഞ്ഞു എന്നു തോന്നാം. എന്നാൽ, ലീ അനുസ്മരിപ്പിക്കുന്നതുപോലെ നമുക്ക് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. മാത്രമല്ല, നാം എത്രമാത്രം മുന്നോട്ടുപോയാലും പിന്നെയും പിന്നെയും ഒട്ടേറെ സമതലങ്ങൾ നമ്മുടെ മുന്പിലുണ്ടാകും. അവയൊന്നും കീഴടക്കാൻ ആർക്കും സാധ്യമല്ല.
എന്നാൽ, നാം മുന്നോട്ടുപോകുന്ന തോതനുസരിച്ച് നമ്മുടെ ജീവിതത്തിൽ അതിന്റെ മേന്മയുണ്ടാകും. അത് എത്രമാത്രം വേഗം നാം മനസിലാക്കുന്നുവോ അത്രമാത്രം നേട്ടം ജീവിതത്തിൽ നമുക്കുണ്ടാകും. ശാരീരിക വളർച്ചയ്ക്ക് പരിധികളുണ്ട്. എന്നാൽ, ബൗദ്ധികവും ആധ്യാത്മികവും പോലുള്ള വിവിധ മേഖലകളിൽ നാം പരിധിവയ്ക്കേണ്ട. ആ മേഖലകളിലൊക്കെ എപ്പോഴും മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ