സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ പഠനം, എന്റർടെയ്ൻമെന്റ് എന്നീ വിവിധ ഗണത്തിൽപ്പെട്ട വീഡിയോകളും കണ്ടേക്കാം. എന്നാൽ, മനുഷ്യരെ വായിക്കാൻ ലഭിക്കുന്ന മനുഷ്യ ലൈബ്രറികൾ നമ്മുടെ കൊച്ചുകേരളത്തിലില്ല. എന്നാൽ, ഇൻഡോർ, ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നീ വൻ നഗരങ്ങളിലുണ്ടുതാനും.
എന്താണു ‘ഹ്യൂമൻ ലൈബ്രറി’ എന്നു വിളിക്കപ്പെടുന്ന മനുഷ്യലൈബ്രറി? അത് ആളുകളുടെ ലൈബ്രറിയാണ്. പുസ്തകങ്ങളുടേതല്ല. മനുഷ്യ ലൈബ്രറിയിൽനിന്ന് വായിക്കാൻ ലഭിക്കുന്നതു പുസ്തകങ്ങളല്ല. പ്രത്യുത ആളുകളെയാണ്. നാം പുസ്തകങ്ങൾ ലൈബ്രറിയിൽനിന്നു കടമെടുക്കുന്നതുപോലെ, ആളുകളെ ഒരു നിശ്ചിത സമയത്തേക്കു ‘വായിക്കാനായി’ കടമെടുക്കാം. തുറന്ന പുസ്തകംപോലെയായിരിക്കും അവർ നമ്മുടെ മുൻപിൽ. അവരോടു നമുക്ക് ചോദ്യങ്ങൾ ചോദിക്കാം. അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പറയാം.
എന്നാൽ, ഈ ‘മനുഷ്യപുസ്തകങ്ങൾ’ ഒരു വ്യക്തിയെ മാത്രം ആയിരിക്കില്ല പ്രതിനിധീകരിക്കുന്നത്. അവർ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെയായിരിക്കും പ്രതിനിധീകരിക്കുക. ജാതി- മത- വർഗ- വർണ വ്യത്യാസങ്ങളുടെ പേരിൽ സമൂഹത്തിൽ വിവേചനം നേരിടുന്നവരാകാം അവർ. അല്ലെങ്കിൽ അംഗവൈകല്യം, സാന്പത്തിക പരാധീനത, ദാരിദ്ര്യം, വിദ്യാഭ്യാസക്കുറവ് എന്നിങ്ങനെയുള്ള പേരിൽ സമൂഹത്തിൽ അവഗണിക്കപ്പെടുന്നവരും ഒറ്റപ്പെടുന്നവരും ആകാം അവർ.
സമൂഹത്തിലെ ഏറ്റവും താഴ്ന്ന തട്ടുകളിൽ നിൽക്കുന്നവരായ ഇവർ എങ്ങനെയാണു ചിന്തിക്കുന്നത്? അവർ എങ്ങനെയാണു ജീവിതത്തെയും സമൂഹത്തെയും കാണുന്നത്? ഇതൊക്കെ അവരുടെ കണ്ണുകളിൽകൂടി കാണാൻ നമ്മെ സഹായിക്കുന്നവരാണു മനുഷ്യലൈബ്രറിയിലെ ‘മനുഷ്യ പുസ്തകങ്ങൾ.’
സാധാരണ അര മണിക്കൂറാണ് ഒരു ‘മനുഷ്യപുസ്തകം’ വായിക്കാൻ നൽകാറുള്ളത്. ലൈബ്രറിയിലെ സൗകര്യപ്രദമായ സ്ഥലത്തിരുന്നു മനുഷ്യപുസ്തകവുമായി സംസാരിക്കാം. അങ്ങനെ മനുഷ്യപുസ്തകം ഏതു വിഭാഗത്തെ പ്രതിനിധീകരിക്കുന്നുവോ ആ വിഭാഗത്തിന്റെ കണ്ണുകളിൽക്കൂടി ജീവിതത്തെ നോക്കിക്കാണാനും അവരുടെ ജീവിതപ്രശ്നങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നേടാനും സാധിക്കും.
ഒരു മനുഷ്യപുസ്തകം വായിച്ചുകഴിഞ്ഞാൽ മറ്റൊന്നു വേണമെങ്കിൽ വായനക്കാരനു തെരഞ്ഞെടുക്കാം. മനുഷ്യപുസ്തക വായന തനിയെ എന്നതുപോലെ ചെറിയ ഗ്രൂപ്പിലുമായി നടത്താം. മൂന്നോ നാലോ പേരുള്ള ഗ്രൂപ്പിലായിരിക്കും മനുഷ്യപുസ്തകം അപ്പോൾ വായിക്കപ്പെടുക. തന്മൂലം, മനുഷ്യപുസ്തകവുമായുള്ള സംവാദം പലർ കൂടിയായിരിക്കും നടത്തുക.
ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഗേഹനിലാണ് ആദ്യത്തെ മനുഷ്യലൈബ്രറി ആരംഭിക്കുന്നത്. 2000ൽ തുടക്കമിട്ട ഈ പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തത് അബർജൽ സഹോദരങ്ങളായ റോണിയും ഡാനിയും അവരുടെ സുഹൃത്തുക്കളായ ആസ്മയും ക്രിസ്റ്റഫറുമാണ്. ഇവരുടെ ഒരു സുഹൃത്ത് അക്രമത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ, ‘സ്റ്റോപ് ദ വയലൻസ്’ എന്ന പേരിൽ ഒരു സംഘടന അവർ രൂപീകരിച്ചു.
സമൂഹത്തിൽ നടമാടുന്ന വിവിധതരം വിവേചനത്തിനും അനീതിക്കും അക്രമത്തിനുമെതിരെ ജനങ്ങളെ ബോധവത്കരിക്കാൻവേണ്ടി രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ ആഭിമുഖ്യത്തിലാണ് റോണിയും കൂട്ടരും മനുഷ്യലൈബ്രറി ആരംഭിച്ചത്. അൻപതു മനുഷ്യപുസ്തകങ്ങളോടെയാണ് അവർ മനുഷ്യലൈബ്രറി ആരംഭിച്ചത്. അന്ന് അവർ നടത്തിയ ആഘോഷങ്ങൾ നാലു ദിവസം നീണ്ടുനിന്നു. ആയിരത്തിലേറെ ആളുകൾ ആ ദിവസങ്ങളിൽ മനുഷ്യപുസ്തകം വായിക്കാനായി എത്തിച്ചേർന്നിരുന്നു.
2008ൽ മനുഷ്യലൈബ്രറിയുടെ പ്രവർത്തനം അമേരിക്കയിലും കാനഡയിലും ആരംഭിച്ചു. അതോടെ ഈ പ്രസ്ഥാനത്തിന് ഏറെ പ്രസിദ്ധി ലഭിച്ചു. ഇപ്പോൾ ഇന്ത്യ ഉൾപ്പെടെ 85 രാജ്യങ്ങളിൽ മനുഷ്യലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലും മനുഷ്യലൈബ്രറി ആരംഭിക്കാൻ ആരെങ്കിലും മുന്നോട്ടുവരാതിരിക്കില്ല.
മറ്റു രാജ്യങ്ങളിലും സമൂഹങ്ങളിലുമെന്നതുപോലെ, കേരളത്തിലും എത്രയോ ആളുകൾ, ഏതെല്ലാം രീതിയിലാണു വിവിധ രീതിയിലുള്ള വിവേചനങ്ങൾക്കും അനീതിക്കും ഇരയാകുന്നത്? അവരുടെ ജീവിതകഥ കേട്ടാൽ നമ്മുടെ ചിന്താരീതിയിലും പ്രവർത്തനശൈലിയിലുമൊക്കെ വ്യത്യാസം വരാതിരിക്കില്ലെന്നു തീർച്ചയാണ്.
എന്നാൽ, മറ്റുള്ളവരുടെ കണ്ണുകളിൽക്കൂടി അവരുടെ ജീവിതത്തെ നോക്കിക്കാണാനുള്ള വിശാലമനസ്കതയും സന്മനസും എത്രപേർക്കുണ്ടാകും? എപ്പോഴും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനും മറ്റുള്ളവരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കാനുമല്ലേ നമ്മിൽ ഏറെപ്പേരും ശ്രമിക്കുന്നത്.
പരസ്പരം മറ്റുള്ളവരുടെ കണ്ണുകളിൽക്കൂടി നോക്കിക്കാണാൻ സാധിച്ചാൽ അതിൽപ്പരം വലിയ അദ്ഭുതം സംഭവിക്കാനുണ്ടോ എന്ന് അമേരിക്കൻ ചിന്തകനും എഴുത്തുകാരനുമായ ഹെൻറി ഡേവിഡ് തോരോ ചോദിച്ചിട്ടുണ്ട്. നമ്മൾ പരസ്പരം മറ്റുള്ളവരുടെ കണ്ണുകളിൽക്കൂടി കാര്യങ്ങൾ നോക്കിക്കാണാൻ തയാറായിരുന്നെങ്കിൽ എന്തുമാത്രം പ്രശ്നങ്ങൾ അതുവഴി നമുക്ക് ഒഴിവാക്കാൻ സാധിക്കുമായിരുന്നു.
ഭാര്യ ഭർത്താവിന്റെ കണ്ണുകളിൽക്കൂടിയും ഭർത്താവ് ഭാര്യയുടെ കണ്ണുകളിൽക്കൂടിയും കാര്യങ്ങൾ വീക്ഷിക്കുകയാണെന്നു കരുതുക. അപ്പോൾ അവരുടെ കുടുംബജീവിതത്തിൽ ഏറെ നന്മകൾ ഉണ്ടാകുമെന്നതിൽ സംശയമുണ്ടോ? മക്കൾ മാതാപിതാക്കളുടെ കണ്ണുകളിൽക്കൂടിയും മാതാപിതാക്കൾ മക്കളുടെ കണ്ണുകളിൽക്കൂടിയും മുതലാളി തൊഴിലാളിയുടെ കണ്ണുകളിൽക്കൂടിയുമൊക്കെ പരസ്പരം കാര്യങ്ങൾ കാണുകയാണെന്നു കരുതുക. അപ്പോൾ ചിന്താതലത്തിലും പ്രവർത്തനശൈലിയിലും തീർച്ചയായും മാറ്റങ്ങൾ വരികതന്നെ ചെയ്യും.
മനുഷ്യപുസ്തകങ്ങൾ വായിക്കാനായി കടമെടുക്കാൻ പറ്റുന്ന മനുഷ്യലൈബ്രറികൾ നമുക്കില്ലായിരിക്കാം. എന്നാൽ, നാം കണ്ണുതുറന്നു നോക്കിയാൽ മറ്റുള്ളവർ അനുഭവിക്കുന്ന ജീവിതപ്രശ്നങ്ങളും വേദനയുമൊക്കെ കാണാൻ സാധിക്കും. അതു കാണാനും മനസിലാക്കാനും സാധിച്ചാൽതന്നെ വലിയ കാര്യമായി. അപ്പോൾ, നാം അറിയാതെതന്നെ മറ്റുള്ളവർക്കും നമുക്കും ഏറെ ഗുണകരമാകുന്ന മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുകതന്നെ ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ