ആത്മധൈര്യത്തിന്റെ ഉറവിടം
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, August 9, 2025 3:41 PM IST
ദൈവം മോശയോടൊപ്പം എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഈ സാന്നിധ്യമാണ് ഫറവോയെ നേരിടാനും ഇസ്രായേൽകാരെ ഈജിപ്റ്റിലെ അടിമത്തത്തിൽനിന്നു മോചിപ്പിക്കാനും മോശയെ സഹായിച്ചത്.
പുരാണ ഗ്രീക്ക് കഥകളിലെ പ്രസിദ്ധമായ ഒരു കഥാപാത്രമാണ് തീസ്യസ്. ആഥൻസിലെ രാജാവായിരുന്ന ഏജിയസിന്റെ പുത്രനായിരുന്ന ഈ ചെറുപ്പക്കാരനാണ് പാതി മനുഷ്യനും പാതി മൃഗവുമായിരുന്ന മിനോട്ടർ എന്ന ഭീകരജീവിയെ കൊലപ്പെടുത്തി ആഥൻസിലെ നിരവധിപേരുടെ ജീവൻ രക്ഷിച്ചത്.
മിനോട്ടർ ജീവിച്ചിരുന്നത് ക്രീറ്റ് എന്ന ദ്വീപിലായിരുന്നു. അവിടത്തെ ശക്തനായ രാജാവായിരുന്ന മിനോസ് ആണ് ഡേഡലസ് എന്ന ശില്പിയെക്കൊണ്ട് മിനോട്ടറെ തളച്ചിടാനായി ലാബിറിന്ത് നിർമിച്ചത്.
അകത്തു പ്രവേശിച്ചാൽ ആർക്കും ഒരിക്കലും പുറത്തുകടക്കാൻ പറ്റാത്തവിധം ചുറ്റുവഴികളുള്ള ഒരു ദുർഘട ഗുഹാസംവിധാനമായിരുന്നു ലാബിറിന്ത്.
മിനോട്ടർ പുറത്തുകടക്കാതിരിക്കുന്നതിനും മിനോട്ടറിനു ഭക്ഷണമായി നൽകപ്പെടുന്ന മനുഷ്യർ അവിടെനിന്നു രക്ഷപ്പെടാതിരിക്കുന്നതിനും വേണ്ടിയായിരുന്നു വളരെ സങ്കീർണമായ ഈ സംവിധാനം സൃഷ്ടിച്ചത്.
നരഭോജിയായിരുന്ന മിനോട്ടർ ദിവസവും മനുഷ്യമാംസം ഭക്ഷിച്ചിരുന്നുവെന്ന് ഗ്രീക്ക് പുരാണങ്ങളിൽ പറയുന്നില്ല. എന്നാൽ ഒന്പതുവർഷത്തിലൊരിക്കൽ ആഥൻസിലെ രാജാവ് ഏഴു യുവാക്കളെയും ഏഴു യുവതികളെയും മിനോട്ടറിനു ഭക്ഷണമായി എത്തിക്കണമെന്ന് ക്രീറ്റിലെ മിനോസ് രാജാവ് ഒരു നിബന്ധന വച്ചിരുന്നു.
യുദ്ധത്തിൽ ആഥൻസിനെ പരാജയപ്പെടുത്തിയപ്പോൾ ആഥൻസിനു സ്വാതന്ത്ര്യം നൽകുവാൻ മിനോസ് രാജാവ് മുന്നോട്ടുവച്ച ഒരു വ്യവസ്ഥയായിരുന്നു അത്. തീസ്യസിന് ഈ വ്യവസ്ഥ അംഗീകരിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് മിനോട്ടറിനു ഭക്ഷണമായി അയയ്ക്കപ്പെട്ട പതിനാലുപേരിൽ ഒരുവനായി തീസ്യസ് തന്നെയുംകൂടി ഉൾപ്പെടുത്തിയത്.
ഭീകരജീവിയായ മിനോട്ടറെ നേരിടാൻ തക്ക ശരീരബലവും കായികശക്തിയും തീസ്യസിന് ഉണ്ടായിരുന്നോ? ഒരിക്കലുമില്ല. എന്നാൽ, മിനോട്ടറെ വകവരുത്തി മനുഷ്യജീവൻ രക്ഷിക്കണമെന്ന ഒരു ദൗത്യബോധം ആ ചെറുപ്പക്കാരനുണ്ടായിരുന്നു. അതാണ് ഒരു പരിധിവരെ അയാൾക്ക് ആത്മവിശ്വാസം നൽകിയത്.
വിജയത്തെക്കുറിച്ച് തീസ്യസിനു തീർച്ചയില്ലായിരുന്നു. ഭയരഹിതനുമായിരുന്നില്ല അയാൾ. എന്നാൽ മുന്നോട്ടുപോകാൻ ദൗത്യബോധം അയാളെ പ്രേരിപ്പിച്ചു. അപ്പോൾ ദൈവാനുഗ്രഹവും കൂട്ടിനുവന്നു. അതുവഴിയാണ് മിനോസ് രാജാവിന്റെ പുത്രിയായ അറിയാഡ്നെ തീസ്യസിനെ കണ്ടുമുട്ടാനും പ്രേമത്തിലാകാനും ഇടയായത്. അറിയാഡ്നെയാണ് ലാബിറിന്തിൽനിന്നു രക്ഷപ്പെടാനുള്ള വഴി തീസ്യസിന് ഉപദേശിച്ചുകൊടുത്തത്.
ഒരു നൂലുണ്ടയുടെ ഒരറ്റം ലാബിറിന്തിന്റെ പ്രവേശനകവാടത്തിൽ ബന്ധിച്ചുകൊണ്ട് മുന്നോട്ടുപോയാൽ, ആ ചരടിൽപിടിച്ച് പോയവഴിയേ പിന്നോട്ടു പോരാൻ സാധിക്കും എന്നതായിരുന്നു ആ സുന്ദരിയുടെ ഉപദേശം. അതിനായി ഒരു നൂലുണ്ട അവൾ തീസ്യസിനെ ഏല്പിക്കുകയും ചെയ്തു. തീസ്യസ് ആ നൂലുണ്ടയുമായി അകത്തുകടന്ന് മിനോട്ടറെ വധിക്കുകയും സുരക്ഷിതനായി പുറത്തുകടക്കുകയും ചെയ്തു എന്നാണ് പുരാണം പറയുന്നത്.
പുറമേനിന്നു വീക്ഷിക്കുന്പോൾ തീസ്യസ് വലിയ ധൈര്യശാലിയായിരുന്നെന്നു തോന്നാം. ഒരുപക്ഷേ അയാൾ അങ്ങനെതന്നെ ആയിരുന്നിരിക്കുകയും ചെയ്യാം. എങ്കിലും അയാളുടെ ആത്മവിശ്വാസത്തിന്റെ യഥാർഥ ഉറവിടം അയാളുടെ ദൗത്യബോധംതന്നെ ആയിരിക്കാനാണ് സാധ്യത. ആ ദൗത്യബോധം പ്രദാനംചെയ്യുന്നതാകട്ടെ സകല നന്മകളുടെയും ഉറവിടമായ ദൈവവും.
ബൈബിളിൽ നാം വായിക്കുന്ന മോശയുടെ കഥ ഈ യാഥാർഥ്യമാണ് വ്യക്തമാക്കുന്നത്. ഈജിപ്റ്റിൽ അടിമകളായിരുന്ന ഇസ്രായേൽകാരെ മോചിപ്പിക്കാൻ ദൈവം ചുമതലപ്പെടുത്തിയ നേതാവായിരുന്നു മോശ. എന്നാൽ മോശയ്ക്ക് അല്പംപോലും ആത്മവിശ്വാസം ഇല്ലായിരുന്നു. തന്മൂലം മോശ ദൈവത്തോടു പറഞ്ഞു: ""ഫറവോയുടെ അടുക്കൽ പോകാനും ഇസ്രായേൽ മക്കളെ ഈജിപ്റ്റിൽനിന്നു പുറത്തുകൊണ്ടുവരാനും ഞാൻ ആരാണ്?'' ഉടനെ ദൈവം പറഞ്ഞു: ""ഞാൻ നിന്നോടു കൂടെ ഉണ്ടായിരിക്കും''(പുറപ്പാട് 3:11-12).
ദൈവം മോശയോടൊപ്പം എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഈ സാന്നിധ്യമാണ് ഫറവോയെ നേരിടാനും ഇസ്രായേൽകാരെ ഈജിപ്റ്റിലെ അടിമത്തത്തിൽനിന്നു മോചിപ്പിക്കാനും മോശയെ സഹായിച്ചത്.
പതിനഞ്ചാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു ഗ്രാമീണ പെണ്കൊടിയായിരുന്നു ജോവാൻ ഓഫ് ആർക്ക് (1412-1431). അവൾക്ക് പതിനേഴു വയസുള്ളപ്പോൾ ദൈവം അവളെ ഒരു പ്രത്യേക ദൗത്യത്തിനായി വിളിച്ചു. ഫ്രാൻസിനെ ഇംഗ്ലണ്ടിന്റെ ആധിപത്യത്തിൽനിന്നു മോചിപ്പിക്കുക എന്നതായിരുന്നു ആ ദൗത്യം.
ദൈവം തന്നെ ഏല്പിച്ചിരിക്കുന്ന ദൗത്യത്തെക്കുറിച്ച് അവൾ ഫ്രാൻസിലെ ചാൾസ് ഏഴാമനുമായി സംസാരിച്ചു. സ്ഥാനഭൃഷ്ടനായിരുന്ന ആ രാജാവിന് അവളുടെ വാക്കുകളിൽ വിശ്വാസംവന്നു. യുദ്ധമുഖത്തേക്കുപോയി ഇംഗ്ലണ്ടിനെതിരേ പോരാടാൻ അദ്ദേഹം അവളെ അനുവദിച്ചു.
പടയാളികളുടെ യൂണിഫോം അണിഞ്ഞ് ജോവാൻ ഓർലിയൻസിലെ യുദ്ധമേഖലയിലെത്തി അവിടെയുണ്ടായിരുന്ന പടയാളികൾക്ക് ആത്മവിശ്വാസവും വിജയപ്രതീക്ഷയും നൽകി അവരോടൊപ്പം പോരാടി. ഒന്പതു ദിവസംകൊണ്ട് അവർ ഇംഗ്ലീഷുകാരെ അവിടെനിന്നു തുരത്തി. പിന്നീടുണ്ടായ മറ്റുചില വിജയങ്ങൾക്കുശേഷം ചാൾസ് ഏഴാമൻ വീണ്ടും ഫ്രാൻസിന്റെ രാജാവായി വാഴിക്കപ്പെട്ടു. അപ്പോൾ ജോവാൻ രാജാവിനോടൊപ്പം ഉണ്ടായിരുന്നു.
ജോവാൻ പിന്നീട് യുദ്ധത്തിൽ പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു എന്നത് ശരിയാണ്. അതു വേറൊരു കഥ. ആ കഥയിലേക്ക് ഇവിടെ കടക്കുന്നില്ല. എന്തായിരുന്നു പതിനേഴുകാരിയായ ഒരു ഗ്രാമീണ പെണ്കുട്ടിയുടെ അവിശ്വസനീയമായ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം? അതു ദൈവം അവൾക്കു നൽകിയ ദൗത്യബോധവും, ദൈവം ശക്തിപകർന്നുകൊണ്ട് തന്നോടൊപ്പം ഉണ്ട് എന്ന ഉറച്ച വിശ്വാസവുമായിരുന്നു.
ജീവിതത്തിൽ വിജയംവരിക്കുവാൻ നമുക്കുവേണ്ടതും ഇതുതന്നെയാണ്. നാം പ്രാപിക്കേണ്ട ലക്ഷ്യത്തെക്കുറിച്ചുള്ള ആത്മബോധവും, ദൈവം നമുക്കു ശക്തിപകർന്നുകൊണ്ട് നമ്മോടൊപ്പം ഉണ്ട് എന്ന ഉറച്ച ബോധ്യവും നമുക്കുണ്ടെങ്കിൽ നാം തീർച്ചയായും നമ്മുടെ ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യും. എന്നാൽ ആ ലക്ഷ്യം ദൈവത്തോടൊത്തുപോകുന്ന ലക്ഷ്യമായിരിക്കണമെന്നുമാത്രം.