സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്കുട്ടികളുടെ തൊഴിൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലുമുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിൽ...
നഗരത്തിലെ തിരക്കേറിയ നിരത്തിനരികെയുള്ള ബസ് സ്റ്റോപ്പിലെ സ്റ്റീൽ ബെഞ്ചിലിരുന്ന് ലാൽ ജോസ് പറയുകയാണ്...
ഈ അടുത്ത കാലത്തെങ്ങാനും നിങ്ങൾ ഈ വഴി കടന്നു പോയിട്ടുണ്ടോ? എങ്കിൽ തീർച്ചയായും നിങ്ങൾ അവളെ കണ്ടിട്ടുണ്ടാവും നമ്മുടെ സുജയെ. നിങ്ങൾ അവളെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പുറമെ കാണുന്നതു പോലെയല്ല, സുജയും അവളുടെ കൂട്ടുകാരിയും സഹപ്രവർത്തകയുമായ ഗ്ലൈനയും. പക്ഷേ, മഴ ചാറിയ ഒരു രാത്രിയിൽ അവർ ഓർക്കാൻ ആഗ്രഹിക്കാത്ത സംഭവം ഇവിടെ നടന്നു...
ഇതൊരു കഥയുടെ ആമുഖമാണ്. സുജയുടേയും ഗ്ലൈനയുടേയും ജീവിതത്തിലേക്ക് സോളമൻ കടന്നുവന്നതിനെക്കുറിച്ച്. പിന്നീട് ഇരുവരും സോളമന്റെ തേനീച്ചകളായി മാറിയതിനെക്കുറിച്ച്.
ആ തേനീച്ചകൾ തങ്ങളുടെ കഥ പറഞ്ഞു. കഥ കേട്ട സംവിധായകൻ അതൊരു ചലച്ചിത്ര കാവ്യമാക്കി. മധുരമായ മൂളിപ്പാട്ടു മൂളി സോളമന്റെ തേനീച്ചകൾ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. നായികാ നായകൻ എന്ന ടെലിവിഷൻ പരിപാടിയിലെ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളമന്റെ തേനീച്ചകൾ. തന്റെ തേനീച്ചകളുടെ കഥ പറയുകയാണ് ലാൽ ജോസ്...
കൊച്ചിയിലെ വനിതാ പോലീസുകാരാണ് സുജയും ഗ്ലൈനയും. സുജയ്ക്കു ട്രാഫിക്കിലും ഗ്ലൈനക്ക് ലോക്കൽ പോലീസ്സ്റ്റേഷനിലുമാണ് ഡ്യൂട്ടി. പോലീസ് ക്വാർട്ടേഴ്സിലെ രണ്ട് മുറി വീട്ടിലാണ് ഇരുവരും താമസക്കുന്നത്. പോലീസ് ട്രെയിനിംഗ് കാലംമുതൽ തുടങ്ങിയതാണ് ഇരുവരുടേയും ഗാഢ സൗഹൃദം.
ഡിറ്റക്ടീവ് സിനിമകളുടെ ആരാധികയായ ഗ്ലൈനക്ക് പോലീസ് ജോലി ഞരന്പിൽ പിടിച്ച ഇഷ്ടമാണ്. സുജയ്ക്കാകട്ടെ ഇതൊരു ഉപജീവനമാർഗം മാത്രം. രാപ്പകൽ റോഡിലെ പൊടിയും പുകയും സഹിച്ച് ചെയ്യുന്ന ട്രാഫിക് ജോലിയിൽനിന്ന് എങ്ങനെയെങ്കിലും സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മാറണമെന്നാണ് സുജയുടെ ആഗ്രഹം.
അതിനായുളള ശ്രമങ്ങൾക്കിടയിലാണ് നിരപരാധിയായ ശരത് എന്ന ചെറുപ്പക്കാരനെ സുജയ്ക്ക് അറസ്റ്റ് ചെയ്യേണ്ടിവരുന്നത്. തന്നെ കേസിൽ കുടുക്കാൻ ശ്രമിച്ച സുജയോടുളള ശരത്തിന്റെ ദേഷ്യം പിന്നീട് അവളെ അടുത്തറിയുന്പോൾ മാറുന്നു. റോഡിൽ എപ്പോഴും കണ്ടുമുട്ടുന്ന ട്രാഫിക് പോലീസുകാരിയുമായുള്ള അടുപ്പം പതിയെ പ്രണയമായി വളരുന്നു. ഇതിനിടയിൽ സുജക്ക് ആഗ്രഹിച്ചപോലെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മാറ്റം കിട്ടുന്നു.
സുജയുടേയും ഗ്ലൈനയുടേയും അവരുടെ സ്റ്റേഷൻ പരിധിയിൽ സംഭവിക്കുന്ന ഒരു കുറ്റകൃത്യം അന്വേഷിക്കാനാണ് സിഐ സോളമൻ എത്തുന്നത്. സോളമൻ നടത്തുന്ന അന്വേഷണം അതുവരെ ആർക്കുമറിയാതിരുന്ന രഹസ്യങ്ങൾ പുറത്ത് കൊണ്ടുവരുന്നു. അതോടെ സുജയുടേയും ഗ്ലൈനയുടേയും സൗഹൃദം ചോദ്യ ചിഹ്നമായി മാറുന്നു!
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ ഈ രണ്ട് യുവതികളുടെ തൊഴിൽ ജീവിതത്തിലും വ്യക്തിജീവിതത്തിലുമുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിൽ ലാൽ ജോസ് ചിത്രീകരിക്കുന്നത്. ജോജു ജോർജ് സിഐ സോളമനായും ശംഭു ശരത്തായും ദർശന സുദർശൻ സുജയായും വിൻസി അലോഷ്യസ് ഗ്ലൈനയായും സോളമന്റെ തേനീച്ചകളിലെത്തുന്നു.
തേനീച്ചകളുടെ മൂളിപ്പാട്ടുപോലെ ചിത്രത്തിന്റെ ഹൃദ്യമായ സംഗീതം ഒരുക്കുന്നത് വിദ്യാസാഗറാണ്. ലാൽ ജോസിനൊപ്പം നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിനു നൽകിയിട്ടുള്ള വിദ്യാ സാഗർ വീണ്ടും മാജിക് കാണിക്കുകയാണ് പുതിയ ചിത്രത്തിലൂടെ.
ജോണി ആന്റണി, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധർ, ബിനു പപ്പു, മണികണ്ഠൻ ആചാരി, ശിവജി ഗുരുവായൂർ, സുനിൽ സുഖദ, വി.കെ. ബൈജു, ശിവ പാർവതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജൻ തുടങ്ങിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്.
എൽജെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ സാബു നിർവഹിക്കുന്നു. തിരക്കഥ പി.ജി. പ്രഗീഷും ഒരുക്കുന്നു. സോളമന്റെ തേനീച്ചകൾ മലയാളക്കരയിലേക്ക് പറക്കാനൊരുങ്ങുകയാണ്. കൂടു തുറന്ന് ലാൽ ജോസും.