സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ നടത്തത്തിനും ആരെയും കുളിരു കോരിപ്പിക്കുന്ന ചിരിക്കും പഞ്ച് ഡയലോഗിനുമെല്ലാം മാറ്റ് കൂടിയതല്ലാതെ തെല്ല് കുറഞ്ഞിട്ടില്ല.
കോടികൾ വാരിക്കൂട്ടി ജയിലർ സിനിമ ഇപ്പോഴും തിയറ്ററിൽ തകർത്തോടുന്നതിന്റെ കാരണവും ഈ സിനിമാ കാരണവർ തന്നെ. ഇതിനോടകം 650 കോടിയോളം ജയിലർ പെട്ടിയിലാക്കിയതായാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഒടിടിയോട് ഇഷ്ട കൂടുതലുള്ള കാലത്ത് തിയറ്റർ പൂരപ്പറന്പാകാൻ ഒരൊറ്റ പേര് മതിയാരുന്നു "രജനികാന്ത്'. മുൻ തലമുറക്കാരുടെ വാഴ്ത്തലുകൾ കേട്ട് ആ സ്റ്റൈൽ ടിവിയിൽ കണ്ടാൽ പോരായെന്ന ഉറപ്പിച്ച ഇന്നത്തെ തലമുറയുടെ ആവേശത്തിന് രജനി പുതുമാനം നൽകി.
സിനിമയെന്ന കലാരൂപത്തോട് ഈ പ്രായത്തിലും കാട്ടുന്ന ആത്മാർഥത കൊണ്ട് മാത്രമാണ് തലമുറഭേദമന്യേ ഒരേ സ്വരത്തിൽ രജനിക്കായി ഇപ്പോഴും ആർപ്പുവിളികൾ ഉയരുന്നത്. തിയറ്ററിൽ നിലംതൊടാതെ പൊട്ടി ചിത്രങ്ങൾ ഒന്നൊന്നായി അരങ്ങൊഴിയുന്പോഴും ഒരുമാസത്തിലേറെയായി നിറഞ്ഞ സദസിൽ തലയുയർത്തി പ്രദർശനം തുടരുകയാണ് രജനിയുടെ ജയിലർ.
മോഹൻലാൽ ഉൾപ്പടെയുള്ള വന്പൻ താരനിര നിരന്നു നിന്നിട്ടും ജയിലറിൽ രജനി സ്റ്റൈൽ അത് വേറെ മാതിരിയെന്ന് ജനം പറയുന്നു.
എങ്ങനെ സാധിക്കുന്നു
ഈ പ്രായത്തിലും ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് പ്രേക്ഷകന്റെ ചോദ്യങ്ങൾക്കിടയിലൂടെ രജനി മാസായി ക്ലാസായി സ്റ്റൈലിഷായി വീണ്ടും കത്തിക്കയറുകയാണ്. ഒരാളുടെ പേര് പറയുന്പോൾ പിന്നെ കാണുന്പോൾ ആ "മുതൽ' പറയുന്ന ഓരോ ഡയലോഗിലും രോമാഞ്ചിഫിക്കേഷൻ ഉണ്ടാവുകയെന്നത് മായികാനുഭവമാണ്.
ആ മാജിക്കാണ് രജനി പ്രായത്തെ കടത്തിവെട്ടി ആസ്വാദകർക്ക് ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്നത്. ജയിലറായും കുടുംബനാഥനായും വിലസുന്ന ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെ ഉള്ള് കൊണ്ട് സ്വീകരിച്ച് രജനി നടത്തുന്ന പകർന്നാട്ടം ഇപ്പോഴും ബിഗ് സ്ക്രീനിനെ പ്രകന്പനം കൊള്ളിച്ച് കൊണ്ടിരിക്കുകയാണ്.
സ്റ്റൈൽ കിംഗ്
സംവിധായകൻ നെൽസൻ രജനിയുടെ സ്റ്റൈലിനെ പരമാവധി വിനിയോഗിച്ച് കൊണ്ട് ജയിലറൊരുക്കിയപ്പോൾ പ്രേക്ഷകർ അതൊരു ഉത്സവമാക്കി മാറ്റി. കുറെനാളായി ആസ്വാദകർ പ്രതീക്ഷിച്ചിട്ടും കിട്ടാത്ത "മാസ്' രജനി മരണമാസാക്കി.
കഥ മറന്ന് രജനിയുടെ ഓരോ വാക്കിനും നോക്കിനുമായി അവർ കാത്തിരിക്കുകയും ആർപ്പുവിളികളാലും വിസിലടികളാലും ആഘോഷമാക്കുകയും ചെയ്തു. സ്റ്റൈൽ കിംഗ് പട്ടം നാലുപതിറ്റാണ്ടിലേറെയായി ആർക്കും വിട്ടുകൊടുക്കാതെ തന്റെ കീശയിലാക്കി പ്രയാണം തുടരുകയാണ് രജനി.
ഡബിൾ കിക്ക്!
2021-ൽ ഇറങ്ങിയ അണ്ണാത്തെയിലും 2020-ൽ ഇറങ്ങിയ ദർബാറിലും കിട്ടാതെ പോയ "കിക്ക്' ജയിലറിൽ ഡബിൾ കിക്കാക്കി രജനി പ്രേക്ഷകർക്ക് നൽകി. കഥയ്ക്ക് വലിയ പുതുമയില്ലെങ്കിലും രജനിയുണ്ടെങ്കിൽ അതിനൊരു പുതുമയൊക്കെ താനെയങ്ങ് വന്നോളുമെന്നാണ് സംവിധായക പക്ഷം.
വൺ മാൻ ഷോ കാട്ടി തിയറ്റർ ഇളക്കി മറിക്കുകയെന്നത് ഇന്നത്തെ കാലത്ത് വലിയ പ്രയാസമാണ്. ആ സാഹസികത മറികടക്കാൻ സംവിധായകർക്കുള്ള പ്രതീക്ഷയാണ് രജനി. വന്പൻ താരങ്ങളുടെ പടങ്ങൾ പടാ പടാ പൊട്ടി പാളിസാകുന്ന കാലത്ത് രജനിയുടെ വൺമാൻ ഷോ ജയിലറിൽ വിജയിക്കാനുള്ള കാരണവും ആ സ്റ്റൈൽ തന്നെയാണ്.
പ്രേക്ഷകർ എക്കാലവും ആഗ്രഹിക്കുന്ന ആ സ്റ്റൈൽ രജനിയിൽ ഉണർത്തുന്ന പവറും വേറെ ലെവലാണ്. മാസായി രജനി സ്ക്രീനിൽ വിലസുന്പോൾ ആസ്വാദകരുടെ ഉള്ളിലേക്ക് മരണമാസ് പവറാണ് പ്രവഹിക്കുന്നത്.
വി. ശ്രീകാന്ത്