ക​ട​ലി​ന് ക​രു​ത​ൽ കടലാമ
2000 ജ​നു​വ​രി​യി​ലെ മ​ഞ്ഞു​പു​ത​ഞ്ഞ പു​ല​രി​യി​ൽ ആലപ്പുഴ തോ​ട്ട​പ്പ​ള്ളി​യി​ൽ പ​രി​ക്കു​ക​ളോ​ടെ കൂ​റ്റ​ൻ ക​ട​ലാ​മ ക​ട​ൽ​ത്തീര​ത്തു കി​ട​ന്നു. ചി​ത്രാ​ല​യ​ത്തി​ൽ സ​ജി ജ​യ​മോ​ഹ​ൻ എ​ന്ന പ്രീഡിഗ്രി വി​ദ്യാ​ർ​ഥി അ​വി​ടെ​യെ​ത്തു​ന്പോ​ൾ ക​ട​ലാ​മ​യെ എ​ങ്ങ​നെ ക​റി​യാ​ക്കാ​മെ​ന്ന ച​ർ​ച്ച​യിലാണ് പ​ല​രും. ആമ‍യെ എ​ങ്ങ​നെ​യും ര​ക്ഷി​ക്ക​ണ​മെ​ന്ന ആഗ്രഹത്തിൽ സു​ഹൃ​ത്ത് കൈ​ലാ​സു​മൊ​ത്ത് ആ​മ​യെ ഫൈ​ബ​ർ വ​ള്ള​ത്തി​ൽ ക​യ​റ്റി നൂ​റു മീ​റ്റ​ർ അ​ക​ലെ ക​ട​ലി​ൽ വി​ട്ടു. എ​ന്നാ​ൽ പി​റ്റേ​ന്ന് അ​തേ ക​ട​ലാ​മ​യു​ടെ ജ​ഡം തീ​ര​ത്ത​ടി​ഞ്ഞ​ത് വേ​ദ​ന​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു.
ക​ട​ലാ​മ​യും അ​തി​ന്‍റെ മു​ട്ട​യും ഭ​ക്ഷ്യ​യോ​ഗ്യ​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണം അ​ന്ന​വി​ടെ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. വെന്തു പാകമാകാൻ താ​മ​സ​മു​ള്ള​തി​നാ​ൽ കു​പ്പ​മു​ള്ള് പു​റ​ന്തോ​ടി​ൽ കു​ത്തി​യാ​ണ് തീ​ര​വാ​സി​ക​ൾ ക​ട​ലാ​മ​യു​ടെ മു​ട്ട പു​ഴു​ങ്ങുക. എ​ന്നാ​ൽ ഇ​വ​യെ കൊന്നു ഭ​ക്ഷി​ക്കു​ന്ന​തു കാ​ണു​ന്പോ​ൾ ആ​മ​യോ​ടു​ള്ള അ​നു​ക​ന്പ സ​ജിയുടെ മ​ന​സി​നെ അ​ല​ട്ടി​ക്കൊ​ണ്ടി​രു​ന്നു.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ പ​ട്ടി​ക ഒ​ന്നി​ൽ പ​രി​ഗ​ണ​ന​യു​ള്ള ജീ​വി​യാ​ണ് ക​ട​ലാ​മ​ എന്നറി​ഞ്ഞ​തോ​ടെ ആ​ല​പ്പു​ഴ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ക​ണ്‍​സ​ർ​വേ​റ്റ​ർ ശി​വ​ദാ​സി​നെ സ​മീ​പി​ച്ച​പ്പോ​ൾ വ​ലി​യ അ​റി​വു​ക​ളാ​ണ് പ​ക​ർ​ന്നു കി​ട്ടി​യ​ത്. നാ​ല​ടി​യി​ല​ധി​കം നീ​ള​വും 50 കി​ലോ​യി​ല​ധി​കം ഭാ​ര​വു​മു​ള്ള ക​ട​ലാ​മ ഒ​രേസ​മ​യം 100 മുതൽ 150 മു​ട്ട​വരെ ഇടും. തീ​ര​ത്തു​നി​ന്ന് അ​ൽ​പം കയ​റി മ​ണ​ലി​ൽ കു​ഴി​യൊ​രു​ക്കി രാ​ത്രി​യി​ലാ​ണ് മു​ട്ട​യി​ടുക. ക​ട​ലാ​മ ശ​പി​ക്കു​മെ​ന്ന വി​ശ്വാ​സ​ം പ്രചാര ത്തിലുള്ളതിനാൽ ഒ​രു മു​ട്ട മാ​ത്രം അ​വി​ടെ കരുതിവ​ച്ച ശേ​ഷം ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു തീ​ര​ത്തെ പ​തി​വ്. കാത്തിരിപ്പിനൊടുവിൽ ഒ​രു കുഴിയിൽ ആ​രോ കരുതിവച്ച ഒ​രു മു​ട്ട സ​ജി​ക്കു ല​ഭി​ക്കു​ന്ന​ത് 2007ലാ​ണ്. പി​ന്നീ​ട് എ​ട്ടു മു​ട്ട​ക​ൾ​കൂ​ടി ല​ഭി​ച്ച​തി​ൽ അ​ഞ്ചെ​ണ്ണം വി​രി​ഞ്ഞു​കി​ട്ടി. ഇ​വ​യെ ക​ട​ലി​ലേ​ക്ക് യാ​ത്ര​യാ​ക്കി​കൊ​ണ്ടാ​യി​രു​ന്നു സജിയുടെ ക​ട​ലാ​മ സം​ര​ക്ഷ​ണ​ത്തി​നു തു​ട​ക്കം.

ഗ്രീ​ൻ റൂ​ട്ട്സ് ഫോ​റം

ക​ട​ലാ​മ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്തങ്ങൾ ത​നി​യെ സാ​ധ്യ​മ​ല്ലെ​ന്നു സ​ജി​ക്കു മ​ന​സി​ലാ​യി​തോ​ടെ സ​മാ​ന​ചി​ന്താ​ഗ​തി​ക്കാ​രെ ഒപ്പം കൂട്ടി തോ​ട്ട​പ്പ​ള്ളി​യി​ൽ ഗ്രീ​ൻ റൂ​ട്ട്സ് നേ​ച്ച​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ ഫോ​റം രൂ​പീ​ക​രി​ച്ചു. ക​ട​ലാ​മ​ക​ൾ​ക്ക് മു​ട്ട​യി​ടാ​ൻ സു​ര​ക്ഷി​ത തീ​ര​മൊ​രു​ക്കി കാ​ത്തി​രി​ക്കു​ന്ന ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യി അ​തു​ വളർന്നു. ഒ​ന്പ​തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​വ​ർ വി​രി​യി​ച്ച് കടലിൽ ഇറക്കിവിട്ടത് പ​തി​നാ​യി​ര​ത്തോ​ളം ക​ട​ലാ​മക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ്.
ക​ട​ല​മ്മ വിഭവങ്ങൾ തന്നു ക​നി​യ​ണ​മെ​ങ്കി​ൽ ക​ട​ലാ​മ വേ​ണ​മെ​ന്ന പ​ഠ​ന​ത്തി​ലാ​ണ് ഇ​വ​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. മ​ത്സ്യ​സ​ന്പ​ത്തി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് ക​ട​ൽച്ചൊ​റി​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജെ​ല്ലി​ഫി​ഷ്. വി​രി​ഞ്ഞി​റ​ങ്ങു​ന്ന മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ പ്ര​ത്യേ​ക രീ​തി​യി​ൽ പി​ടി​കൂ​ടി ജ്യൂ​സ് പ​രു​വ​ത്തി​ൽ ഭ​ക്ഷി​ച്ചാ​ണ് ജെ​ല്ലി​ഫി​ഷ് വ​ള​രു​ന്ന​ത്. സ്രാ​വു​ക​ളും ക​ട​ലാ​മ​ക​ളു​മാ​ണ് ജെ​ല്ലി​ഫി​ഷി​നെ തി​ന്നു ന​ശി​പ്പി​ച്ച് മ​ത്സ്യ​സ​ന്പ​ത്തി​നെ സം​ര​ക്ഷി​ക്കു​ന്ന​തും സ​ന്പ​ന്ന​മാ​ക്കു​ന്ന​തു​മെ​ന്ന​ത് വ​ലി​യ അ​റി​വാ​യി​രു​ന്നു.

മ​ത്സ്യ​ങ്ങ​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​വും ദ്വീ​പു​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് അ​ടി​സ്ഥാ​ന​വു​മാ​ണ് ക​ട​ലി​ലെ പ​വി​ഴ​പ്പു​റ്റു​ക​ൾ. ഇ​വ​യു​ടെ വ​ള​ർ​ച്ച​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന സ്പോ​ഞ്ചു​ക​ളു​ടെ അ​മി​ത വ​ള​ർ​ച്ച​യെ നി​യ​ന്ത്രി​ക്കു​ന്ന​തും ക​ട​ലാ​മ​ക​ളാ​ണ്. മ​ത്സ്യ​ങ്ങ​ളെ സം​ര​ക്ഷി​ച്ച് അ​വ​യ്ക്ക് കൂ​ടൊ​രു​ക്കു​ന്ന ക​ട​ലാ​മ​യു​ടെ പ്ര​ാധാ​ന്യം വ്യക്തമാക്കി‍യാൽ തീ​ര​മൊ​ന്നാ​കെ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ഈ ​കൂ​ട്ടാ​യ്മ​ക്ക് ഉ​റ​പ്പാ​യി​രു​ന്നു. ക​ട​ലാ​മ​യു​ടെ മാം​സ​വും മു​ട്ട​യും ക​ഴി​ക്കു​ന്ന ശീ​ല​ത്തി​ൽ​നി​ന്ന് ദേശവാസികളെ എ​ങ്ങ​നെ പി​ന്തി​രി​പ്പി​ക്കു​മെ​ന്ന​ത് പ്ര​ശ്ന​മാ​യി. ക​ട​ലാ​മയുടെ മു​ട്ട​യി​ൽ മ​നു​ഷ്യ​ന് ദോ​ഷ​ക​ര​മാ​യി​ട്ടു​ള്ള നി​ര​വ​ധി വി​ഷ​ലോ​ഹ​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന പ​ഠ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. മു​ട്ട ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ർ​ഥി​ക്കാ​നാ​യ​തും സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗം വ​ർ​ധി​പ്പി​ച്ചു.
ഗ്രീ​ൻ റൂ​ട്ട്സ് പ്ര​വ​ർ​ത്ത​ക​ർ വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി​യാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. ക​ട​ലാ​മ മു​ട്ട​യി​ട്ട​താ​യ വി​വ​രം അ​റി​യി​ക്കു​ന്ന​വ​ർ​ക്ക് ആ​യി​രം രൂ​പ സ​ർ​ക്കാ​ർവക പാ​രി​തോ​ഷി​കം ന​ൽ​കി​ തു​ട​ങ്ങി​യ​തും ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നി​ട​യാ​ക്കി. വ​നം​വ​കു​പ്പ് സ​ഹാ​യ​ത്തോ​ട തോ​ട്ട​പ്പ​ള്ളി​യിൽ ക​ട​ലാ​മ ഹാ​ച്ച​റി തു​ട​ങ്ങു​ന്ന​തി​ൽവ​രെ​യെ​ത്തി ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം.

തെ​ക്ക​ൻ തീ​ര​ത്ത് ക​ട​ലാ​മ​ക​ളു​ടെ പ്ര​ധാ​ന പ്ര​ജ​ന​ന​മേ​ഖ​ല​യാ​ണ് തോ​ട്ട​പ്പ​ള്ളി മു​ത​ൽ പ​ല്ല​ന വ​രെ 1.8 കി​ലോ​മീ​റ്റ​ർ തീരം. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് 22 കി​ലോ​മീ​റ്റ​ർ മാ​റി​യു​ള്ള പ്രദേശം. പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല​യാ​റു​ക​ളു​ടെ സം​ഗ​മ​തീ​രം. അ​തി​നാ​ൽത​ന്നെ ഇ​വി​ട​ത്തെ ജൈ​വ​വൈ​വി​ധ്യ​ത്തി​നു വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.
ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ജീ​വി വ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ട​ലാ​മ​ക​ൾ. ജ​ന​നം മു​ത​ൽ അ​നാ​ഥ​രാ​യി ജീ​വി​ത​കാ​ലത്ത് യാ​ത്ര​ചെ​യ്യു​ന്ന സ​വി​ശേ​ഷ പ്ര​കൃ​തം. ലോ​ക സ​ഞ്ചാ​രി​യാ​ണെ​ങ്കി​ലും ജ​നി​ച്ച തീ​ര​ത്തുത​ന്നെ പ്ര​ജ​ന​ന​ത്തി​നാ​യി തി​രി​കെ​യെ​ത്തു​ന്നു​വെ​ന്ന​താ​ണ് ഇ​വ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് മു​ത​ൽ മാ​ർ​ച്ചുവ​രെ​യാ​ണ് ക​ട​ലാ​മ​ക​ളു​ടെ പ്ര​ജ​ന​ന​​മെ​ങ്കി​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഇതിന് മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്നു​ണ്ട്. ക​ട​ലാ​മ​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ൻ 15 മു​ത​ൽ 18 വ​രെ വ​ർ​ഷം വ​രെ വേ​ണ്ടി​വ​രും. ഇ​ണ ചേ​ർ​ന്ന​തി​നു ശേ​ഷം പെ​ണ്‍​ക​ട​ലാ​മ​ക​ൾ മാ​ത്ര​മാ​ണ് രാ​ത്രി​ മു​ട്ട​യി​ടാ​നാ​യി ക​ര​യി​ലേ​ക്കെ​ത്തു​ന്ന​ത്. തീരത്ത് മ​ണ​ലി​ൽ അ​നു​യോ​ജ്യ​ ഇ​ടം ക​ണ്ടെ​ത്തി ഒ​ന്ന​ര അ​ടി​യോ​ളം ആഴത്തിൽ കു​ഴി​യും കൂ​ടു​മു​ണ്ടാ​ക്കി മു​ട്ട​യി​ട്ട് മ​ട​ങ്ങും. അ​മ്മ ക​ട​ലാ​മ അ​ട​യി​രി​ക്കു​ക​യോ കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി കാ​ത്തു​നി​ൽ​ക്കു​ക​യോ ചെ​യ്യി​ല്ല. മ​ണ്ണി​ന്‍റെ സ്വാ​ഭാ​വി​ക ചൂ​ടേ​റ്റാ​ണ് 45 മു​ത​ൽ 60 വ​രെ ദി​വ​സ​ത്തി​നു​ള്ളി​ൽ മു​ട്ട​ക​ൾ വി​രി​യു​ക.

ഇ​ന്ത്യ​ൻ തീ​ര​ത്തെ​ ക​ട​ലാ​മ ഇ​ന​ങ്ങ​ൾ

കേ​ര​ള​തീ​ര​ങ്ങ​ളി​ൽ ധാ​രാ​ള​മാ​യി എ​ത്തു​ന്ന ഒ​ലീ​വ് റി​ഡ്‌ലി ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ കാ​ണു​ന്ന ഗ്രീ​ൻ ട​ർ​ട്ടി​ൽ, ഹോ​ക്സ് ബി​ൽ, കോ​ലാ​മ എ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വി​ളി​ക്കു​ന്ന ല​ത​ർ ബാ​ക്ക്, ലോ​ഗ​ർ ഹെ​ഡ് എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യി​ൽ കാ​ണ​പ്പെ​ടു​ന്ന ഇ​ന​ങ്ങ​ൾ. ഇ​തി​ൽ ല​ത​ർ ബാ​ക്ക് ഇ​ന​മാ​ണ് ഏ​റ്റ​വും വ​ലി​പ്പ​മു​ള്ള​ത്. നാ​ല​ടി വീ​തി​യി​ലും ആ​റ​ടി നീ​ള​ത്തി​ലു​മു​ള്ള ഇ​വ​യ്ക്ക് 500 കി​ലോ വ​രെ ഭാ​രം വ​രാം. ഏ​റ്റ​വും കൂ​ടു​ത​ൽ ജെ​ല്ലി ഫി​ഷി​നെ തി​ന്നു​ന്ന​തും കോ​ലാ​മ​യാ​ണ്. ദി​വ​സം 200 കി​ലോ ജെ​ല്ലി ഫി​ഷി​നെ ഇ​വ തി​ന്നൊ​ടു​ക്കും.

580 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന കേ​ര​ള​തീ​ര​ത്ത് ക​ട​ലാ​മ​യ്ക്കു മു​ട്ട​യി​ടാ​ൻ അ​നു​യോ​ജ്യ​മാ​യ തീ​ര​ങ്ങ​ളു​ടെ കു​റ​വ് പ്ര​ജ​ന​ന​ത്തെ പ്ര​തി​കൂ​ല​മാ​ക്കു​ന്നു​ണ്ടെ​ന്ന് ഗ്രീ​ൻ റൂ​ട്സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. മാം​സ​ത്തി​നാ​യി വേ​ട്ട​യാ​ടു​ന്ന​തും മു​ട്ട​ക​ൾ ഭ​ക്ഷ​ണ​മാ​ക്കു​ന്ന​തും വം​ശ​നാ​ശ​ത്തി​നു ആ​ക്കം കൂ​ട്ടു​ന്നു. ക​ട​ലി​ലെ പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ​വും ക​ട​ലി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ളും ഇ​വ​യ്ക്കു വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു.
അ​ന​ധി​കൃ​ത മ​ണ​ൽഖ​ന​ന​ം മൂ​ലം കേ​ര​ള​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ ചു​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. തെ​രു​വു​നാ​യ്ക്ക​ൾ മു​ട്ട​ക​ൾ തി​ന്നു ന​ശി​പ്പി​ക്കു​ന്ന​തും മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്. ഇ​രു​ളി​ന്‍റെ മ​റ​വി​ലാ​ണ് ക​ട​ലാ​മ​ക​ൾ മു​ട്ട​യി​ടാ​നാ​യി തീ​ര​ത്തെ​ത്തു​ന്ന​ത്. രാ​ത്രി​യോ പു​ല​ർ​ച്ച​യോ ആ​ണ് മു​ട്ട​ക​ൾ വി​രി​യു​ക. വി​രി​ഞ്ഞി​റ​ങ്ങു​ന്ന കു​ഞ്ഞു​ങ്ങ​ൾ ച​ന്ദ്ര​പ്ര​കാ​ശ​ത്തെ​യും ക​ട​ലി​ലെ അ​ര​ണ്ട വെ​ളി​ച്ച​ത്തെ​യും ല​ക്ഷ്യ​മാ​ക്കി​യാ​ണ് ക​ട​ലി​ലേ​ക്കു യാ​ത്ര​ചെ​യ്യു​ക. എ​ന്നാ​ൽ തെ​രു​വുവി​ള​ക്കു​ക​ളോ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളോ ഉ​ണ്ടെ​ങ്കി​ൽ ​കു​ഞ്ഞു​ങ്ങ​ൾ ആ ​പ്ര​കാ​ശം ല​ക്ഷ്യ​മാ​ക്കി യാ​ത്ര​ചെ​യ്യും. വ​ഴി തെ​റ്റി ചാ​കു​ക​യോ ശ​ത്രു​ക്ക​ളു​ടെ ഭ​ക്ഷ​ണ​മാ​കു​ക​യോ ചെ​യ്യും.

മു​ട്ട​യി​ട്ട സ്ഥ​ല​ത്തു​ത​ന്നെ മു​ട്ട​ക​ളെ സം​ര​ക്ഷി​ക്കു​ക​യെ​ന്ന​ത് ചെ​റി​യ തീ​ര​ങ്ങ​ളി​ൽ വെ​ല്ലു​വി​ളി​യാ​ണ്. വേ​ലി​യേ​റ്റത്തിൽ ക​ട​ൽ ക​ര​യി​ലേ​ക്ക് ക​യ​റു​ക​യും കൂ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്താ​ൽ മു​ട്ട​ക​ൾ ന​ശി​ക്കാ​നി​ട​യു​ണ്ട്. അ​തി​നാ​ലാ​ണ് മു​ട്ട​ക​ൾ സു​ര​ക്ഷി​ത​മാ​യ തീ​ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി വി​രി​യാ​ൻ വ​യ്ക്കു​ന്ന​ത് . വി​രി​ഞ്ഞി​റ​ങ്ങു​ന്നവയെ അ​പ്പോ​ൾ ത​ന്നെ ക​ട​ലി​ലേ​ക്ക് യാ​ത്ര​യാ​കു​ക​യാ​ണ് ക​ട​ലാ​മ​ക​ളു​ടെ ഈ ​ക​രു​ത​ൽ​ക്കൂ​ട്ടാ​യ്മ.

ടോം ​ജോ​ർ​ജ്