പാട്ടായ പ്രണയലേഖനം
Sunday, April 23, 2023 12:19 AM IST
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ ബസ് കണ്ടക്ടറുടെ പണി. ഒരു മാസം ജോലിയെടുത്താൽ കിട്ടുന്ന പ്രതിഫലം കേൾക്കൂ- പതിനൊന്നു രൂപ! കവിയരങ്ങുകളിൽ പങ്കെടുത്താണ് അയാൾ തന്റെയുള്ളിലെ കവിയെ സാന്ത്വനിപ്പിച്ചുകൊണ്ടിരുന്നത്. ഭാഗ്യത്തിനൊരുനാൾ അയാളെ നടനും ചലച്ചിത്രകാരനുമായ പൃഥ്വിരാജ് കപൂർ കണ്ടുമുട്ടി. അദ്ദേഹം അയാളെ മകൻ രാജ് കപൂറിനു പരിചയപ്പെടുത്തി... സിനിമ അയാളെ ഗാനരചയിതാവ് ഹസ്രത് ജയ്പുരി ആക്കി...
തന്റെ ഗംഭീരമായ കഴിവ് വേണ്ടവിധം ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിന് അറിയില്ലായിരുന്നു. രാജ് കപൂർ സാബിന്റെ ഇഷ്ടപ്പെട്ട ഗാനരചയിതാവായിരുന്നു ഹസ്രത് സാബ് എന്ന് അധികമാരും തിരിച്ചറിഞ്ഞുമില്ല.
ആർകെ ഫിലിംസിനുവേണ്ടി ഒട്ടേറെ സൂപ്പർഹിറ്റ് ഗാനങ്ങൾ എഴുതിയത് അദ്ദേഹമാണ്. അവയിലേറെയും പാടാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു- ഇതു പറഞ്ഞത് ലതാ മങ്കേഷ്കറാണ്. ഹസ്രത് ജയ്പുരിയുടെ വരികൾക്കു സുന്ദരമായ ജീവൻ പകർന്ന ഇന്ത്യയുടെ വാനന്പാടി.
സ്നേഹപൂർവമുള്ള കുറ്റപ്പെടുത്തലായിരുന്നു ഈ വാക്കുകളിൽ പകുതിയും. അവിടവിടെ പേരു കേൾപ്പിച്ചു എന്നതൊഴിച്ചാൽ അർഹിക്കുന്ന അംഗീകാരങ്ങൾ ഒട്ടുമിക്കവയും ഹസ്രത് ജയ്പുരിയെ തേടിയെത്തിയില്ല.
ഇപ്പോഴിതാ ഒരു പാട്ട് ചർച്ചയിൽ വരുന്നു. രാം തേരി ഗംഗാ മൈലി എന്ന ചിത്രത്തിലെ സുൻ സാഹിബാ സുൻ എന്ന ഹിറ്റ് ഗാനത്തിന് ഈണമിട്ടത് ഹസ്രത് ജയ്പുരിയാണോ എന്നാണ് ചോദ്യം. ഹിന്ദിയിലെ ചില പ്രഗത്ഭരായ ഗാനഗവേഷകർ പറയുന്നു അതേ എന്ന്! ആ സിനിമ യാഥാർഥ്യമാകുന്നതിനു വളരെ വർഷങ്ങൾക്കുമുന്‍പ് ജയ്പുരി രാജ് കപൂറിനു നൽകിയതാണത്രേ ഈ പാട്ടിന്റെ ഈണം- മറ്റൊരു ചിത്രത്തിനുവേണ്ടി. എന്നാൽ അന്നത് ഉപയോഗിച്ചില്ല.
രാം തേരി ഗംഗാ മൈലി എടുത്ത വേളയിൽ രാജ് കപൂർ ആ ഈണം സംഗീത സംവിധായകൻ രവീന്ദ്ര ജെയിനിനു കൊടുക്കുകയായിരുന്നത്രേ. ഹസ്രത് ജയ്പുരിയെ ഹിന്ദി സിനിമാലോകം പലപ്പോഴും മതിപ്പുകുറച്ചു കണ്ടുവെന്നതിന് ഇതും ഒരു തെളിവാണ്.
പ്രണയലേഖനം
ഇഖ്ബാൽ ഹുസൈൻ എന്നായിരുന്നു ഹസ്രത് ജയ്പുരിയുടെ ആദ്യത്തെ പേര്. മീഡിയം ലെവൽ വരെ സ്കൂൾ വിദ്യാഭ്യാസം നേടിയശേഷം അമ്മയുടെ പിതാവും കവിയുമായ ഫിദാ ഹുസൈനിൽനിന്ന് ഉറുദുവും പേർഷ്യനും പഠിച്ചു. വൈകാതെ കവിതകൾ എഴുതിത്തുടങ്ങി. കവിതയ്ക്കൊപ്പം ഒരു പ്രണയവും വന്നു. അയൽപ്പക്കത്തെ രാധ എന്ന പെണ്കുട്ടിയോടായിരുന്നു ആ ഇഷ്ടം.
പിൽക്കാലത്ത് ഒരഭിമുഖത്തിൽ ഹസ്രത് ആ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്: ഒരു മുസ്ലിം ആണ്‍കുട്ടി ഒരു മുസ്ലിം പെണ്‍കുട്ടിയുമായി മാത്രമേ പ്രണയത്തിലാകാവൂ എന്നു നിബന്ധനയൊന്നുമില്ലല്ലോ. എന്റെ പ്രണയം നിശബ്ദമായിരുന്നു. പക്ഷേ ഞാൻ അവൾക്കൊരു പ്രണയലേഖനം എഴുതിയിരുന്നു- യേ മേരാ പ്രേം പത്ര് പഠ് കർ, കെ തും നാരാസ് നാ ഹോനാ...
കവിയുടെ പ്രണയലേഖനം രാധ എന്ന ആ പെണ്‍കുട്ടിക്കു ലഭിച്ചിരുന്നോ എന്നൊന്നും അറിയില്ല. എന്നാൽ രാജ് കപൂറിന് ആ വരികൾ ഒരുപാട് ഇഷ്ടമായി. തന്റെ സംഗം (1964) എന്ന ചിത്രത്തിൽ അതൊരു പാട്ടായി ഉപയോഗിക്കുകയും അതു സൂപ്പർ ഹിറ്റാവുകയും ചെയ്തു.
ലതയുടെ പാട്ടുകൾ
യേ മേരാ പ്രേം പത്ര് മുഹമ്മദ് റഫി പാടി അനശ്വരമാക്കിയ പാട്ടാണ്. എന്നാൽ അതിന്റെ അവസാനഭാഗത്ത് ലതാ മങ്കേഷ്കറുടെ ശബ്ദമുണ്ട്- സിനിമയിൽ മാത്രം. റെക്കോർഡിംഗുകളിൽ അതു കേൾക്കാനാവില്ല. പാട്ടിൽ ലതയുടെ ശബ്ദം വേണമെന്ന് ഹസ്രത് നിർബന്ധംപിടിക്കുകയായിരുന്നത്രേ.
രാധ എന്ന പെണ്‍കുട്ടിക്കു വേണ്ടി എഴുതിയ വരികളാണെന്നു നേരത്തേ കണ്ടു. ചിത്രത്തിലെ നായിക വൈജയന്തിമാലയുടെ കഥാപാത്രത്തിന്റെ പേര് രാധ എന്നായത് യാദൃച്ഛികമാകാനിടയില്ല!
ജിയാ ബേഖരാർ ഹേ, ഛായീ ബഹാർ ഹേ എന്ന വരികൾ ഹസ്രത് എഴുതിയത് രാജ് കപൂറിന്റെ ബർസാത് (1949) എന്ന ചിത്രത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള കടന്നുവരവായിരുന്നു അത്. ലതാ മങ്കേഷ്കറുടെ തുടക്കകാലം. ഈ പാട്ട് അവർക്കു നേടിക്കൊടുത്തത് തിളക്കമുള്ള വഴിത്തിരിവായിരുന്നു.
തന്റെ കരിയറിൽ ഈ പാട്ടും, ഹസ്രത് ജയ്പുരിയും ചെയ്ത നിർണായക സഹായം ലതാ മങ്കേഷ്കർ എക്കാലവും ഓർമിച്ചിരുന്നു.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ചിലത് ഹസ്രത് സാബ് എഴുതിയവയാണ്. ജംഗ്ലീ എന്ന ചിത്രത്തിലെ എഹ്സാൻ തേരാ ഹോഗാ മുജ്പർ എന്നത് എന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന പാട്ടാണ്. ആർസൂവിലെ അജീ രൂഠ് കർ അബ് കഹാം ജായിയേഗാ ആണ് മറ്റൊന്ന്.
പഗ്ലാ കഹീ കാ എന്ന ചിത്രത്തിലെ തും മുജ്ഹേ യൂം ഭുലാ ന പാവോഗേ ആണ് ഇഷ്ടഗാനങ്ങളിൽ അടുത്തത്. ഈ അനശ്വര ഗാനങ്ങളെല്ലാം റഫി സാബും ഞാനും വ്യത്യസ്ത പതിപ്പുകളിൽ പാടിയിട്ടുണ്ട്.
സ്ത്രീയുടെയും പുരുഷന്റെയും വീക്ഷണകോണുകളിൽനിന്ന് പ്രണയത്തെക്കുറിച്ച് ഒരേപോലെ അപൂർവ ഭംഗിയോടെയും വാക്ചാതുര്യത്തോടെയും എഴുതാൻ ഹസ്രത് സാബിനു പ്രത്യേക കഴിവുണ്ടായിരുന്നു- ലതാ മങ്കേഷ്കർ ഓർമിച്ചതിങ്ങനെ.
കവിതയും ജീവിതവും
ലാളിത്യവും ഭാവപൂർണിമയുമാണ് ഹസ്രത് ജയ്പുരിയുടെ വരികളിൽ തിളങ്ങിയിരുന്നത്. ഉറുദു കവിയായിരുന്നിട്ടും പാട്ടുകളിൽ അലങ്കാരത്തിന് ഉറുദു വാക്കുകൾ തിരുകിക്കയറ്റാറില്ല. ഹിന്ദിയും ഉറുദുവും ഒരിക്കലും വേർപിരിക്കാനാവാത്ത രണ്ടു സഹോദരിമാരാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കേൾവിക്കാരോടു നേരിട്ടു സംസാരിക്കുന്ന, ആർക്കും പിടികിട്ടുന്ന വാക്കുകളാൽ അദ്ദേഹം സുന്ദരഗാനശില്പങ്ങളൊരുക്കി. ഹിന്ദിയിലെ സമകാലീന ഗാനരചയിതാവായ ശൈലേന്ദ്ര തീസ്രീ കസം എന്ന സിനിമ നിർമിച്ചപ്പോൾ പാട്ടെഴുതാൻ ക്ഷണിച്ചത് ഹസ്രത് ജയ്പുരിയെയാണെന്നും ഓർക്കുക.
1971ലാണ് ജയ്പുരി അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും കരിയറിന്റെയും സിഗ്നേച്ചർ ട്യൂണ്‍ എന്നു വിശേഷിപ്പിക്കാവുന്ന വരികൾ എഴുതിയത്. രമേഷ് സിപ്പിയുടെ അന്താസ് എന്ന ചിത്രത്തിനുവേണ്ടി ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള പാട്ടാണ് വേണ്ടിയിരുന്നത്.
ഗാനരംഗത്തിൽ വരുന്നത് സൂപ്പർ സ്റ്റാർ രാജേഷ് ഖന്ന. സിന്ദഗി ഇക് സഫർ ഹേ സുഹാനാ, യഹാ കൽ ക്യാ ഹോ കിസ്നേ ജാനാ എന്ന എക്കാലത്തെയും മനോഹരമായ ശക്തമായ വരികളാണ് ഹസ്രത് ജയ്പുരി എഴുതിയത്. കിഷോർ കുമാറിന്റെ ശബ്ദത്തിലുള്ള പാട്ട് ഇന്നും സൂപ്പർ ഹിറ്റ്.
ഹസ്രത് ജയ്പുരി തന്റെ സന്പാദ്യമത്രയും റിയൽ എസ്റ്റേറ്റിലും വാടകയ്ക്കു കൊടുക്കാനുള്ള കെട്ടിടങ്ങളിലും നിക്ഷേപിച്ചത് ഭാര്യയുടെ ഉപദേശപ്രകാരമാണ്. ജീവിതം അല്ലലില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തെ സഹായിച്ചതും അതായിരുന്നു. ജയ്പുരിയുടെ 101-ാം ജന്മവാർഷിക മായിരുന്നു കഴിഞ്ഞ 15ന്.
ഹരിപ്രസാദ്