ചെങ്കോട്ടയിലെ കൊടിയേറ്റം
Sunday, August 13, 2023 2:05 AM IST
1638ൽ ഷാജഹാൻ മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെയാണ് യമുനാതീരത്ത് പ്രതാപം വിളിച്ചറിയിക്കുന്ന ചെങ്കോട്ടയുടെ നിർമാണം തുടങ്ങിയത്. താജ് മഹൽ ശിൽപിയായ ഉസ്താദ് അഹമ്മദ് ലഹോറിതന്നെയാണ് ചെങ്കോട്ടയും രൂപകല്പന ചെയ്തത്.
1947ലെ സ്വാതന്ത്ര്യ പുലരിയിൽ ദേശീയ പതാക ഡൽഹിയിലെ ചെങ്കോട്ടയ്ക്കു മുകളിൽ ഉയർത്താൻ കാരണങ്ങൾ പലതായിരുന്നു. ഒന്ന് ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വതന്ത്രമായ ഭാരതത്തിന്റെ ത്രിവർണപതാക നൂറടിയോളം ഉയരത്തിൽ പാറുന്പോൾ അത് തലസ്ഥാനനഗരിയിൽ തന്പടിച്ചിരുന്ന അനേകായിരങ്ങൾക്ക് അഭിമാന കാഴ്ചയായി ആസ്വദിക്കാം. മാത്രമല്ല 1857ലെ ഒന്നാം സ്വാതന്ത്ര്യസമര മുന്നേറ്റത്തിൽ നിരവധിയായ സംഭവങ്ങളുടെ ഇടവുമായിരുന്നു ചെങ്കോട്ട.
മുഗൾ ഭരണാധികാരി ഷാജഹാന്റെ വിസ്മയ നിർമിതികളിലൊന്നായ ചുവപ്പുകോട്ട മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽനിന്ന് ബ്രിട്ടീഷ്കാർ അധീനതയിലാക്കുകയായിരുന്നു. തളരാത്ത സഹനസമരങ്ങളിലൂടെ ബ്രിട്ടീഷ് അധീനതയിൽനിന്നു ചരിത്രസ്മാരകം തിരികെ കിട്ടിയതിന്റെ സൂചകവുമായിരുന്നു ചെങ്കോട്ടയ്ക്കു മുകളിലെ കൊടിയേറ്റം.
ഏഴര പതിറ്റാണ്ടായി ഓരോ സ്വാതന്ത്ര്യദിനത്തിലും ചെങ്കോട്ടയിലെ ലാഹോറി ഗേറ്റിനു മുകളിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്പോൾ അതു ദേശത്തിനും ജനതയ്ക്കും വൈകാരികമായ അനുഭവമാണ് പകരുന്നത്.
യമുനാതീരത്ത് രണ്ടര കിലോമീറ്റർ ചുറ്റളവിൽ ചുവന്ന മണൽക്കല്ല് പൊതിഞ്ഞ ഈ കൂറ്റൻ കോട്ടയ്ക്കുള്ളിലായിരുന്നു പതിനേഴാം നൂറ്റാണ്ടുമുതൽ മുഗൾ പ്രതാപികളുടെയും ഭരണാധികാരികളുടെ വാസം. ഒപ്പം ഭരണകേന്ദ്രവും. 1638 മേയ് മൂന്നിന് ഷാജഹാൻ ചക്രവർത്തി തുടങ്ങിയ നിർമാണം 1648 ഏപ്രിൽ ആറിന് പൂർത്തിയായി.
ലാൽ ക്വില എന്നും അറിയപ്പെടുന്ന ചെങ്കോട്ട കെട്ടിപ്പൊക്കാൻ രാജസ്ഥാനിൽനിന്നുള്ള ചുവപ്പ് ആഗ്നേയശിലകൾ അഥവാ മണൽക്കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എട്ടു വർഷത്തോളം വിവിധയിടങ്ങളിൽനിന്നുള്ള അനേകായിരം വിദഗ്ധതൊഴിലാളികളെ യമുനാതീരത്ത് പാർപ്പിച്ച് രാപകൽ നടത്തിയ അധ്വാനഫലം.
75 മീറ്റർ ഉയരമുള്ള കോട്ടയ്ക്കുള്ളിൽ 225 ഏക്കറുകളിലാണ് ഇസ്ലാമിക്, പേർഷ്യൻ, ഇന്ത്യൻ നിർമാണ രീതികളുടെ സമന്വയം. 1638ൽ ഷാജഹാൻ മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെയാണ് യമുനാതീരത്ത് പ്രതാപം വിളിച്ചറിയിക്കുന്ന ചെങ്കോട്ടയുടെ നിർമാണം തുടങ്ങിയത്. താജ് മഹൽ ശിൽപിയായ ഉസ്താദ് അഹമ്മദ് ലഹോറിതന്നെയാണ് ചെങ്കോട്ടയും ഡിസൈൻ ചെയ്തത്. ഷാജഹാൻ ചക്രവർത്തിയുടെ പ്രിയപ്പെട്ട നിറങ്ങളായിരുന്നു ചുവപ്പും വെള്ളയും.
വൻകോട്ടയ്ക്കുള്ളിൽ തൂവെള്ള മാർബിൾ പൊതിഞ്ഞ കൊട്ടാരങ്ങളും ചിത്ര ആലേഖനങ്ങളുള്ള മന്ദിരങ്ങളും മോസ്കുകളും പൂന്തോട്ടങ്ങളും കമാനങ്ങളും മാത്രമല്ല സ്വർണവും രത്നവും പവിഴവും വജ്രവും പതിച്ച സിംഹാസനങ്ങൾ ഉൾപ്പെടെ ഒട്ടേറെ പ്രൗഢികൾ. കോഹിനൂർ രത്നവും മയൂര സിംഹാസനവും വരെ മുഗൾപെരുമയുടെ അടയാളമായി ഇവിടെയുണ്ടായിരുന്നു.
ചെങ്കോട്ടയുടെ ചെറുതും വലുതുമായ കവാടങ്ങളിൽ പലതും നാമാവശേഷമായി. ഇതിൽ മോറി, ലാഹോറി, അജ്മീരി, തുർക്ക്മാൻ, കാഷ്മീരി, ഡൽഹി ഗേറ്റുകൾക്കാണ് ചരിത്രപ്രാധാന്യം. മുഗൾ വാഴ്ചയുടെ അന്ത്യത്തിൽ ഡൽഹിക്കൊപ്പം ചെങ്കോട്ടയും പിടിച്ചെടുത്ത ബ്രിട്ടീഷുകാർ ഇതിനുള്ളിലെ വിലപിടിച്ച വസ്തുക്കളിൽ പലതും നീക്കം ചെയ്യുകയോ വിറ്റഴിക്കുകയോ ചെയ്തു.
മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽനിന്ന് ബ്രിട്ടീഷുകാർ കോട്ടയും മന്ദിരങ്ങളും ശേഷിപ്പുകളും അധീനതയിലാക്കുംവരെ ഇത് മുഗൾ വംശത്തിന്റെ തലസ്ഥാനമായി നിലകൊണ്ടിരുന്നു. യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയുമുണ്ട്.
ലാഹോറി ഗേറ്റ്
ചെങ്കോട്ടയുടെ പ്രവേശനകവാടമാണ് പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ്. മുഗൾസാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന പാക്കിസ്ഥാനിലെ ലാഹോറിന് അഭിമുഖമായതിനാലാണ് ഇങ്ങനെ പേരുവന്നത്. കടുംചുവപ്പു മണൽപാളികളിൽ നിർമിച്ചിരിക്കുന്ന ലാഹോറി ഗേറ്റിന്റെ ഇരുവശവും ഭാഗിക അഷ്ടഭുജാകൃതിയിലുള്ള ഗോപുരങ്ങളുണ്ട്. രണ്ടിനുമിടയിലായി മുകളിൽ വെണ്ണക്കൽ താഴികക്കുടങ്ങളോടു കൂടിയ ഏഴ് ഛത്രികളുമുണ്ട്.
കോട്ടയുടെ പുറത്തേക്കു തള്ളിനിൽക്കുന്ന എടുപ്പിനുള്ളിലാണ് ലാഹോറി ഗേറ്റ് സ്ഥിതിചെയ്യുന്നതെങ്കിലും മുകൾഭാഗത്തെ താഴികക്കുടങ്ങളും ഇരുവശത്തുമുള്ള ഗോപുരങ്ങളും ദൂരക്കാഴ്ചയിൽ തന്നെ മഹാനിർമിതിയുടെ മാറ്റുകൂട്ടുന്നു. ഗേറ്റിനു പുറത്തേക്ക് തള്ളിനിൽക്കുന്ന എടുപ്പ് ഷാജഹാന്റെ പുത്രൻ ഒൗറംഗസീബാണ് നിർമിച്ചത്.
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പോൾ 1857 മേയ് 11ന് ദേശാഭിമാനികൾ ബ്രിട്ടീഷ് കളക്ടറെയും ന്യായാധിപനെയും കമ്മീഷണറെയും ഉദ്യോഗസ്ഥപ്രമുഖരെയും കൊലപ്പെടുത്തിയതിനൊക്കെ ലാഹോറി ഗേറ്റ് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ലാഹോറി ഗേറ്റിനു മുകളിലെ തട്ടിൽനിന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പ്രസംഗം നടത്തുന്നത്. ജവഹർലാൽ നെഹ്റുവാണ് ചെങ്കോട്ടയിൽ ഏറ്റവുമധികം തവണ പതാക ഉയർത്തിയ പ്രധാനമന്ത്രി -17 തവണ. ഇന്ദിരാഗാന്ധി പതിനാറു തവണയും മൻമോഹൻ സിംഗ് പത്തു തവണയും അഭിമാന പതാക ഉയർത്തി. ഇവിടെ പതാക ഉയർത്താൻ അവസരം ലഭിക്കാത്ത ഏക പ്രധാനമന്ത്രി ചന്ദ്രശേഖറാണ്.
ഷാജഹാൻ മാത്രമല്ല പിൻഗാമികളായ ഒൗറംഗസീബും ജഹന്ദർഷായും മുഹമ്മദ് ഷായും ബഹദൂർ ഷാ രണ്ടാമൻവരെയും രാജ്യഭരണം നടത്തിയ ഇവിടം മുഗൾ വാഴ്ചയ്ക്കും അവരുടെ വീഴ്ചയ്ക്കും സാക്ഷ്യം വഹിച്ചു. നാലു നൂറ്റാണ്ട് പഴക്കമുള്ള ചരിത്രസ്മാരകത്തിന് ഇക്കാലത്തും കാര്യമായ കേടുപാടുകളില്ല. മാത്രവുമല്ല, ഷാജഹാനെയും ഒൗറംഗസീബിനെയും ആഴത്തിൽ പഠിക്കുന്പോൾ ഈ സ്മാരകം ഏറെ ചരിത്രം പറഞ്ഞുതരികയും ചെയ്യും.
1739ൽ പേർഷ്യൻ ഭരണാധികാരി നാദിർ ഷായുടെ ആക്രമണത്തിൽ ചെങ്കോട്ടയ്ക്ക് സാരമായി കേടുപാടു സംഭവിച്ചിരുന്നു. മയൂരസിംഹാസനം ഉൾപ്പെടെ വിലപ്പെട്ട പലതും നാദിർ ഷാ കൊള്ളയടിച്ചു. ഒന്നാം സ്വാതന്ത്രസമരവേളയിൽ ബ്രിട്ടീഷുകാർ നടത്തിയ അതിക്രമത്തിലും ഒട്ടേറെ തകർച്ച സംഭവിച്ചു.
പഴയ ദില്ലി അഥവാ ഷാജഹാനാബാദ് നഗരത്തിന്റെ കേന്ദ്രഭാഗംകൂടിയാണിവിടം. കോട്ടയുടെയും നഗരത്തിന്റെയും കിഴക്കുവശം യമുനാനദിയാണ്. പടിഞ്ഞാറുവശത്ത് ലാഹോറി ഗേറ്റ്, തെക്കുവശത്ത് ഡൽഹി ഗേറ്റ് എന്നീ പ്രധാന പ്രവേശനകവാടങ്ങൾ. യമുനയിലേക്കിറങ്ങുന്ന
രാജ്ഘട്ട് ഗേറ്റ് എന്ന കവാടവുമുണ്ട്.
ചരിത്രസ്മാരകങ്ങൾ
കോട്ടക്കുള്ളിലേക്ക് പ്രവേശിക്കുന്പോൾ ഇരുവശത്തുമുള്ള വ്യാപാര ഇടനാഴിയാണ് ഛത്ത ചൗക്ക് അഥവാ ഛത്ത ബസാർ. മുഗൾകാലത്ത് ഈ ചന്തയിൽ രാജകുടുംബാംഗങ്ങൾക്കുള്ള ആഡംബരവസ്തുക്കളായിരുന്നു വിപണനം നടത്തിയിരുന്നത്. പെഷവാറിലെ വാണിജ്യകേന്ദ്രത്തിന്റെ മാതൃകയിലാണ് ഷാജഹാൻ ഈ ചന്ത ആരംഭിച്ചത്.
ഇതു പിന്നിട്ട് ബത്ഖാന എന്ന വാദ്യസംഘക്കാരുടെ മന്ദിരവും കഴിഞ്ഞാൽ ചക്രവർത്തി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്ന ദിവാൻ ഇ-ആം. ഇവിടെനിന്നും കിഴക്കേ അറ്റത്തുള്ള രംഗ് മഹൽ വരെ ചരിത്രത്തിന്റെ വിരലടയാളം പതിഞ്ഞ ഒട്ടേറെ സൗധങ്ങളും സ്ഥാപനങ്ങളും സംഭവങ്ങളും. രാജകീയമന്ദിരങ്ങളേറെയും വെണ്ണക്കല്ലിൽ തീർത്തവയാണ്. വടക്കുകിഴക്കുഭാഗത്തായി ഹയാത്ത് ബക്ഷ് എന്ന പൂന്തോട്ടവും അതിൽ മറ്റു നിർമിതികളുമുണ്ട്.
പൂന്തോട്ടത്തിന് പടിഞ്ഞാറായി ബ്രിട്ടീഷ് ആധിപത്യകാലത്ത് നിർമിക്കപ്പെട്ട ബാരക്കുകൾ നിരയായി നിലകൊള്ളുന്നു. ബ്രിട്ടീഷുകാർ ദില്ലി പിടിച്ചടക്കിയതിനുപിന്നാലെയാണ് ചെങ്കോട്ടയിലെ അന്തഃപുരക്കെട്ടിടങ്ങൾ പൊളിച്ച് ബാരക്കുകൾ പണിതത്.
പൂന്തോട്ടത്തിന്റെ പടിഞ്ഞാറുഭാഗത്തെ കുറേ സ്ഥലവും ഈ കെട്ടിടങ്ങൾ മൂലം കൈയേറപ്പെട്ടു. ഹയാത് ബക്ഷിന് പടിഞ്ഞാറ് മെഹ്താബ് ബാഗ് എന്ന മറ്റൊരു പൂന്തോട്ടവുമുണ്ടായിരുന്നു. ഈ തോട്ടത്തിന്റെ തെളിവുകളൊന്നും ബാക്കിയില്ല.
കോട്ടയുടെ കിഴക്കേ അറ്റത്താണ് ഒൗറംഗസീബ് നിർമിച്ച മോത്തി മസ്ജിദ്. സമീപം ചക്രവർത്തി ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയിരുന്ന മന്ദിര ദിവാൻ-ഇ ഖാസ്. ചതുരാകൃതിയിലുള്ള തൂണുകൾ നിറഞ്ഞ ഈ കെട്ടിടം വെണ്ണക്കല്ലിൽ തീർത്തതാണ്. തൂണുകളിലെ വെള്ളക്കല്ലുകളിൽ വിവിധ വർണങ്ങളിലുള്ള കല്ലുകൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികളുണ്ട്.
ഈ മന്ദിരത്തിലുള്ള വെണ്ണക്കൽത്തട്ടിലായിരുന്നു വിഖ്യാതമായ മയൂരസിംഹാസനം സ്ഥാപിച്ചിരുന്നത്. ഈ കെട്ടിടത്തിന്റെ വടക്കും തെക്കും ഭാഗത്തെ മൂലകളിലുള്ള കമാനങ്ങളിൽ, ‘ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്, ഇതാണ്, ഇതാണ്’ എന്ന ആമിർ ഖുസ്രോയുടെ പ്രശസ്തമായ വരികൾ കൊത്തിയിട്ടുണ്ട്.
രംഗ് മഹൽ, കണ്ണാടിമാളിക അഥവാ ശീഷ് മഹൽ, മുംതാസ് മഹൽ തുടങ്ങി വേറെയും മന്ദിരങ്ങൾ. മുഗൾ ചരിത്രശേഷിപ്പുകൾ പ്രദർശിപ്പിക്കുന്ന കാഴ്ചബംഗ്ലാവും ഇവിടെയുണ്ട്.
കിഴക്കേ അറ്റത്ത് നദിക്ക് സമാന്തരമായി തെക്കുവടക്കായി രാജകീയ മന്ദിരങ്ങളുടെ നിരയുണ്ട്. ഉയർന്ന ഒരു തട്ടിനുമുകളിലാണ് ഈ കെട്ടിടങ്ങളെല്ലാം നിലനിൽക്കുന്നത്. വടക്കേ അറ്റത്തുള്ള കെട്ടിടമായ ഷാ ബുർജിൽ ആരംഭിച്ച് തെക്കേ അറ്റത്തെ കെട്ടിടമായ മുംതാസ് മഹൽ വരെ എല്ലാ കെട്ടിടങ്ങളുടെയും അടിത്തട്ടിലൂടെ ഒഴുകുന്ന ഒരു വെള്ളച്ചാൽ സജ്ജീകരിച്ചിട്ടുണ്ട്.
നഹർ-ഇ ബിഹിഷ്ട് അഥവാ സ്വർഗീയധാര എന്നറിയപ്പെടുന്ന ഈ ചാൽ നിർമിച്ചത് അലി മർദാൻ ഖാൻ ആണ്. കെട്ടിടങ്ങളിലെ താപനില ക്രമീകരിച്ച് നിർത്തുക എന്നതായിരുന്നു വെള്ളച്ചാലിന്റെ പ്രധാനധർമ്മം.
തോട്ടങ്ങളിലേക്കുള്ള വെള്ളവും ഈ ചാലിൽ നിന്നാണ് തിരിച്ചിരുന്നത്.
കിഴക്കേ അറ്റത്തെ കെട്ടിടനിരയിൽ ഏറ്റവും വടക്കേ അറ്റത്തെ അഷ്ടഭുജാകൃതിയിലുള്ള ഗോപുരമാണ് ഷാ ബുർജ്. 1857ൽ ഈ കെട്ടിടത്തിന് എറെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. താഴികക്കുടത്തോടുകൂടിയ മൂന്നുനിലഗോപുരത്തിന്റെ താഴികക്കുടവും മുകളിലത്തെ നിലയും ഇപ്പോഴില്ല.
ഷാ ബുർജിനോട് ചേർന്ന് ബുർജ്-ഇ ശംലി എന്ന വെണ്ണക്കൽ മണ്ഡപമുണ്ട്. ഇതിനു സമീപമുള്ള മറ്റൊരു വെണ്ണക്കൽമണ്ഡപമാണ് ഹീര മഹൽ.
ഇത്തരത്തിലുള്ള മറ്റൊരു മണ്ഡപം ഈ തട്ടിൽത്തന്നെ അൽപം വടക്കുമാറി സ്ഥിതിചെയ്തിരുന്നു. അതിന്റെ പേര് മോത്തി മഹൽ എന്നായിരുന്നു. രണ്ടു മണ്ഡപങ്ങളും അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫറാണ് നിർമിച്ചത്.
ഹമ്മം എന്ന നിർമിതിയായിരുന്നു രാജകീയ കുളിമുറികൾ. വെണ്ണക്കല്ലു കൊണ്ടലങ്കരിച്ച ഈ കെട്ടിടത്തിൽ കുളിക്കുന്നതിനും ആവി കൊള്ളുന്നതിനും സൗകര്യങ്ങളുണ്ടായിരുന്നു.
മുഗൾ കൊട്ടാരങ്ങളിൽ ചക്രവർത്തിയുടെ സ്വകാര്യമുറികളാണ് ഖാസ് മഹൽ എന്നറിയപ്പെടുന്നത്. ദിവൻ-ഇ- ഖാസിന് തൊട്ടു തെക്കായി ഉയർന്ന തട്ടിൽത്തന്നെയാണ് ചെങ്കോട്ടയിലെ ഖാസ് മഹൽ സ്ഥിതിചെയ്യുന്നത്.
ദിവാൻ ഇ-ഖാസിന് അഭിമുഖമായുള്ള മൂന്നു മുറികൾ തസ്ബി ഖാന എന്നറിയപ്പെടുന്നു. ചക്രവർത്തി സ്വകാര്യ പ്രാർഥനകൾക്കാണ് ഈ മുറികൾ ഉപയോഗിച്ചിരുന്നത്. ഇതിനു പുറകിലുള്ള മൂന്നു മുറികളാണ് ഖ്വാബ്ഗാഹ് അഥവാ കിടപ്പുമുറികൾ. ഇതിന്റയും തെക്ക്, ചുമരുകളിലും മച്ചിലും ചിത്രപ്പണികളോടുകൂടിയ ഒരു നീണ്ട ഹാളുണ്ട്.
ഖാസ് മഹലിലെ കമാനത്തിൽ ഈ കെട്ടിടം 1639ൽ പണിതുടങ്ങി 1648ൽ പൂർത്തിയായി എന്ന് എഴുതിയിരിക്കുന്നു. 50 ലക്ഷം രൂപയാണ് പണിക്കായി അക്കാലത്ത് ചെലവായത്. ഇത് എല്ലാ കൊട്ടാരങ്ങൾക്കും വേണ്ടിവന്ന തുകയായിരിക്കുമെന്ന് കരുതുന്നു.
ഒരു ദിവസമോ ആഴ്ചകളോ കണ്ടും കേട്ടും പഠിച്ചാൽ തീരാത്ത വിസ്മയമാണ് ചെങ്കോട്ട. ഇന്നിത് രാജ്യത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്നു.
ഡോ. ലിജിമോൾ പി. ജേക്കബ്