ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്ചുതുടങ്ങിയിട്ട് 50 വർഷം. പെരിയാറിലെ വെള്ളവും ഇടുക്കി പദ്ധതിയുമാണ് നാടിന്റെ വെളിച്ചവും ഊർജവും. 115 കോടി രൂപയായിരുന്നു പദ്ധതിയുടെ ആകെ ചെലവ്. അഞ്ചു വർഷത്തിനുള്ളിൽ മുടക്കുമുതൽ തിരികെ കിട്ടി. ഇതോടകം നേടാനായത് സഹസ്രകോടികളുടെ വരുമാനം.
എക്കാലത്തും കേരളത്തിലെ നിർമാണ വിസ്മയമയമാണ് ഇടുക്കി വൈദ്യുത പദ്ധതിയിലെ അണക്കെട്ടുകളും മൂലമറ്റം പവർഹൗസും. ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ, മൂലമറ്റം ഭൂഗർഭ പവർഹൗസ് എന്നിവയുടെ നിർമാണത്തിന് അക്കാലത്തുണ്ടായ ചെലവ് 115 കോടി രൂപ. ഇന്നൊരു ദേശീയപാതയ്ക്കോ പാലത്തിനോ ഇതിനേക്കാൾ ചെലവുവരും.
1976ൽ വൈദ്യുതി ഉത്പാദനം തുടങ്ങി നാലാം വർഷം സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന് മുടക്കുമുതൽ തിരികെ കിട്ടുകയും ചെയ്തു. 1986ൽ രണ്ടാം ഘട്ടം വികസനത്തിന് 70 കോടി രൂപകൂടി ചെലവഴിച്ചു. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതപദ്ധതി 47 വർഷം പിന്നിടുന്പോൾ ഓരോ വർഷവും വരുമാനം ശതകോടികളാണ്.
പെരിയാറിലെ വെള്ളവും ഇടുക്കി പദ്ധതിയുമാണ് നാടിന്റെ ഉൗർജവും വെളിച്ചവും. ഏറെക്കുറെ സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ പകുതിയും ഇടുക്കിയുടെ സംഭാവനയാണ്. മൂന്ന് അണക്കെട്ടുകളെ ബന്ധിച്ച് 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്ചിട്ട് 50 വർഷം പൂർത്തിയാവുകയാണ്. അതായത് ഇടുക്കി അണക്കെട്ട് ആദ്യമായി നിറഞ്ഞിട്ട് ഈ മാസം അര നൂറ്റാണ്ടാകുന്നു.
ഇടുക്കി അണക്കെട്ടുകളുടെയും പവർ ഹൗസിന്റെയും നിർമാണം അക്കാലത്ത് അപാരസംഭവമായിരുന്നു, സാങ്കേതികവിദ്യ നൂതനവും. 1961ൽ രൂപകല്പന ചെയ്ത് 1963ൽ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടിയ പദ്ധതിയുടെ നിർമാണ ചുമതല സംസ്ഥാന വൈദ്യുതി ബോർഡിനായിരുന്നു. കാനഡ സർക്കാരിന്റെ 78 ലക്ഷം ഡോളർ ധനസഹായവും 115 ലക്ഷം ഡോളറിന്റെ ദീർഘകാല വായ്പയും ലഭിച്ചു. ആർച്ച് ഡാമിന്റെയും വൈദ്യുതി നിലയത്തിന്റെയും എൻജിനിയറിംഗ് ഉത്തരവാദിത്വം കാനഡക്കായിരുന്നു.
യന്ത്രസംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരിമിതമായിരുന്ന കാലത്ത് പതിനയ്യായിരം തൊഴിലാളികളുടെ വർഷങ്ങൾ നീണ്ട കഠിനാധ്വാനഫലമാണിത്. അപകടങ്ങളിൽ 83 പേർക്ക് മരണം സംഭവിച്ചു. ആയിരത്തിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. അണക്കെട്ട് നിർമാണത്തിനു മുന്നോടിയായി നിരവധി റോഡുകളും പാലങ്ങളും തീർക്കേണ്ടിവന്നു. വൈദ്യുതി ബോർഡ് എൻജിനിയർമാരുടെ മേൽനോട്ടത്തിൽ ഹിന്ദുസ്ഥാൻ കണ്സ്ട്രക്ഷൻ കന്പനിയാണ് ഇടുക്കി, ചെറുതോണി ഡാം നിർമാണം നടത്തിയത്.
839 മീറ്റർ ഉയരമുള്ള കുറവൻമലയെയും 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ, പെരിയാറിനു കുറുകെ ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം. മലകൾ ഒരുക്കിയ ഇടുക്ക് ആദ്യമായി കാണിച്ചുകൊടുത്തത് കരുവെള്ളയാൻ കൊലുന്പൻ എന്ന ആദിവാസി.
പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകിപ്പോകാതിരിക്കാൻ ചെറുതോണിയിലും കിളിവള്ളിത്തോട്ടിലൂടെ നഷ്ടപ്പെടാതിരിക്കാൻ കുളമാവിലും അണ കെട്ടി. ഈ മൂന്ന് അണക്കെട്ടുകൾ ചേരുന്നതാണ് ഇടുക്കി ജലാശയം. 1968 ഫെബ്രുവരി 17 നു തുടങ്ങി 1976 ഫെബ്രുവരി 12ന് പൂർത്തിയാക്കിയ പദ്ധതി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു.
പരമാവധി സംഭരണശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടിഎംസി വരെയാണ് സംഭരിക്കാറുള്ളത്. കടൽപോലൊരു ജലാശയം, ആറായിരം മീറ്ററിലധികം നീളമുള്ള തുരങ്കങ്ങൾ, 750 മീറ്റർ ആഴത്തിൽ നാടുകാണി മല തുരന്നുണ്ടാക്കിയ ഭൂഗർഭ വൈദ്യുതി നിലയം തുടങ്ങി അനവധി പ്രത്യേകതകൾ. ഇടുക്കി ജില്ല നിലവിൽ വരുന്നതിനു മുൻപായിരുന്നു നിർമാണത്തിനു തുടക്കം. പ്രോജക്ട് ഓഫീസറായി നിയോഗിക്കപ്പെട്ടത് യുവ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. ഡി. ബാബു പോൾ.
ഇടുക്കി അണക്കെട്ടിൽനിന്ന് 43 കിലോമീറ്റർ അകലെയാണ് മൂലമറ്റം പവർ ഹൗസ്. വൈദ്യുതി ഉത്പാദനത്തിനുശേഷമുള്ള വെള്ളം തൊടുപുഴ മലങ്കര ഡാമിൽ സംഭരിച്ച് മൂന്നര മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഒപ്പം ജലസേചന ആവശ്യങ്ങൾക്കും തിരിച്ചുവിടുന്നു.
കരുത്തും കരുതലും
പാറയിടുക്കിന്റെ സാന്നിധ്യവും മർദവും ശക്തിയും താങ്ങാനും ഭൂകന്പം പ്രതിരോധിക്കാനും വിധം അതിബലവത്തായ കോണ്ക്രീറ്റിൽ നിർമിച്ച ആർച്ച് ഡാമിന് 168.9 മീറ്ററാണ് ഉയരം. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിൽ വീതി 19.81 മീറ്റർ.
രണ്ടായിരം ദശലക്ഷം ടണ് വെള്ളം സംഭരിക്കാൻ കഴിയുന്ന അണക്കെട്ടിന്റെ മർദം താങ്ങാനാവുന്ന അനുയോജ്യമായ മാതൃകയിലാണ് ആർച്ച് ഡാം പണിതത്. സംഭരണി നിറയുന്പോൾ പുറത്തേക്ക് അൽപം തള്ളുന്ന രീതിയിലാണ് ആർച്ച് ഡാമിന്റെ ഘടന.
ഇതിന്റെ നിർമാണത്തിന് 4,64,000 ഘനമീറ്റർ കോണ്ക്രീറ്റ് ഉപയോഗിച്ചു. അണക്കെട്ടിൽ വെള്ളം സൃഷ്ടിക്കുന്ന മർദം മണിക്കൂർ ഇടവിട്ട് സൂക്ഷ്മമായി നീരീക്ഷിക്കുന്നു. ഭൂകന്പമാപിനി ഉൾപ്പെടെ വേറെയും നിരീക്ഷണ സംവിധാനങ്ങളുണ്ട്.
ആർച്ച് ഡാമിന്റെ വലത്ത് കുറത്തി മലയ്ക്കുള്ളിൽ അണക്കെട്ടിനുള്ളിലേക്ക് 13 അടി വ്യാസത്തിലും 550 അടി ഉയരത്തിലും പാറ തുറന്ന് ലിഫ്റ്റ് നിർമിച്ചിട്ടുണ്ട്. ഡാമിനുള്ളിൽ മൂന്ന് നിലകളിലായി ഇൻസ്പെക്ഷൻ ഗാലറികളുമുണ്ട്.
ഇടുക്കി പദ്ധതിയിലെ ഏറ്റവും പ്രധാന ഘടകമാണ് ചെറുതോണി അണക്കെട്ട്. ഉയരം 138.38 മീറ്റർ. നീളം 650.90 മീറ്റർ. അടിയിലെ വീതി 107.78 മീറ്ററും മുകളിലെ വീതി 7.32 മീറ്ററും. ഗ്രാവിറ്റി ഡാമാണ് ചെറുതോണി. ആർച്ച് ഡാമിന് ഉപയോഗിച്ചതിന്റെ ഇരട്ടിയിലധികം (17 ലക്ഷം ഘനമീറ്റർ) കോണ്ക്രീറ്റ് ഇതിനുപയോഗിച്ചു. 39 ബ്ലോക്കുകളുള്ള അണക്കെട്ടിനുള്ളിൽ നാല് നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ കോണ്ക്രീറ്റിന് ആവശ്യമായ മെറ്റലും മണലും കുറവൻ മലയിലെ പാറ പൊട്ടിച്ചാണ് തയാറാക്കിത്.
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ മുകൾഭാഗം ഒരേ തലത്തിലാണ്. അതായത് സമുദ്രനിരപ്പിൽനിന്ന് 736.09 മീറ്റർ ഉയരത്തിൽ. ഇടുക്കിയിലും ചെറുതോണിയിലും സംഭരിക്കുന്ന ജലം കുളമാവുവരെ വിസ്തൃതമാണ്. മൂവാറ്റുപുഴയാറിന്റെ പോഷകനദിയായ കിളിവള്ളി വരെയെത്തുന്ന സംഭരണി കിളിവള്ളിത്തോടിന് കുറുകേ പണിത കുളമാവ് അണക്കെട്ടുകൊണ്ടാണ് തടഞ്ഞുനിർത്തുന്നത്. ഇടുക്കി പദ്ധതിയിലെ ഏറ്റവും ചെറിയ അണക്കെട്ടാണിത്.
1966 ൽ നിർമാണം ആരംഭിച്ച് 1969 ൽ മൂന്നിലൊന്ന് നിർമാണം കരിങ്കല്ലിൽ പൂർത്തിയായെങ്കിലും തൊഴിൽ പ്രശ്നങ്ങൾ കാരണം തടസപ്പെട്ടു. തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകി സമരം അവസാനിപ്പിച്ചശേഷം നിർമാണം വേഗത്തിലാക്കാൻ ശേഷിച്ച ഭാഗം കോണ്ക്രീറ്റ് ചെയ്തു. 16 ബ്ലോക്കുകളിലായി അടിത്തറയിൽനിന്ന് 100 മീറ്ററാണ് ഉയരം.
അണക്കെട്ട് നിറയുന്പോൾ അധികജലം ഒഴുക്കിക്കളയാൻ ആർച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. ചെറുതോണി ഡാമിലെ അഞ്ചു ഷട്ടറുകൾ ആവശ്യമനുസരിച്ച് തുറന്നാണ് വെള്ളം പുറംതള്ളുന്നത്. തുംഗഭദ്ര കന്പനി നിർമിച്ച കൂറ്റൻ ഉരുക്ക് പാളികളാണ് ഷട്ടറുകൾ.
ഇടുക്കി ഡാം തുറക്കുന്പോൾ ചെറുതോണി മുതൽ അറബിക്കടൽ വരെയാണ് വെള്ളം ഒഴുകിയെത്തുന്നത്. ചെറുതോണി ടൗണ്, പെരിയാർ, ലോവർപെരിയാർ അണക്കെട്ട്, ഭൂതത്താൻകെട്ട്, കാലടി, നെടുന്പാശേരി, ആലുവ വഴി വെള്ളം അറബിക്കടലിലെത്തുന്നു.
മൂലമറ്റം ഊർജഉറവിടം
നാടുകാണി മലയ്ക്കുള്ളിൽ 84,000 ഘനമീറ്റർ പാറയാണ് മൂലമറ്റം വൈദ്യുതി നിലയത്തിന്റെ നിർമാണത്തിനായി തുരന്നുമാറ്റിയത്. നിലയത്തിലേക്ക് എത്താനുള്ള കമാനാകൃതിയിലുള്ള തുരങ്കത്തിന് 600 മീറ്ററാണ് നീളം. ജലസംഭരണിയിൽനിന്ന് വെള്ളം എത്തിക്കുന്നതിന് 30 മീറ്റർ ഉയരവും മുകളിൽ 17.88 മീറ്റർ വ്യാസവുമുള്ള പ്രവേശന ഗോപുരമുണ്ട്.
മുകൾഭാഗം കോണ്ക്രീറ്റ് കൊണ്ട് മൂടിയിരിക്കുന്ന ഇതിന്റെ വശങ്ങളിലൂടെയാണ് വെള്ളം തുരങ്കത്തിലേക്ക് പോകുന്നത്. ഗോപുരത്തെയും തുരങ്കത്തെയും 7.01 മീറ്റർ വലുപ്പമുള്ള കോണ്ക്രീറ്റ് കുഴൽവഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു സെക്കന്റിൽ 153 ഘനമീറ്റർ വെള്ളമാണ് കുഴലിലൂടെ പ്രവഹിക്കുന്നത്.
തുരങ്കത്തിലൂടെ വെള്ളം പവർഹൗസിലേക്ക് പോകുന്പോഴുണ്ടാകുന്ന മർദം കുറയ്ക്കാൻ നാടുകാണി മല തുരന്ന് സർജ് ഷാഫ്റ്റ് നിർമിച്ചിട്ടുണ്ട്. വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് ബട്ടർഫ്ലൈ വാൽവ് ചേംബറുണ്ട്. ഡാം നിർമാണം പൂർത്തിയാക്കി വെള്ളം നിറച്ചതോടെ പ്രവേശനഗോപുരം എന്നും വെള്ളത്തിനടിയിലാണ്.
തുരങ്കം വഴി നിലയത്തിലേക്കെത്തുന്ന വെള്ളമാണ് ജനറേറ്ററുകളുടെ ടർബൈൻ കറക്കുന്നത്. മിനിറ്റിൽ 375 പ്രാവശ്യമാണ് കറക്കം. ആറു ജനറേറ്ററുകളാണ് നിലയത്തിലുള്ളത്. ഉത്പാദിപ്പിക്കേണ്ട വൈദ്യുതിയുടെ അളവിനനുസരിച്ച് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കും. വൈദ്യുതി ട്രാൻസ്ഫോമറുകളിൽനിന്ന് സ്വിച്ച് യാർഡിലേക്കെത്തുന്നത് പ്രത്യേക കേബിളുകളിലൂടെയാണ്.
കേബിളുകൾക്കായി രണ്ടു തുരങ്കങ്ങൾ ഭൂഗർഭ നിലയത്തിൽനിന്ന് സ്വിച്ച് യാർഡിലേക്ക് നിർമിച്ചിരിക്കുന്നു. പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നിലയത്തിനകത്ത് കണ്ട്രോൾ റൂമുണ്ട്. 780 മെഗാവാട്ട് വൈദ്യുതി ഉല്പാദനശേഷിയാണ് മൂലമറ്റം പവർ ഹൗസിനുള്ളത്.
റെജി ജോസഫ്