ചമ്പാനേര്‍ പ്രേതനഗരമായതെങ്ങനെ?
Sunday, November 19, 2023 5:06 AM IST
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍ന്ന് ഇവിടെ നിരവധി കൊട്ടാരങ്ങളും മോസ്കുകളും ശവകുടീരങ്ങളും മഹമൂദ് ബേഗദ പണിതുയര്‍ത്തി. ഹിന്ദു-മുസ്ലിം വാസ്തുകലയുടെ മകുടോദാഹരണമായിരുന്നു ഈ നിര്‍മിതികള്‍.
ഇന്ത്യ ഭരിച്ച സ്വദേശികളും വിദേശികളുമായ രാജവംശങ്ങളില്‍ മിക്കതും വ്യത്യസ്തങ്ങളായ വാസ്തുശൈലികള്‍ രാജ്യത്തിനു സമ്മാനിച്ചിട്ടുണ്ട്. അത്തരത്തിൽ ശ്രദ്ധേയമാണ് ഗുജറാത്തിലെ വഡോദരയിലുള്ള ചമ്പാനേര്‍ എന്ന നഗരം. 15-ാം നൂറ്റാണ്ടില്‍ ഗുജറാത്തിലെ സുല്ത്താന്മാരുടെ തലസ്ഥാനനഗരി. 200 വര്‍ഷത്തില്‍ താഴെ മാത്രമാണ് ഗുജറാത്ത് സുല്ത്താന്മാര് ഈ പ്രദേശം ഭരിച്ചത്. 1535ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിന്റെ സൈന്യം ഗുജറാത്ത് സുല്ത്താന്മാരെ ഇവിടെനിന്നു തോല്പ്പിച്ചോടിച്ചതോടെയാണ് ചമ്പാനേറിന്റെ പ്രതാപം അസ്തമിച്ചത്.
വിസ്മയ നിർമിതി
പാവ്ഗഡ് മലയുടെ അടിവാരത്ത് ആയിരുന്നു ആദ്യകാല ചമ്പാനേര്‍ നഗരം പണികഴിപ്പിക്കപ്പെട്ടത്. സിഇ 746ല്‍ വനരാജ് ചാവ്ദയാണ് ഇതു പണികഴിപ്പിച്ചത്. എന്നാല്‍, 1484ല്‍ ഗുജറാത്ത് സുല്‍ത്താനായിരുന്ന മഹ്മൂദ് ബേഗദ ഈ പ്രദേശം കീഴടക്കി. മഹ്മൂദ് ബേഗദ (1458-1511)യുടെ ഭരണകാലയളവില്‍ സാമ്രാജ്യം വിപുലമാക്കാൻ സമീപദേശങ്ങളും പിടിച്ചെടുത്തതോടെ ഇന്നത്തെ മുംബൈയിലെയും ഗുജറാത്തിലെയും ഭാഗങ്ങളിലേക്കു വരെ വിസ്തൃതി വന്നു. ചമ്പാനേര്‍ പിടിച്ച ശേഷം സുല്‍ത്താന്‍ മഹമൂദ് ബേഗദ തലസ്ഥാനം അഹമ്മദാബാദില്‍നിന്നു ചമ്പാനേറിലേക്കു മാറ്റി.
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍ന്ന് ഇവിടെ നിരവധി കൊട്ടാരങ്ങളും മോസ്കുകളും ശവകുടീരങ്ങളും മഹമൂദ് ബേഗദ പണിതുയര്‍ത്തി. ഹിന്ദു-മുസ്ലിം വാസ്തുകലയുടെ മകുടോദാഹരണമായിരുന്നു ഈ നിര്‍മിതികള്‍. ചമ്പാനേറിലെ ഏഴു മോസ്കുകള്‍ വളരെ പ്രസിദ്ധം. ഇതില്‍ത്തന്നെ 1523ല്‍ പണി കഴിപ്പിച്ച ജുമാ മസ്ജിദ് വിസ്മയ നിര്‍മിതിയാണ്. 172 തൂണുകളും 30 മീറ്റര്‍ ഉയരമുള്ള മിനാരങ്ങളുമുള്ള ഇത് ഇന്ത്യയിലെ ഇസ്ലാമിക സ്മാരകങ്ങളിൽ പ്രധാനപ്പെട്ടതാണ്.
അതിശയിപ്പിക്കും
ചമ്പാനേറിലെ ജലസേചന സംവിധാനം ആരെയും അതിശയിപ്പിക്കും. ശാസ്ത്രീയമായ മഴവെള്ള സംഭരണം, മനുഷ്യനിർമിത തടാകങ്ങള്‍, കിണറുകള്‍, നീര്‍ച്ചാലുകള്‍, ഭൂഗര്‍ഭ ജലപാതകള്‍ എന്നിങ്ങനെ ജലസേചനത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും അക്കാലത്ത് ഇവിടെയുണ്ടായിരുന്നു. എന്നാല്‍, 1535ല്‍ പ്രദേശം കൊള്ളയടിച്ച ഹുമയൂണിന്റെ സൈന്യം ഇവിടെ ഭരണം തുടരാതെ ഉപേക്ഷിക്കുകയാണ് ചെയ്തത്. അന്നു പലായനം ചെയ്ത നാട്ടുകാര്‍ പിന്നീടൊരിക്കലും മടങ്ങിവന്നില്ല. അതോടെ ചമ്പാനേര്‍ ഒരു പ്രേതനഗരമായി മാറി. ഉപേക്ഷിക്കപ്പെട്ട ഈ മനോഹര നഗരം 2004ല്‍ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലും ഇടംപിടിച്ചു. ചന്പാനേറിന്റെ പല ഭാഗങ്ങളും നാശത്തിന്റെ വക്കിലാണെങ്കിലും ഇവയെ പരിരക്ഷിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.
അജിത് ജി. നായർ