സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്ഞുപോകുന്നവരുടെ ക്രൂരതയും നേരിൽ കാണാറുണ്ട്. കുടുംബപാരന്പര്യവും സാഹചര്യങ്ങളും സംഘർഷങ്ങളും തകർച്ചകളും അപകടങ്ങളുമൊക്കെ മനോരോഗത്തിനു കാരണമാകാം.
ദൈവത്തിന്റെ കരുണാർദ്രമായ കൃപകളിലൊന്നാണ് മനസിന്റെ സമനില. തുടർച്ചയായി ഇരുപതു വർഷം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിൽ കഴിഞ്ഞ ഒരു രോഗി. ബന്ധുക്കൾ കൈയൊഴിഞ്ഞപ്പോൾ അദ്ദേഹത്തെ നവജീവൻ ഏറ്റെടുത്തു. മുപ്പത് വർഷം നവജീവന്റെ സംരക്ഷണയിൽ കഴിഞ്ഞശേഷം അടുത്തയിടെ മരിച്ചു.
ഇത്തരത്തിൽ പത്തും പതിനഞ്ചും വർഷങ്ങളായി മനോരോഗ ചികിത്സയിൽ കഴിയുന്നവരുണ്ട്. ഇവരിൽ ചിലരെയൊക്കെയെങ്കിലും പൂർണമായി സുഖം പ്രാപിച്ചശേഷവും തിരികെ വീടുകളിലേക്കു കൊണ്ടുപോകാൻ ഉറ്റവർ തയാറാകാതെ വരുന്ന സാഹചര്യവുമുണ്ട്.
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്ഞുപോകുന്നവരുടെ ക്രൂരതയും നേരിൽ കാണാറുണ്ട്. കുടുംബപാരന്പര്യവും സാഹചര്യങ്ങളും സംഘർഷങ്ങളും തകർച്ചകളും അപകടങ്ങളുമൊക്കെ മനോരോഗത്തിനു കാരണമാകാം.
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് സമനില തെറ്റി ഒട്ടേറെ ചെറുപ്പക്കാർ ഇക്കാലത്ത് മനോരോഗ ചികിത്സാലയങ്ങളിൽ എത്തുന്നുണ്ട്. ഇക്കൂട്ടരിൽ ഐടി പ്രൊഫഷണലുകളും ശാസ്ത്രഗേവഷകരുമൊക്കെയുണ്ട്.
മനോരോഗം ആർക്കും ഏതു പ്രായത്തിലും ബാധിക്കാം. അതേ സമയം ഇത് തീരാവ്യാധിയല്ല. മരുന്നിനൊപ്പം കരുതലും കരുണയുടെ വാക്കും സ്നേഹ പരിചരണവുമൊക്കെ ഈ അവസ്ഥയിലുള്ളവർക്ക് അനിവാര്യമാണ്.
ചികിത്സയിലൂടെ സുഖം പ്രാപിച്ചശേഷവും ഇവരെ മനോരോഗികളുടെ നിരയിൽതന്നെ എണ്ണുന്നതും മുഖ്യ ധാരയിൽനിന്ന് അകറ്റിനിറുത്തുന്നതും അങ്ങേയറ്റം ക്രൂരതയാണ്. മനോരോഗം സുഖപ്പെട്ടവർ വീണ്ടും രോഗികളാകുന്നത് പലപ്പോഴും ഉറ്റവരുടെയും സമൂഹത്തിന്റെയും അവഗണന മൂലമാണ്. മാതാപിതാക്കളും മക്കളും സഹോദരങ്ങളുമൊക്കെ കൈയൊഴിയുകയും അഴിയിട്ട മുറിയിൽ ഏകാന്തനാകുകയും ചെയ്യുന്നവരുടെ മനോഭാരം എത്രയോ വലുതാണ്.
ഓരോ വ്യക്തിയുടെയും മനസിന് ഓരോ ഘടനയും അവസ്ഥയുമാണ്. ചിലരുടെ മനസ് പ്രതിസന്ധികളിൽ തകർന്നുപോകുന്നു. ചിലർ പ്രതിസന്ധികളെ തരണം ചെയ്യുന്നു. ലോകവും ജീവിതവും ദിവസേന സങ്കീർണമായിക്കൊണ്ടിരിക്കെ മനോരോഗികളുടെ എണ്ണം വർധിക്കുകയാണ്.
വിഷാദരോഗം പോലുള്ള പ്രശ്നങ്ങളും ഏറിവരുന്നു. മനോരോഗി കരുണ ആഗ്രഹിക്കുന്നു, അർഹിക്കുന്നു. അറിഞ്ഞോ അറിയാതെയോ മനോനില നഷ്ടപ്പെടുന്നവരെ മനുഷ്യത്വത്തോടെ കാണാനും അംഗീകരിക്കാനും സമൂഹം തയാറാകണം. ഏതു സാഹര്യത്തിലും ഏതൊരാൾക്കും നഷ്ടപ്പെട്ടുപോകാവുന്നതാണ് മനോനില. അവരെ ശുശ്രൂഷിച്ചും കരുതൽ നൽകിയും സാധാരണനിലയിലേക്കു കൊണ്ടുവരാൻ നമുക്കു സാധിക്കണം.
പി.യു. തോമസ്, നവജീവൻ