കര്‍ണൂല്‍ ഗുഹകളിൽ ഒളിച്ചിരിക്കുന്നത്
അജിത് ജി.നായർ
Saturday, July 26, 2025 8:43 PM IST
ഇന്ത്യയുടെ ചരിത്രം എന്നത് സിന്ധുനദീതട സംസ്കാരത്തില്‍നിന്നാണ് തുടങ്ങുന്നതെങ്കിലും അതിനും മുന്‍പൊരു കാലഘട്ടമുണ്ടായിരുന്നു. അത് ചരിത്രാതീത ഇന്ത്യ എന്ന പേരിൽ അറിയപ്പെടുന്നു.
പുരാവസ്തു ഗവേഷണങ്ങളിൽ കിട്ടുന്ന തെളിവുകളെ ആശ്രയിച്ചാണ് ഈ കാലഘട്ടം മനസിലാക്കുന്നത്. ചരിത്രാതീത ഇന്ത്യയെ ശിലായുഗം (Stone age), താമ്ര ശിലായുഗം (Copper age), ഇരുമ്പ് യുഗം (Iron age) എന്നിങ്ങനെ തരംതിരിക്കാം.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് നദീതടങ്ങളിലും ഗുഹകളിലുംനിന്ന് ഈ കാലഘട്ടത്തിലെ മനുഷ്യരുടെ വാസസ്ഥലങ്ങളും ഉപകരണങ്ങളും ചിത്രങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ശിലായുഗത്തെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ലഭിച്ച കേന്ദ്രമാണ് ആന്ധ്രപ്രദേശ് റായല സീമയിലെ കര്‍ണൂല്‍ ഗുഹകള്‍.
ബേലം ഗുഹകൾ
ബേലം ഗുഹകള്‍, യാഗന്തി ഗുഹകള്‍, ബില്ലാസുര്ഗം ഗുഹകള്‍, കേതവാരം ഗുഹാചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെട്ട പ്രദേശം ലോകത്തെതന്നെ എണ്ണം പറഞ്ഞ പ്രാചീന ശിലായുഗ കേന്ദ്രങ്ങളിലൊന്നാണ്. പ്രധാനം ബേലം ഗുഹകള്തന്നെ. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെതന്നെ ഏറ്റവും നീളമേറിയ ഗുഹാസമുച്ചയം.
ഇവിടെ 3.5 കിലോമീറ്റര്‍ ദൂരം വരെ ഖനനം ചെയ്തെടുത്തിട്ടുണ്ട്. 1.5 കിലോമീറ്റര്‍ വരെയാണ് പൊതുജനങ്ങള്‍ക്കു പ്രവേശനം. "ബിലം' എന്ന സംസ്കൃത പദത്തില്‍നിന്നാണ് "ബേലം' എന്ന പേരുണ്ടായത്. ഗുഹ എന്നർഥം. ഭൂഗര്‍ഭജലത്തിന്റെ ഒഴുക്കിലൂടെ ചുണ്ണാമ്പുകല്ലുകള്‍ കാലക്രമേണ രൂപപ്പെട്ടാണ് ഈ ഗുഹകള്‍ ഉണ്ടായത്.
1884ല്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനും ഭൂഗര്ഭശാസ്ത്രജ്ഞനുമായ റോബര്‍ട്ട് ബ്രൂസ് ഫൂട്ട് ആണ് ഈ ഗുഹകളുടെ പ്രാധാന്യം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് 1982-83 കാലഘട്ടത്തില്‍ ഒരു ജര്‍മന്‍ സംഘം ഈ ഗുഹകളെക്കുറിച്ചു വിശദ പഠനം നടത്തി ഭൂപടം തയാറാക്കി. ഇവിടെനിന്നു പ്രാചീന, മധ്യ ശിലായുഗങ്ങളിലെ മനുഷ്യ വാസത്തിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ബുദ്ധമതത്തിനും മുന്‍പുള്ള 4500 വര്‍ഷത്തിലേറെ പഴക്കമുള്ള പാത്രങ്ങളും മറ്റ് പുരാവസ്തുക്കളും കണ്ടെത്തി. ബുദ്ധസന്യാസികൾ ഈ ഗുഹകളെ ധ്യാനകേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്നതായും കരുതുന്നു. ഗുഹകളിൽ കണ്ടെത്തിയ ബുദ്ധമത അവശിഷ്ടങ്ങള്‍ ഇപ്പോള്‍ അനന്തപുരിലെ പുരാവസ്തു മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
അദ്ഭുത കാഴ്ചകൾ
ബേലം ഗുഹകള്‍ ഒരു അദ്ഭുത ലോകമാണ്. ഒരു സിംഹത്തിന്റെ തലയുടെ ആകൃതിയില്‍ രൂപപ്പെട്ട, സിംഹദ്വാരം എന്നറിയപ്പെടുന്ന പ്രകൃതിദത്ത കമാനമാണ് ഇതിലൊന്ന്. ശിവലിംഗങ്ങളോടു സാദൃശ്യമുള്ള ആയിരക്കണക്കിനു സ്റ്റലക്റ്റൈറ്റ് രൂപങ്ങളുള്ള കോടിലിംഗലു ചേംബര്‍ മറ്റൊരു വിസ്മയമാണ്. ഗുഹയുടെ ഏറ്റവും ആഴമേറിയ ഭാഗത്തുനിന്ന് ഉത്ഭവിച്ച് ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമാകുന്ന ഒരു ചെറിയ നീരുറവയാണ് പാതാള ഗംഗ.
സപ്തസ്വര ഗുഹാഭാഗത്തെ സ്റ്റലക്റ്റൈറ്റ് രൂപങ്ങളില്‍ തട്ടുമ്പോള്‍ സംഗീത ശബ്ദങ്ങള്‍ കേള്‍ക്കാം. സന്യാസിമാര്‍ ധ്യാനിച്ചിരുന്ന ഭാഗമാണ് ധ്യാനമന്ദിര്. ആയിരം നാഗങ്ങള്‍ പത്തി വിടര്‍ത്തി നില്ക്കുന്നതു പോലെയുള്ള സ്റ്ററലക്റ്റൈറ്റ് രൂപങ്ങളാണ് ആയിരം ഫണം. വലിയ ആല്‍മരവും വേരുകളും പോലെ തോന്നിക്കുന്നതാണ് ആല്‍മരം ഹാള്‍.
കേതവാരം ഗുഹയിൽ പാലിയോലിത്തിക് കാലഘട്ടത്തിലെ ചിത്രങ്ങളും ശിലാരേഖകളും കാണാം. ജുറേരു താഴ് വര, കടവാനി കുണ്ട, യാഗന്തി ഗുഹകളിൽനിന്ന് 35,000 മുതല്‍ 40,000 വര്‍ഷം മുന്‍പുള്ള ശിലാരേഖകളും ചിത്രങ്ങളും കണ്ടെത്തി. ബില്ലാസുര്ഗം ഗുഹകളില്നിന്നു പ്രാചീനകാലത്തു മനുഷ്യന് തീ ഉപയോഗിച്ചതിന്റെ തെളിവുകളായ ചാരം നിക്ഷേപങ്ങളും കിട്ടി.