ഉദയനാണ് താരം
സന്ദീപ് സലിം
Saturday, July 26, 2025 8:54 PM IST
ചിത്രകലയുടെ വേറിട്ട വഴികളിലൂടെയാണ് ടി.ആർ. ഉദയകുമാറിന്റെ സഞ്ചാരം. പ്രമുഖരുടെ അടക്കം രണ്ടായിരത്തോളം പുസ്തകങ്ങളുടെ കവർ ചെയ്ത ചിത്രകാരൻ. ഒന്നുമില്ലായ്മയിൽനിന്നു ജീവിതചിത്രത്തിനു നിറം കൊടുത്തയാൾ. കേരള ലളിതകലാ അക്കാദമി മുൻ നിർവാഹകസമിതിയംഗം. ചിത്രകലയിൽ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉദയകുമാർ സൺഡേ ദീപികയോടു സംസാരിക്കുന്നു.
എങ്ങനെയാണ് ചിത്രരചനയിലേക്ക് എത്തിയത്?
എഴുപതുകളുടെ അവസാനം ഏഴിലോ എട്ടിലോ പഠിക്കുന്ന കാലത്ത് അധ്യാപകൻ മാമ്മന്‍ സാർ പടം വരയ്ക്കുമായിരുന്നു. പോർട്രേറ്റ് ചിത്രങ്ങളാണ് പലതും. ചിലപ്പോൾ സ്കൂളിൽ വച്ചും വരയ്ക്കും. അതു കണ്ടിട്ട് പടം വരയ്ക്കണമെന്ന മോഹം തോന്നി.
കോട്ടയം വൈഎംസിഎയിലും ശനിയും ഞായറും വീട്ടിലും മാമ്മന്‍ സാർ ക്ലാസെടുത്തിരുന്നു. ഇതിലൊക്കെ ഞാനും പങ്കെടുത്തു. എസ്എസ്എല്‍സി കഴിഞ്ഞ് മാവേലിക്കര ഫൈന്‍ ആര്‍ട്സ് കോളജില്‍ ചിത്രകല പഠിക്കാന്‍ ചേര്‍ന്നു. അവിടെ അഞ്ചു വര്‍ഷം പഠിച്ചു.
മാവേലിക്കര രാജാരവിവര്‍മ ഫൈന്‍ ആര്‍ട്സ് കോളജില്‍ പഠിക്കുക വലിയ കാര്യമായിരുന്നല്ലോ? അന്നത്തെ ജീവിതം?
വലിയ കാര്യം തന്നെയായിരുന്നു. പലവട്ടം ശ്രമിച്ചിട്ടും അഡ്മിഷൻ കിട്ടാത്തവർ ഉണ്ടായിരുന്നു. എനിക്ക് ആദ്യ അവസരത്തില്‍ത്തന്നെ 1981ൽ അഡ്മിഷന് കിട്ടി. ദിവസവും പോയിവരികയായിരുന്നു.
അന്നു സാമ്പത്തികം വലിയ പ്രശ്നം. ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന കാലം. വാഴത്തോട്ടങ്ങളില്നിന്നു വാഴയില വെട്ടി ഹോട്ടലില്‍ കൊടുക്കുന്ന ജോലിയായിരുന്നു അച്ഛന്.
ആ തുച്ഛ വരുമാനത്തിലായിരുന്നു ഞങ്ങളുടെ ജീവിതം. അമ്മയുടെ ചേച്ചിയുടെ വീട്ടിൽ താമസം. പിന്നീട്, അമ്മയും ചേച്ചിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി അവിടെനിന്നു മാറേണ്ടി വന്നു. വർഷങ്ങളോളം പിന്നെ വാടക വീടുകളിൽ.ഫൈന്‍ ആര്‍ട്സ് കോളജില്‍ ചേരുമ്പോള്‍ കൊള്ളാവുന്ന ഒരു ഷര്‍ട്ടോ മുണ്ടോ ചെരുപ്പോ ഒന്നും ഇല്ലായിരുന്നു.
കീറിപ്പറിഞ്ഞ ഉടുപ്പും മുണ്ടും ധരിച്ചായിരുന്നു പോക്ക്. ചെരിപ്പു പോലും ഇല്ലാതെയാണ് കോട്ടയത്തുനിന്നു മാവേലിക്കരയ്ക്കു പോയിവന്നിരുന്നത്.
രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് മറ്റൊരു വരുമാനം ഇല്ലാതെ മുന്നോട്ടു പോകാനാവില്ലെന്നു തിരിച്ചറിയുന്നത്. അങ്ങനെ ബുക്ക് കവര്‍ ഡിസൈനിംഗിലേക്കു തിരിഞ്ഞു. അത്തരം ജോലി തേടി ഡിസി ബുക്സിലെത്തി.
അന്നു കിളിരൂര്‍ രാധാകൃഷ്ണന് സാറാണ് കറന്റ് ബുക്സിന്റെ അഡ്മിനിസ്ട്രേഷന് മാനേജര്‍. അവിടെനിന്നു കിട്ടിയ പ്രതിഫലംകൊണ്ടാണ് സീസണ് ടിക്കറ്റൊക്കെ എടുക്കാനായത്. എഴുത്തുകാരന് രാജാമണിയുടെ മഴമേഘങ്ങള്‍ എന്ന പുസ്തകത്തിനാണ് ആദ്യമായി കവര്‍ ഡിസൈന്‍ ചെയ്തത്. അറുപതു രൂപയോ മറ്റോ ആണ് അന്നത്തെ പ്രതിഫലമെന്നാണ് ഒാർമ.
കവർ ഡിസൈനർ ആയി ഏറെക്കാലം ജോലി ചെയ്തില്ലേ? എത്ര കവർ ചെയ്തിട്ടുണ്ടാകും?
ചിത്രകാരൻ എന്നറിയപ്പെടുന്നതിനു മുന്‍പ് പതിനഞ്ചു വർഷത്തോളം ഞാന്‍ കവര്‍ ഡിസൈനര്‍ ആയിരുന്നു. പുസ്തകത്തിന്റെ മുഖമാണ് കവര്‍. മുഖം നന്നാവുകയെന്നത് വളരെ പ്രധാനം. അതിനാൽ കവർ ഡിസൈനിംഗ് വലിയ ഉത്തരവാദിത്വമാണ്. കംപ്യൂട്ടറോ സാങ്കേതിക വിദ്യകളോ ഒന്നുമില്ല.
കൈകൊണ്ടു വരയ്ക്കുകയായിരുന്നു ഏക മാര്‍ഗം. പലതവണ മാറ്റിയും വരച്ചുമാണ് കവര്‍ രൂപപ്പെടുത്തുന്നത്. ദിവസങ്ങൾ മുതൽ ആഴ്ചയും മാസങ്ങളും എടുക്കുന്ന പണി. കവർ എന്നു പറയുമെങ്കിലും അതു ശരിക്കും പെയിന്റിംഗ് തന്നെയായിരുന്നു. ഇന്നു മണിക്കൂറുകൾ മതിയാകും ഒരു കവർ ഡിസൈൻ ചെയ്യാൻ.
ഡിസിയിൽ തുടങ്ങി പിന്നീട്, പ്രഭാത് ബുക്ക് ഹൗസ്, കറന്റ് ബുക്സ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, സാഹിത്യ അക്കാദമി, കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കു പുറമേ മറ്റ് നിരവധി പ്രസാധകര്‍ക്കു വേണ്ടിയും കവർ ഡിസൈൻ ചെയ്തു. കുറഞ്ഞത് രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ കവറുകള്‍ രൂപകല്പന ചെയ്തു.
എം.ടി. വാസുദേവന്‍ നായര്‍, ഒ.വി. വിജയന്, എം. മുകുന്ദന്, സേതു, സി.വി. ബാലകൃഷ്ണന്, കാക്കനാടന്, സക്കറിയ, മാധവിക്കുട്ടി, ടി.വി. കൊച്ചുബാവ തുടങ്ങിയ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറുകൾ ഒരുക്കാൻ ഭാഗ്യം കിട്ടി. ഗുരുസാഗരത്തിന്റെ കവര്‍ ഡിസൈന്‍ ഇഷ്ടപ്പെട്ടിട്ട് ഒ.വി. വിജയൻ അഭിനന്ദിച്ചത് മറക്കാനാവില്ല.
കവര്‍ ചെയ്യുന്നതിനു മുന്‍പ് കൈയെഴുത്തു പ്രതികൾ വായിക്കുമായിരുന്നു. അതിനാൽ മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും കൈയെഴുത്തു പ്രതികള്‍ വായിക്കാന്‍ ഭാഗ്യം കിട്ടി. അതുപോലെ എഴുത്തുകാരുമായി കൂടിക്കാഴ്ച നടത്താനും സംവദിക്കാനും കഴിഞ്ഞു.
പ്രസാധകരും എഴുത്തുകാരും കൃതി വായിക്കണമെന്നു നിർദേശിച്ചിരുന്നു. അതുവഴി കൃതിയുടെ മൗലികത പ്രതിഫലിപ്പിക്കുന്ന കവർ ഉണ്ടാകുമെന്നവർ കരുതി. ഇന്നിപ്പോള്‍ ഒറ്റ നിർബന്ധമേയുള്ളൂ, പുസ്തകം വില്ക്കാന് സഹായിക്കുന്നതാകണം കവര്‍. പിന്നെ, ഉള്ളടക്കവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത്രയും നല്ലതെന്നു മാത്രം.
പഠനകാലം, ചിത്രകാരൻ എന്ന നിലയിലുള്ള മേൽവിലാസം?
ചിത്രകാരൻ എന്നറിയപ്പെടാൻ തുടര്‍ച്ചയായി വര്‍ക്കുകള്‍ ചെയ്യണം. അതു പ്രദര്‍ശിപ്പിക്കണം. പക്ഷേ, കൈയില്‍ കാലണയില്ലാത്തവന് അതൊക്കെ എളുപ്പമല്ല. പഠനത്തിന്റെ മൂന്നാം വര്‍ഷം രണ്ട് അധ്യാപകര്‍ കോളജിലെത്തി. ഒരാള്‍ ബാലകൃഷ്ണക്കുറുപ്പ്.
അദ്ദേഹം കോല്‍ക്കത്ത ശാന്തിനികേതനില്‍നിന്നു ചിത്രരചന പഠിച്ചിട്ടാണ് വരുന്നത്. മറ്റൊരാള്‍ ജി. ഉണ്ണിക്കൃഷ്ണന്. ഇവർ വന്നതോടെ കോളജിന്റെ അന്തരീക്ഷംതന്നെ മാറി. പഠിപ്പിക്കുന്ന ശൈലി മാറി. അക്കാലത്ത് അധ്യാപകര്‍ വിദ്യാര്‍ഥികളോടൊപ്പം ഇരുന്നു വരയ്ക്കുന്ന രീതിയില്ല. എന്നാൽ, ഇവർ ഞങ്ങൾക്കൊപ്പമിരുന്നു വരച്ചു.
അക്കാലത്തു കേരളത്തിലെ നാലു ഫൈന്‍ ആര്‍ട്സ് കോളജുകളില്‍നിന്ന് വര്‍ഷം പത്തിരുനൂറു പേരാണു പഠിച്ചിറങ്ങുന്നത്. പെയിന്റര്‍ എന്ന നിലയില്‍ നില്ക്കുന്നവർ വളരെ കുറവ്. മിക്കവരും ചിത്രകലാ അധ്യാപകരായോ ഇതര ജോലികളിലേക്കോ തിരിയും. കാരണം, മറ്റു സാധ്യതകള്‍ വളരെ കുറവ്.
കോട്ടയത്തായിരുന്നതുകൊണ്ടാണ് എനിക്കു പ്രസാധകരുമായും മാധ്യമങ്ങളുമായും ബന്ധം സ്ഥാപിക്കാനായത്. അതു ചിത്രകാരനെന്ന നിലയിൽ അവസരമൊരുക്കി.ഫൈനല്‍ പരീക്ഷ സമയത്ത് കോട്ടയത്ത് മാധ്യമ സ്ഥാപനത്തില്‍ ജോലി ലഭിച്ചു.
നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു മാധ്യമത്തിലും ജോലി ചെയ്തു. പത്രത്തിൽ അവരുടെ ആവശ്യത്തിന് അനുസരിച്ചുള്ള വരകൾക്കാണ് സാധ്യത. അതു പോരെന്നു തോന്നിയപ്പോൾ മാധ്യമരംഗം വിട്ടു. പക്ഷേ, പല സൗഹൃദങ്ങളും തന്നത് മാധ്യമലോകമാണ്.
പക്ഷേ, ഇന്നു പഠിച്ചിറങ്ങുന്നവര്‍ ലൈവായി ഈ മേഖലയിലുണ്ട്. പഠനശേഷം വൈവിധ്യമാര്‍ന്ന രചനാ രീതികള്‍ സ്വായത്തമാക്കാനും ശ്രമിക്കുന്നുണ്ട്. പണ്ട് ഇത്തരം സാധ്യതകളും അവസരങ്ങളും കുറവായിരുന്നു.
എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ കലാകാരന്മാര്ക്ക് അര്‍ഹമായ പ്രതിഫലം കിട്ടാതെ പോകുന്നത് ?
നമ്മുടെ നാട്ടില്‍ നല്ല കലാകാരന്മാരുണ്ട്. പക്ഷേ, നല്ല കലാസ്വാദകർ കുറവാണ്. നമ്മുടെ വിദ്യാഭ്യാസരീതി സർഗാത്മക മൂല്യങ്ങളിലേക്കു നയിക്കുന്നില്ല. നമ്മുടെ നാട്ടിലെ ഒരു ആര്‍ട്ടിസ്റ്റിന്റെ കൈയില്‍നിന്ന് ഒരു പെയിന്റിങ്ങോ ശില്പമോ വാങ്ങുന്നവർ വളരെ കുറവ്.
പകരം ശിവകാശിയിലെ ലോക്കല്‍ പ്രസില്‍ അച്ചടിച്ച പടം നാലേമുക്കാല്‍ രൂപയ്ക്കു വാങ്ങി ഫ്രെയിം ചെയ്തു ഭിത്തിയില്‍ തൂക്കുന്നവരാണ് പലരും. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ ആര്‍ട്ട് ലേലം നടക്കുന്നുണ്ട്. കേരളത്തില്‍ ഇല്ല. പക്ഷേ, കേരളത്തിലെ ചിത്രകാരന്മാര് കേരളത്തിനു പുറത്തുള്ള ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. മാറ്റങ്ങൾ വരുമെന്നു കരുതാം.
ലളിതകലാ അക്കാദമി പ്രവർത്തനങ്ങൾ?
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നിരവധി കലാകാരന്മാരുണ്ട്. അവർക്കു കലാപ്രവര്‍ത്തനം നടത്താനുള്ള ഇടങ്ങളും സൗകര്യങ്ങളും അക്കാദമി ഒരുക്കണം. അക്കാദമി ധാരാളം ചിത്രരചനാ ക്യാമ്പുകള്‍ നടത്തുന്നുണ്ട്.
ക്യാമ്പുകളേക്കാള്‍ പ്രദര്‍ശനങ്ങൾ വേണം. അതിലെ വരുമാനം ചിത്രകാരന്മാര്ക്ക് ആര്‍ട്ട് മെറ്റീരിയലുകള്‍ വാങ്ങാന്‍ നല്‍കണം. നിലവില്‍ പ്രദര്‍ശനങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചതു നല്ല കാര്യമാണ്.
ക്യാമ്പുകളിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ സര്‍ക്കാര്‍ മന്ദിരങ്ങളിലും ഓഫീസുകളിലും പ്രദര്‍ശിപ്പിക്കാനുള്ള ശ്രമങ്ങളും നടത്താം. ചിത്രങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കൂടുതൽ പ്രിസര്‍വേഷന്‍ ഗാലറികള്‍ സ്ഥാപിക്കേണ്ടതുണ്ട്.
നമ്മുടെ സ്കൂളുകളിലെ ഡ്രോയിംഗ് ക്ലാസുകൾ?
കലാപഠനവും റീഡിംഗും വെറും വിനോദമായി കാണുന്നതൊരു പ്രശ്നമാണ്. അതു പഠനവിഷയം തന്നെയാക്കി മാറ്റണം. അപ്പോൾ നല്ല കലാസ്വാദകർ ഉണ്ടാകും. പലേടത്തും കലാപ്രവർത്തനങ്ങൾക്ക് പീരിയഡ് ഉണ്ട്. പക്ഷേ, അധ്യാപകരും പരിശീലനവും കുറവായിരുന്നു. ഇപ്പോൾ കുറച്ചൊക്കെ മാറ്റം വരുന്നുണ്ട്. മികച്ചൊരു പഠനക്രമംകൂടി രൂപപ്പെടേണ്ടതുണ്ട്.- ഉദയൻ പറഞ്ഞു നിർത്തി.
മുഴവൻ സമയ പ്രഫഷണൽ ചിത്രരചനയിൽ സജീവമായ ഉദയനു പിന്തുണയുമായി ഭാര്യ മിനിയും മക്കളായ ചിന്തു, ആതിര എന്നിവരുമുണ്ട്. മകൻ ചിന്തു ബംഗളൂരൂവിലും ആതിര പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലും ജോലി ചെയ്യുന്നു. കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ പ്രസിഡന്റ് കൂടിയായ ഉദയൻ മൺസൂൺ ആർട്ട് ഫെസ്റ്റിന്റെ മുഖ്യസംഘാടകനുമാണ്.