പാവം ആ തള്ള എന്തു ചെയ്യാനാ...
Sunday, June 3, 2018 2:54 AM IST
അനുവിന്റെ ഡാഡിയും മമ്മിയും കാനഡയിലാണ്. ഡാഡി ആറുമാസത്തിലൊന്നും, മമ്മി വർഷത്തിലൊന്നും നാട്ടിലെത്തും. അനുവിനെക്കൂടാതെ അവളുടെ അനുജൻ സുഭാഷും, വല്യമ്മ ഒറോമ്മയുമാണ് നാട്ടിലെ വീട്ടിൽ കഴിയുന്നത്. അനു പ്ലസ്ടു വിദ്യാർഥിനിയാണ്. വല്യമ്മയാണ് പരാതിക്കാരി. അവളുടെ ഡാഡിയ്ക്കും മമ്മിക്കും അവളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ വയസുകാലത്ത് താനായിട്ടെന്നാ ചെയ്യാനാ എന്നാ ചേടത്തി ചോദിക്കുന്നത്. സുഭാഷ് ശാന്തപ്രകൃതക്കാരനാണ്. അടക്കവും ഒതുക്കവുമുള്ള പ്രകൃതമാണവന്റേത്. അനു വല്യമ്മയോട് തർക്കുത്തരം പറയും. അനുസരണക്കേട് കാട്ടും. അവളുടെ ചങ്ങാത്തത്തെക്കുറിച്ചാണ് ഒറോമ്മയ്ക്ക് വല്യ പരാതി. പെണ്കുട്ടികളെക്കാൾ അവളുടെ സൗഹൃദവലയത്തിലുള്ളത് ഏറെയും ആണ്‍കുട്ടികളാണ്. ട്യൂഷനെന്നും പരീക്ഷയെന്നുമൊക്കെപറഞ്ഞ് അവൾ മിക്കവാറും താമസിച്ചാണ് വീട്ടിലെത്താറ്. വീട്ടിൽ വന്നാൽത്തന്നെ അടക്കിപ്പിടിച്ചുള്ള ഫോണ്‍വിളിയും മുറിയുടെ വാതിൽ അടച്ചിട്ടുള്ള ഇന്റർനെറ്റ് ഉപയോഗവും. ഇതൊക്കെ അപകടക്കെണികൾതന്നെയാണെന്നാണ് പഴമക്കാരി വല്യമ്മ പറയുന്നത്. ഈ വിധത്തിലുള്ള ഒറോമ്മയുടെ സംസാരം കൂടുന്തോറും അനുവിന് വല്യമ്മയോടുള്ള അരിശം വർധിക്കുന്നു.
ഈ കഥയിലെ മുഖ്യകഥാപാത്രങ്ങൾ വല്യമ്മ ഒറോമ്മയും കൊച്ചുമകൾ അനുവും അവളുടെ ഡാഡിയും മമ്മിയുമാണല്ലോ. ഒറോമ്മ പറയുന്നതു നേരാണെന്നു നിങ്ങളും പറയും. “പാവം ആ തള്ള എന്നാ ചെയ്യാനാ...’’ ഒറോമ്മയെപ്പോലുള്ള വല്യമ്മമാർക്ക് ഇക്കാര്യത്തിൽ ശ്രദ്ധാപൂർവ്വം നീങ്ങിയാൽ പലതും ചെയ്യാനാകും. അതിന് കഴിയണമെന്നുണ്ടെങ്കിൽ താൻ കൊച്ചുമോൾടെ ശത്രുവല്ല മിത്രമാണെന്നവളെ ബോധ്യപ്പെടുത്തണം. കൊച്ചുന്നാളുമുതലേ കൊച്ചുമക്കളെ എഴുതിത്തള്ളാനും അവരുടെ കുറ്റങ്ങൾ കണ്ടെത്തി വിധിപറയാനും തുടങ്ങിയാൽ വല്യമ്മമാർക്കോ വല്യപ്പന്മാർക്കോ അവരെ അധികമൊന്നും സ്വാധീനിക്കാനാവില്ല; അവരുടെ സ്വഭാവരൂപീകരണത്തിൽ സഹായിക്കാനുമാവില്ല. അനുവിന്റെ വിക്രിയകൾക്കെല്ലാം ഒറോമ്മ കൂട്ടുനില്‍ക്കണമായിരുന്നു എന്നു പറയുകയല്ല; അനുവിനെ മറ്റുള്ളവരേക്കാൾ സ്നേഹംകൊണ്ടും പരിചരണംകൊണ്ടും സ്വാധീനിക്കാൻ വല്യമ്മയ്ക്ക് കഴിയണമായിരുന്നു. ഇപ്പോഴും അനുവിനെ സംബന്ധിച്ച് കാര്യങ്ങളൊന്നും കൈവിട്ടുപോയിട്ടില്ല. അവളെ നല്ലൊരു കൗണ്‍സലറുടെ പക്കലെത്തിക്കാൻ കഴിയണം. വല്യമ്മ ഒറോമ്മയും കൗണ്‍സലറെ കാണണം. അനുവിനെക്കുറിച്ചുള്ള റിപ്പോർട്ടു കൈമാറാനല്ല; തന്റെതന്നെ മനോഭാവങ്ങളിൽ മാറ്റങ്ങൾ വരുത്താനും യാഥാർത്ഥ്യബോധമുണ്ടാകാനും.
അനുവിന്റെ മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യുവാനേറെയുണ്ട്. കൂടെക്കൂടെ മകളുമായി ഫോണ്‍ മാർഗമോ മറ്റു വിധേനയോ ബന്ധപ്പെടുക. കുടുംബം പോറ്റാനും മക്കളെ വളർത്താനുംവേണ്ടി സന്പാദിക്കാൻ അവർക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ടെങ്കിൽ ജോലി നിറുത്തി നാട്ടിലെത്തി മക്കളുടെ വളർച്ചയിൽ ശ്രദ്ധിക്കുക; മക്കളെക്കൂടി, കുറഞ്ഞപക്ഷം മകളെക്കൂടിയെങ്കിലും ജോലിസ്ഥലത്തക്കു കൊണ്ടുപോയി തുടർപഠനം അവിടെ നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുക; അങ്ങനെ പലതും.
അനുവിനെപ്പോലുള്ള കുട്ടികൾ അനുഭവസന്പന്നരായ ‘ഗ്രാന്റ് പേരൻസി’നെ ചെവിക്കൊള്ളണം. അവർ ശാസിക്കുന്നതും തിരുത്തുന്നതുംമറ്റും കൊച്ചുമക്കളുടെ നന്മയെക്കരുതിയും അവരുടെ ഭാവി ശോഭനമാകാനുമാണ്. അത്തരക്കാരെ ശത്രുക്കളായിക്കണ്ട് കണ്ണടച്ചു ചാടിയാൽ അപകടം സുനിശ്ചിതമാണ്. ആണ്‍കുട്ടികളോടുള്ള അനുവിന്റെ അതിരുവിട്ട ചങ്ങാത്തം അപകടത്തിൽ കൊണ്ടുചെന്നെത്തിക്കുകതന്നെ ചെയ്യും. ഇന്റർനെറ്റ് അറിവിന്റെ ലോകം വിശാലമാക്കാൻ ഏറെ സഹായകമാണ്. പക്ഷേ, മനസിനെ മലിനമാക്കാൻ ഇടയാകുംവിധം അതുപയോഗിച്ചുകൂടാ.
സിറിയക് കോട്ടയിൽ