അമ്മ മലയാളത്തിന്റെ പൊന്നോമന
Sunday, November 18, 2018 2:32 AM IST
അമ്മ,
എന്തുരസമാണല്ലേ ആ വാക്ക്. മലയാളത്തിലെ ആദ്യാക്ഷരത്തില്‍ തുടങ്ങുന്ന, ചുണ്ടുകളില്‍ ആദ്യമായി മുഴങ്ങുന്ന, അനുഭവത്തിന്റെ അമ്മിഞ്ഞപ്പാല് കിനിയുന്ന, സ്നേഹത്തിന്റെ ആദ്യാക്ഷരമാണ് ആ വാക്ക്. അതുകൊണ്ട് മലയാളത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട വാക്കാണത്.
തസ്മ പറഞ്ഞുനിര്‍ത്തി,
അവിടെ നിന്നും തുടങ്ങാം...
തസ്മയെ നമ്മള് മുമ്പൊരിക്കല്‍ കണ്ടിരുന്നു. രണ്ടര വര്‍ഷം മുമ്പ് ഇറങ്ങിയ സൺഡേ ദീപികയിലായിരുന്നു അത്. കാസര്‍ഗോഡ് ജില്ലയിലെ പാണത്തൂരിനടുത്ത് കല്ലപ്പള്ളി കമ്മാടിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ മൂന്നാം ക്ലാസുകാരിയായിരുന്നു അന്നവള്‍. സ്വന്തം വീടിരിക്കുന്ന കല്ലപ്പള്ളിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള കമ്മാടിയിലെ സ്കൂളിലേക്കുള്ള യാത്രപോലും ആ കുട്ടിയുടെ മലയാളത്തോടുള്ള ഇഷ്ടത്തിന്റെ ഭാഗമായിരുന്നു. സെറിബ്രല്‍ പാൾസി പിടിപെട്ട് കൈകാലുകള്‍ക്ക് ശക്തി നഷ്ടപ്പെട്ടിരുന്നതിനാല്‍ അവളുടെ അച്ഛന് സീതാരാമ മകള്‍ക്ക് പഠിക്കാന്‍ വേണ്ടി മാത്രം ലോണെടുത്തു വാങ്ങിയ ജീപ്പിലായിരുന്നു അന്നവളുടെ യാത്ര.
സെറിബ്രല്‍ പാൾസി വന്ന് താളം തെറ്റിയ ശരീരത്തെയും കൂട്ടുപിടിച്ച് എന്റെ മലയാളത്തെക്കുറിച്ച് അന്നവള്‍ പറഞ്ഞപ്പോള്‍ ഏറെ അഭിമാനം തോന്നി. ശരീരത്തിന്റെ അവശതകളെ മലയാള പഠനം കൊണ്ട് മറികടക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ അദ്ഭുതവും. മലയാളം പഠിക്കാത്ത അച്ഛന് തന്നെ മലയാളം പഠിപ്പിക്കാനായി ജീപ്പ് മേടിച്ച് കഷ്ടപ്പെടുന്ന കഥ വികാരവായ്പോടെ പറഞ്ഞുതന്നപ്പോള്‍ പോലും അവള് മലയാളത്തില്‍ ചിരിച്ചതു കണ്ടു.
നാലാം ക്ലാസ് കഴിയുമ്പോള്‍ കമ്മാടിയിലെ സ്കൂളിലെ പഠനം കഴിയുമെന്നും പിന്നെ മലയാളം പഠിക്കാന്‍ 20 കിലോമീറ്റര്‍ അകലെയുള്ള പാണത്തൂര്‍ ഗവ. സ്കൂളില്‍ എത്തണമെന്നും അന്നവള്‍ ആശങ്കപ്പെട്ടിരുന്നു. കര്‍ഷകനായ സീതാരാമയ്ക്ക് എന്നും ഇത്ര ദൂരം വണ്ടിയോടിച്ചെത്തി മകളെ പഠിപ്പിക്കാന്‍ സാമ്പത്തിക ശേഷി അനുവദിക്കുമോയെന്നും സംശയിച്ചു. അതുകൊണ്ട് കൂടുതല്‍ സുരക്ഷിത മാര്‍ഗമായി രണ്ടുകിലോമീറ്റര്‍ മാത്രം അകലെയുള്ള കന്നഡമീഡിയം സ്കൂളില്‍ ചേര്‍ക്കുമോ എന്നും ആശങ്കയായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അമ്മ സ്നേഹം നല്കിയ മലയാളത്തിന്റെ കൈയില്‍ നിന്നും അവള് വഴുതിപ്പോകുമോ എന്നും പഠനത്തിലൂന്നി ഉറച്ചുച്ചുറച്ച് വരുന്ന അവളുടെ കൈകാലുകള്‍ക്ക് ശക്തി ചോരുമോ എന്നും ഓര്‍ത്ത് ഭീതിയോടെ പറഞ്ഞുനിര്ത്തിയിരുന്നു അന്ന്.
ശ്രേഷ്ഠ ഭാഷാവര്ഷത്തില് കഥയറിഞ്ഞ നമുക്ക് അന്നവള്‍ വരദാനമായിരുന്നു, അഭിമാനവും അഹങ്കാരവുമായിരുന്നു. വാക്കുകളിലെ സ്നേഹം ഒഴുകിയിറങ്ങിയപ്പോള്‍ നമ്മള് അവളെ മറന്നു. മലയാളക്കരയില്‍ അവള് വീണ്ടും ഒറ്റയ്ക്കായി. ഋതുഭേദങ്ങള്‍ മാറിമറഞ്ഞ് കാലം അതിന്റെ പ്രയാണത്തോടൊപ്പം രണ്ടര വര്‍ഷവും കൂടി ചേര്‍ത്തപ്പോള്‍ ആ പഴയ ഓര്‍മകള്‍ വീണ്ടും തിരിച്ചെത്തുന്നു.
മലയാളത്തിന് മധുരം
മനസില്‍ നിറഞ്ഞപ്പോള്‍
മലയാണ്മയോടൊപ്പമവള്
മലയിറങ്ങി
കമ്മാടിയിലെ നാലാം ക്ലാസ് പഠനത്തിനൊടുവില്‍ വലിയ പ്രതിസന്ധിയാണ് തസ്മയെ പിടികൂടിയത്. അമ്മ സ്നേഹത്തിനൊപ്പം ഇനിയും കൂട്ടുകൂടാനാകുമോ എന്നായി ആശങ്ക. മലയാളം ഇനി പഠിക്കണമെങ്കില്‍ 20 കിലോമീറ്റര്‍ ദൂരത്തിലുള്ള പാണത്തൂര്‍ ഗവ. ഹൈസ്കൂളിലെത്തണം. അച്ഛന് സീതാരാമയ്ക്ക് അത്രയുംദൂരം ജീപ്പോടിച്ച് പോയി തിരിച്ചുവരാന്‍ പ്രായോഗിക ബുദ്ധമുട്ടേറെയായിരുന്നു. അമ്മ സ്നേഹം തന്ന മലയാളത്തോടൊപ്പം ഇനിയും തുടരണോ അതോ നിസഹായത നിഴലിച്ച അച്ഛനമ്മമാരുടെ മുഖമിനി നിരാലംബമാക്കി മാറ്റണോ എന്ന് അവള് ആശങ്കപ്പെട്ടു.
മലയാണ്മയോടുള്ള സ്നേഹം നിഴലിച്ചുനിന്ന തസ്മയുടെ കണ്ണുകളില്‍ നോക്കി അച്ഛന് സീതാരാമയ്ക്ക് മറിച്ചൊരു തീരുമാനമെടുക്കാനാകുമായിരുന്നില്ല. മലയാളത്തെ വിടാന്‍ അവളെ പ്രേരിപ്പിച്ചാല്‍ സെറിബ്രല്‍ പാൾസിയെ ചെറുത്തുതോല്‍പ്പിച്ച അവളുടെ കുഞ്ഞുമനസ് ഇടറുമെന്ന് ആ പിതൃമനസ് ഭയപ്പെട്ടു. അങ്ങനെ അദ്ദേഹം അവള്‍ക്കുവേണ്ടി ഒരു സുപ്രധാന തീരുമാനമെടുത്തു. എന്തുവന്നാലും അവളെ മലയാളം സ്കൂളില്‍ ചേര്‍ക്കുക.
അങ്ങനെ തസ്മയെയും കൂട്ടി അദ്ദേഹം പാണത്തൂരേക്ക് പുറപ്പെട്ടു. കിലോമീറ്ററുകള്‍ താണ്ടി പാണത്തൂര്‍ ഗവ. സ്കൂളില്‍ എത്തിയപ്പോള്‍ അവിടുള്ള അധ്യാപകര്‍ക്കാകെ ആശ്ചര്യം. സമീപത്തുള്ള പല കുട്ടികളും ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തേടിപ്പോകുമ്പോള്‍ മലയാളം പഠിക്കാന്‍ മലയിറങ്ങി വന്ന അച്ഛനെയും മകളെയും കണ്‍കുളിര്‍ക്കെ അവര്‍ കണ്ടു. പിന്നെ അഭിമാനത്തോടെ അവരെ സ്കൂള്‍ ഓഫീസില്‍ വിളിച്ചിരുത്തി അഡ്മിഷന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു. ഇറങ്ങാന്‍ നേരം തസ്മയുടെ ചുമലില്‍ തട്ടി ഒരധ്യാപകന് ചോദിച്ചിരുന്നു പോലും, ‘മലയാളത്തോടെന്തേ ഇത്രമാത്രം സ്നേഹമെന്ന്’ അമ്മസ്നേഹത്തില്‍ വിടര്‍ന്ന ചുണ്ടുകള്‍ ഇത്ര മാത്രം മൊഴിഞ്ഞു.
"മലയാളമാണെന്നെ നടത്തിയത്. അതുകൊണ്ട് മലയാണ്മയെ എനിക്ക് പിരിയാനാകില്ല.'
മോഹം മഹത്വ വത്കരിക്കപ്പെടുമ്പോള്‍
മനവും മഹത്വവും
മലയാളത്തോടൊപ്പം
അഞ്ചാം ക്ലാസ് പഠനത്തിന്റെ ആദ്യഘട്ടത്തില്‍ സീതാരാമ മകളെയും കൂട്ടി ജീപ്പില്‍ 20 കിലോമീറ്റര്‍ അകലെയുള്ള മലയടിവാരത്തെ സ്കൂളില്‍ എത്തിയിരുന്നു. രാവിലെ വീട്ടില്‍നിന്നും യാത്ര തിരിച്ച് സ്കൂളിലെത്തി തസ്മയെ ക്ലാസിലാക്കിയശേഷം അദ്ദേഹം പാണത്തൂരിലൂടെ വെറുതെ ചുറ്റിനടന്നു. ക്ലാസ് കഴിയുമ്പോള്‍ തസ്മയെയും കൂട്ടി വീണ്ടും മല കയറി. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം രാവിലെ കുട്ടിയെ സ്കൂളില്‍ ആക്കിയ ശേഷം വീണ്ടും മല കയറുകയും വൈകുന്നേരം തിരിച്ചു കൂട്ടാന്‍ വരികയും ചെയ്തു.
രണ്ടു മാസത്തോളം ഇങ്ങനെ പോയി. രാവിലെയും വൈകുന്നേരവുമുള്ള ഈ ദീര്‍ഘയാത്ര തസ്മയെ പതിയെപ്പതിയെ ബുദ്ധിമുട്ടിലാക്കി. എങ്കിലും അവളത് ആരോടും പറഞ്ഞില്ല. തന്റെ അസ്വസ്ഥതകള്‍ മൂലം പഠനമുപേക്ഷിക്കേണ്ടിവന്നാല് അതവള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. പക്ഷെ സ്നേഹനിധിയായ അച്ഛൻ ഇതൊക്കെ മനസിലാക്കുന്നുണ്ടായിരുന്നു. ആ ആശങ്ക അദ്ദേഹം ഭാര്യ ആശയോട് ഇടയ്ക്കിടെ പങ്കുവയ്ക്കുകയും ചെയ്തു.
പ്രശ്നത്തിന് പരിഹാരം നിർദേശിച്ചത് ഭാര്യയാണ്. മോള്‍ക്ക് താമസിച്ചു പഠിക്കാന്‍ പാണത്തൂര്‍ ഒരു ചെറിയ വീട് വാങ്ങിയാലോ എന്ന നിര്‍ദേശം അവര്‍ മുന്നോട്ടുവച്ചു. ലളിതമായി ഭാര്യ ഒരു പ്രതിവിധി പറഞ്ഞുവെങ്കിലും സീതാരാമയുടെ ഉള്ളു പിടയുകയായിരുന്നു. വീട് മേടിക്കാനുള്ള സാമ്പത്തികം ഒരു കര്‍ഷകനായ അദ്ദേഹത്തിന് വലിയൊരു പ്രശ്നമായിരുന്നു. എന്തു പ്രതിവിധി എന്ന ചോദ്യത്തിനുമുന്നില്‍ കുഴങ്ങിനിന്നു അവസാനം ഒരു വാടകവീട് എടുക്കാമെന്ന തീരുമാനത്തിലേക്ക് അദ്ദേഹമെത്തി.
വാടകവീട് ബാധ്യതയായിരിക്കുമെന്നും ലോണെടുത്തെങ്കിലും ഒരു ചെറിയ വീട് സ്വന്തമാക്കുന്നതാണു നല്ലതെന്നും ഭാര്യ വീണ്ടും ഉപദേശിച്ചു. കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ അതുതന്നെ മെച്ചം. അങ്ങനെയാണ് മലയാളത്തിന്റെ മണമുള്ള നാട്ടില്‍ മകള്‍ക്കായൊരു കുഞ്ഞുവീട് സ്വന്തമാക്കുന്നത്. പാണത്തൂര്‍ ഗവ. സ്കൂളില്‍നിന്നും 50 മീറ്റര്‍ മാത്രം അകലെ വാങ്ങിയ ഒരു കൊച്ചുവീടായിരുന്നു അത്. തന്റെ ചെറിയ സമ്പാദ്യവും ബാക്കി ബാങ്ക് ലോണുമെടുത്ത് 15 ലക്ഷം രൂപയ്ക്കാണ് വീട് സ്വന്തമാക്കിയത്.
അപ്പോഴും ഒരു ബുദ്ധിമുട്ട് നിഴലിച്ചിരുന്നു. ആ വീട്ടിലേക്ക് കയറിപ്പോകാന്‍ ചെറിയൊരു ഇടവഴി മാത്രമേ ഉള്ളു എന്ന ബുദ്ധിമുട്ട്. സ്നേഹവാനായ അച്ഛന് ആ ബുദ്ധിമുട്ടും കൂടി മകൾക്ക് നല്കാല് താത്പര്യമുണ്ടായിരുന്നതല്ല. സാമ്പത്തികം, അതായിരുന്നല്ലോ എല്ലാം നിയന്ത്രിച്ചിരുന്നത്.
മൗനം വിതുമ്പിയില്ല
മനം വിങ്ങിയില്ല
മനസിന്റെ മണിയറയില്‍
മലയാളമിന്നും മുഴങ്ങുന്നു
വീടെടുത്ത ആദ്യ കാലഘട്ടങ്ങളില്‍ അച്ഛനോ അമ്മയോ മാറിമാറി തസ്മയ്ക്ക് സഹായമായി നിന്നു. രാവിലെ തസ്മയെ സ്കൂളിലേക്ക് കൊണ്ടുപോകുകയും വൈകുന്നേരം തിരികെക്കൊണ്ടുവരികയും ചെയ്തു. തസ്മ സന്തോഷവതിയായി കണ്ടപ്പോള്‍ അവര്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ പോലും മറന്നു.
പക്ഷേ ഈ പ്രക്രിയ അധികകാലം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. മലമുകളിലെ വീട്ടില്‍ 80 പിന്നിട്ട മാതാപിതാക്കളും തസ്മയുടെ കുഞ്ഞനുജന് ഹാര്‍ദിക്കും നിരാലംബരായിരുന്നു. അങ്ങനെയാണ് തസ്മയ്ക്ക് സഹായിയായി ഒരാളെ നിര്‍ത്താന്‍ തീരുമാനിക്കുന്നത്. 6000 രൂപ മാസ ശമ്പളത്തില്‍ ഒരു സ്ത്രീയെ തസ്മയ്ക്ക് കൂട്ടായി നിര്‍ത്തി ഇരുവരും മലകയറി. എങ്കിലും ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തസ്മയ്ക്കൊപ്പം നില്ക്കാന് അവരെപ്പോഴും വന്നുകൊണ്ടിരുന്നു.
തസ്മയുടെ സ്കൂള്‍ യാത്രയായിരുന്നു പിന്നീടുള്ള ദുരിതം. സ്കൂള്‍ അടുത്തായിരുന്നെങ്കിലും അവിടേക്കുള്ള യാത്ര ദുരിതപൂര്‍ണമായിരുന്നു. സെറിബ്രല്‍ പാൾസിയെ തോല്‍പ്പിച്ച പിച്ചവയ്ക്കുന്ന കാലുകളും ശക്തി നേടുന്ന ശരീരവുമായി അവള് ഓരോ ദിവസവും പോരാടേണ്ടി വന്നു. ഇടവഴികളില്‍ ഇടയ്ക്ക് തളര്ന്നിരിക്കേണ്ടി വരുമ്പോള്‍ സഹായത്തിനുള്ള ആന്റിമാര് അവളെയെടുത്ത് സ്കൂളിലെത്തിക്കും. എങ്കിലുമവള് പരമാവധി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാനാണ് പരിശ്രമിച്ചത്.
സ്കൂളില്‍ തസ്മയ്ക്ക് അധ്യാപകരും സഹപാഠികളും വലിയ പ്രോത്സാഹനമാണ് നല്‍കിയത്. അവളുടെ മലയാള സ്നേഹത്തെ അധ്യാപകര്‍ കൂടെക്കൂടെ വാഴ്ത്തിയപ്പോള്‍ സഹപാഠികള്‍ ഒന്നടങ്കം അഭിമാനം കൊള്ളുകയാണ്. അങ്ങനെ ആ കുഞ്ഞിളം മനസുകളില്‍ മലയാളം തിളങ്ങുന്നു.
മലയാളക്കരയേ മിഴിതുറക്കുക
മനം നിറയെയങ്ങനെ
മലയാളമങ്കയെ കാണുക

ഇന്നവള്‍ ആറാം ക്ലാസിലാണ്. ജീവിതത്തിലെ പല ദുര്‍ഘട വഴികളും മലയാളത്തോടൊപ്പം പിന്നിട്ട് അവളിന്നും ഒന്നാമതാണ്. ക്ലാസിലെ ഒന്നാം സ്ഥാനം ആര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നു ചോദിക്കുമ്പോള്‍ ഉത്തരം ഒന്നുമാത്രം. എന്റെ മലയാണ്മയ്ക്ക്.
ആഴ്ചയവസാനം മലയാണ്മയുമായി മല കയറിവരുന്ന തസ്മയെക്കാത്ത് പടിവാതില്ക്കല് ഒരു പിഞ്ചുമനസ് കാത്തിരിക്കുന്നുണ്ടാകും. മറ്റാരുമല്ല; അവളുടെ കുഞ്ഞനുജന് ഹാര്‍ദിക്ക്. അവനിന്ന് തസ്മ തേടിപ്പോയ വഴികളിലൂടെ നടക്കുന്നുണ്ട്. മലയാളം പഠിപ്പിക്കുന്ന കമ്മാടിയിലെ അങ്കണവാടിയിലാണ് ഇന്നവന്റെ പഠനം. ചേച്ചി വരുമ്പോള്‍ പാട്ടുപാടിത്തരുമെന്ന ഉറപ്പോടെ അവനെല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളില്‍ ഉണ്ണാതെയുറങ്ങതെ കാത്തിരിക്കുന്നു. ചേച്ചി വന്നാല്‍, ഈണത്തിലുള്ള ആ പാട്ട് കേട്ടാല്‍ മധുരം തുളുമ്പുന്ന ആ സംസാരമറിഞ്ഞാല് അവന് സന്തോഷവാനാകും. പിന്നെ തൊടിയിലൂടെയും വീട്ടിലൂടെയും അവര്‍ കളിച്ചുചിരിച്ച് പഠിച്ചങ്ങനെ ജീവിക്കും.
ഇറങ്ങാന്‍ നേരം ഹാര്‍ദിക്കിന് പാടിക്കൊടുക്കാറുള്ള ആ പാട്ട് പാടുമോ എന്നു ചോദിച്ചു. ചിരിക്കുക മാത്രം ചെയ്തു അവള്. പലകുറി പലരും നിര്‍ബന്ധിച്ചിട്ടും അവളുടെ ചുണ്ടില്‍ മലയാളപുഞ്ചിരി മാത്രം. ഒടുവി ല്‍ആ ചിരിയിലമര്ന്ന് മലയിറങ്ങി. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ പിന്നിലാ പാട്ടു മുഴങ്ങി.
മലയാളമേ മധുരമേ
മധുനിറയ്ക്കുക
മതിവരുവോളം...
അതവളുടെ പാട്ടാണ്.
നമ്മുടെ സ്വന്തം മലയാളിപ്പെണ്ണിന്റെ....
വിനില്‍ ജോസഫ്
ോചിത്രങ്ങൾ: സ്റ്റെനിസണ് ബേബി