തീ​ണ്ട​ൽ പ​ല​ക​ക​ൾ പി​ഴു​തെ​റി​ഞ്ഞ വൈക്കം സത്യഗ്രഹം
പെ​രു​വ​ഴി​യി​ലൂ​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നേ​ടി തീ​ണ്ട​ൽ പ​ല​ക​ക​ൾ
പി​ഴു​തെ​റി​ഞ്ഞ് വി​മോ​ച​ന​പ്ര​സ്ഥാ​ന​ത്തിൽ അ​ത്യു​ജ്വല അ​ധ്യായം
ര​ചി​ച്ച് 603 ദി​വ​സം നീ​ണ്ടു​നി​ന്ന സ​ത്യഗ്ര​ഹ​ത്തെക്കുറിച്ച്...


ച​രി​ത്ര​ത്തി​ന്‍റെ വ​ഴി​ത്താ​ര​ക​ളി​ൽ ദീ​പ​സ്തം​ഭ​മാ​യി നി​ല്ക്കു​ന്ന ഐ​തി​ഹാ​സി​ക​മാ​യ വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന് 2019 മാ​ർ​ച്ച് 30 ന് 95 ​വ​യ​സ്്. ഭാ​ര​ത​ത്തി​നു ന​വോ​ഥാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം തീ​പ്പൊ​രി​യി​ൽനി​ന്നു കാ​ട്ടു​തീ​യാ​യി ജ്വ​ലി​ച്ച് കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ​മ​ണ്ഡ​ല​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന അ​യി​ത്താ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രേ, മ​നു​ഷ്യ​ന് വ​ഴി ന​ട​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ട​ത്തി​യ ത്യാ​ഗോ​ജ്വല​മാ​യ സ​ത്യ​ഗ്ര​ഹം ച​രിത്ര​ത്തി​ന്‍റെ താ​ളു​ക​ളി​ൽ എ​ക്കാ​ല​വും തി​ള​ങ്ങി നി​ല്ക്കും.

95 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ ന​ഗ​ര​വീ​ഥി​ക​ളി​ൽനി​ന്നു തു​ട​ങ്ങി​യ മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം ഇ​ന്ത്യ​യി​ലെ​ന്പാ​ടും അ​ല​യ​ടി​ച്ചു​യ​ർ​ന്നു. ജാ​തി വ്യ​വ​സ്ഥ നി​ല​നി​ന്നി​രു​ന്ന സാ​മൂ​ഹ്യ കാ​ല​ഘ​ട്ടം കേ​ര​ള​ത്തി​ന്‍റെ ഇ​രു​ണ്ട കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. തീ​ണ്ട​ൽ, തൊ​ടീ​ൽ, സ​വ​ർ​ണ-​അ​വ​ർ​ണ വ്യ​ത്യാ​സം ജീ​ർ​ണിച്ച സാ​മൂ​ഹ്യ വ്യ​വ​സ്ഥി​തി​യെ മാ​റ്റി മ​റി​ക്കു​ന്ന​തി​ന് ന​ട​ത്തി​യ മ​ഹാ​സ​ത്യഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ ധീ​രോ​ദാ​ത്ത​മാ​യ സ്മൃ​തി​ക​ൾ ന​മു​ക്ക് ഉൗ​ർ​ജം പ​ക​ർ​ന്നുന​ല്കു​ന്നു. ന​വോ​ഥാന നാ​യ​ക​ർ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ സാ​ഹി​ത്യ നാ​യ​ക​ർ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ ഉ​ല്പ​തി​ഷ്ണു​ക്ക​ൾ ത്യാ​ഗോ​ജ്വല​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

1924 മാ​ർ​ച്ച് 30

ജന്മി-​നാ​ടു​വാ​ഴി​വ്യ​വ​സ്ഥ​യു​ടെ ക്രൂ​ര​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ അ​വ​ർ​ണ ജ​ന​ത​യ്ക്ക് സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി 1924 മാ​ർ​ച്ച് 30 ന് ​തു​ട​ങ്ങി​യ സ​ത്യ​ഗ്ര​ഹ സ​മ​രം 603 ദി​വ​സം നീ​ണ്ടു​നി​ന്നു. അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​നു വ​ഴി​കാ​ട്ടി​യാ​യി​ത്തീ​ർ​ന്നു. കേ​ര​ള​ത്തി​ൽ ഈ​ഴ​വ​രാ​ദി പി​ന്നോ​ക്ക​ക്കാ​രാ​യ അ​വ​ർ​ണ സ​മു​ദാ​യ​ങ്ങ​ൾ ചാ​തു​ർവ​ണ്യത്തി​ന്‍റെ ക്രൂ​ര​മാ​യ നി​യ​മ​ത്തി​ൻ കീ​ഴി​ലാ​യി​രു​ന്നു. പൊ​തു​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നു​വേ​ണ്ടി, മാ​റു​മ​റ​യ്ക്കു​ന്ന​തി​നു​വേ​ണ്ടി, അ​ക്ഷ​രം പ​ഠി​ക്കു​ന്ന​തി​നു​വേ​ണ്ടി കീ​ഴാ​ള ജ​ന​ത ന​ട​ത്തി​യ സ​ന്ധി​യി​ല്ലാ​ത്ത സ​മ​ര​ങ്ങ​ൾ ഒ​ടു​വി​ൽ അ​യി​ത്തോ​ച്ചാ​ട​നത്തി​നു കാ​ര​ണ​മാ​യ തീ​ണ്ട​ൽ പ​ല​ക​ക​ൾ പി​ഴു​തെ​റി​ഞ്ഞു. സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ ഭ്രാ​ന്താ​ല​യ​മെ​ന്നു വി​ശേ​ഷി​പ്പി​ച്ച കേ​ര​ള​ത്തെ മ​നു​ഷ്യാ​ല​യ​മാ​ക്കി മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ന് തു​ട​ക്കം കു​റി​ക്കു​വാ​ൻ വൈ​ക്കം സ​ത്യഗ്ര​ഹ​ത്തി​ന് സാ​ധി​ച്ചു.

ദ​ള​വാ​ക്കു​ളം

1806-ൽ ​വൈ​ക്കം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ സം​ഘ​ടി​ത​മാ​യി ആ​രാ​ധ​ന​യ്ക്കു​വേ​ണ്ടി പ്ര​വേ​ശി​ച്ച ഒ​രു സം​ഘം ഈ​ഴ​വ​രാ​ദി പി​ന്നോ​ക്ക​ക്കാ​രാ​യ അ​വ​ർ​ണ ജ​ന​ത​യെ വേ​ലു​ത്ത​ന്പി ദ​ള​വ​യു​ടെ ഉ​ത്ത​ര​വി​ൻ പ്ര​കാ​രം വൈ​ക്കം പ​ത്മ​നാ​ഭ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ചി​ക്കു​ട്ടി​പ്പി​ള്ള​യും, കു​തി​ര​പ​ക്ഷി​യും രാ​ജാ​വി​ന്‍റെ കി​ങ്ക​രന്മാ​രും ചേ​ർ​ന്ന് നി​ഷ്ഠൂ​രം വെ​ട്ടി​യ​രി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി. കൊ​ല ചെ​യ്ത അ​വ​ർ​ണ​ന്‍റെ ശ​വ​ശ​രീ​ര​ങ്ങ​ൾ വൈ​ക്കം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കു-​കി​ഴ​ക്കു ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന വ​ലി​യ കു​ള​ത്തി​ലി​ട്ടു മൂ​ടു​വാ​ൻ വേ​ലു​ത്ത​ന്പി ദ​ള​വ​യു​ടെ ഉ​ത്ത​ര​വ് രാ​ജ​കി​ങ്ക​രന്മാ​ർ അ​നു​സ​രി​ച്ചു. ഈ ​കു​ളം പി​ന്നീ​ട് ദ​ള​വാ​ക്കു​ളം എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടു.

1923 ൽ ​വൈ​ക്കം വ​ട​യാ​റി​ൽ ന​ട​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ ദ​ള​വാ​ക്കു​ളം സം​ഭ​വം വി​വ​രി​ച്ച​പ്പോ​ൾ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ പ​റ​ഞ്ഞു. ‘രോ​മാ​ഞ്ച​മു​ണ്ടാ​ക്കു​ന്ന വീ​ര​ച​രി​ത്ര​മാ​ണ് നാം ​ഇ​പ്പോ​ൾ ശ്ര​വി​ച്ച​ത്. അ​ഭി​മാ​നി​ക​ളാ​യ അ​പൂ​ർ​വ സൂ​രി​ക​ളു​ടെ അ​സ്ഥി​ക​ൾ ആ ​കു​ള​ത്തി​ൽ നി​ന്ന് തോ​ണ്ടി​യെ​ടു​ത്ത് പൂ​ജി​ക്കാ​ൻ മാ​ത്രം അ​വ​ർ പു​ണ്യം ചെ​യ്ത​വ​രാ​ണ്’.
ദ​ള​വാ​ക്കു​ളം സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​രു നൂ​റ്റാ​ണ്ടു​ക​ഴി​ഞ്ഞ് 1905-ൽ ​വൈ​ക്കം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന്‍റെ നാ​ലു ഗോ​പു​ര​വ​ഴി​ക​ളി​ലു​ള്ള ക​ലു​ങ്കി​ൽ ‘തീ​ണ്ട​ൽ പ​ല​ക​ക​ൾ’ സ്ഥാ​പി​ച്ചു.

ഈ​ഴ​വ​രാ​ദി അ​യി​ത്ത​ജാ​തി​ക്കാ​ർ വ​ഴി​ന​ട​ക്കു​ന്ന​തി​നെ നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. അ​യി​ത്താ​ചാ​ര​ത്തി​ന്‍റെ അ​തി​ർ​വ​ര​ന്പു​ക​ൾ ലം​ഘി​ക്കു​ന്ന​തി​നു​വേ​ണ്ടി, വ​ഴി​ന​ട​ക്കു​ന്ന​തി​നു​വേ​ണ്ടി ടി.​കെ മാ​ധ​വ​ൻ 1917 ​സെ​പ്റ്റം​ബ​ർ 27 ന് ​തി​രു​ന​ൽ​വേ​ലി​യി​ലെ​ത്തി​യ മ​ഹാ​ത്മ​ജി​യെ നേ​രി​ൽ​ക​ണ്ട് ജീ​ർ​ണിച്ച സാ​മൂ​ഹ്യ അ​നാ​ചാ​രം മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി സം​ഭാ​ഷ​ണം ന​ട​ത്തി.

അ​യി​ത്തോ​ച്ചാ​ട​ന പ്ര​മേ​യം

പി​ന്നീ​ട് 1923 ഡി​സം​ബ​റി​ലെ ""കാ​ക്കി​നാ​ഡ’’ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ടി.​കെ മാ​ധ​വ​ന്‍റെ അ​പേ​ക്ഷ മൂ​ലം സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ധ്യക്ഷ​നാ​യി​രു​ന്ന മൗ​ലാ​ന മു​ഹ​മ്മ​ദ് അ​ലി​യെ​ക്കൊ​ണ്ട് അ​യി​ത്തോ​ച്ചാ​ട​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി. 1924 ൽ ​ജ​നു​വ​രി 20 ന് ​എ​റ​ണാ​കു​ള​ത്ത് ചേ​ർ​ന്ന കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യോ​ഗം അ​യി​ത്തോ​ച്ചാ​ട​ന സ​മ​രം വൈ​ക്ക​ത്ത് ആ​രം​ഭി​ക്കു​വാ​ൻ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. ടി.​കെ മാ​ധ​വ​ൻ, കെ.​കേ​ള​പ്പ​ൻ നാ​യ​ർ (ക​ണ്‍​വീ​ന​ർ) കു​റൂ​ർ നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, കൃ​ഷ്ണ​സ്വാ​മി അ​യ്യ​ർ, ക​ണ്ണ​ന്തോ​ട​ത്തു വേ​ലാ​യു​ധ​മേ​നോ​ൻ, കെ.​പി കേ​ശ​വ​മേ​നോ​ൻ, ബാ​രി​സ്റ്റ​ർ എ.​കെ പി​ള്ള എ​ന്നി​വ​ർ സ​മ​ര​ജാ​ഥ​ക​ൾ ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ ചി​ന്ത​യി​ലും ഹൃ​ദ​യ​ത്തി​ലും ആ​ന്ത​രി​ക പ്ര​ചോ​ദ​ന​മേ​കി തി​രു​വി​താം​കൂ​ർ സ​ഞ്ച​രി​ച്ചു.

വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ വി​ളം​ബ​രം പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു​കൊ​ണ്ട് 1924 ഫെ​ബ്രു​വ​രി 29 ന് ​വൈ​ക്ക​ത്ത് ഈ​ഴ​വ​രും പു​ല​യ​രും പ​ങ്കെ​ടു​ത്ത മ​ഹാ​സ​മ്മേ​ള​നം ന​ട​ന്നു. കേ​ര​ള​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ സെ​ക്ര​ട്ട​റി​യും മാ​തൃ​ഭൂ​മി പ​ത്ര​ത്തി​ന്‍റെ സ്ഥാ​പ​ക​നും അ​യി​ത്തോ​ച്ചാട​ന ക​മ്മ​ിറ്റി​യു​ടെ മെ​ന്പ​റു​മാ​യ കെ.​പി കേ​ശ​വ​മേ​നോ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ടി.​കെ മാ​ധ​വ​ൻ, എ.​കെ പി​ള്ള, കെ. ​വേ​ലാ​യു​ധ​മേ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ഥ​മ​ ര​ക്ത​സാ​ക്ഷി

പ​ട്ടി​യും പൂ​ച്ച​യും ക​ന്നു​കാ​ലി​ക​ളും നി​ർ​ബാ​ധം സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ലൂ​ടെ മ​ണ്ണി​ന്‍റെ മ​ക്ക​ൾ​ക്ക് വ​ഴി ന​ട​ക്കു​ന്ന​തി​നു​വേ​ണ്ടി ഐ​തി​ഹാ​സി​ക​മാ​യ വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന് 1924 മാ​ർ​ച്ച് 30 ന് ​ന​വോ​ഥാന​ത്തി​ന്‍റെ കാ​ഹ​ള​മൂ​തി മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള ഭാ​ര​ത​ത്തി​ലെ പ്ര​ഥ​മ​സ​മ​രം വൈ​ക്ക​ത്ത് ആ​രം​ഭി​ച്ചു. "​തീ​ണ്ട​ൽ​പ​ല​ക’ പി​ഴു​തെ​റി​യാ​ൻ ഒ​ന്നാം ദി​വ​സം പു​ല​യ​നാ​യ കു​ഞ്ഞാ​പ്പി​യും ഈ​ഴ​വ​നാ​യ ബാ​ഹു​ലേ​യ​നും നാ​യ​രാ​യ ഗോ​വി​ന്ദ​പ​ണി​ക്ക​രും അ​യി​ത്ത​ക​ലു​ങ്കി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പി​ന്നീ​ട് ഓ​രോ ദി​വ​സ​വും സ​ത്യ​ഗ്ര​ഹി​ക​ൾ​ക്കു​നേ​രെ സ​വ​ർ​ണ​രും അ​വ​രു​ടെ ഗു​ണ്ട​ക​ളും പോ​ലീ​സും ചേ​ർ​ന്ന് മൃ​ഗീ​യ മ​ർ​ദ്ദ​നം അ​ഴി​ച്ചു​വി​ട്ടു. പെ​രു​ന്പ​ളം ആ​മ​ചാ​ടി തു​രു​ത്തി​ൽ നി​ന്നെ​ത്തി​യ പു​ല​യ​സ​മു​ദാ​യ​ക്കാ​ര​നാ​യ തേ​വ​ന്‍റെ​യും മൂ​വാ​റ്റു​പു​ഴ​ക്കാ​ര​ൻ രാ​മ​ൻ ഇ​ള​യ​തി​ന്‍റെ ക​ണ്ണു​ക​ളി​ൽ പ​ച്ച​ച്ചുണ്ണാ​ന്പെ​ഴു​തി ക​ണ്ണു​പൊ​ട്ടി​ച്ചു.. തി​രു​വ​ല്ല ചി​റ്റേ​ട​ത്തു ശ​ങ്കു​പ്പി​ള്ള​യെ മ​ർ​ദിച്ചു കൊ​ന്നു. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ പ്ര​ഥ​മ​ര​ക്ത​സാ​ക്ഷി.

മു​ത്തു​സ്വാ​മി​യു​ടെ ചെ​ണ്ട

സ​ത്യ​ഗ്ര​ഹ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ത​മി​ഴ്നാ​ട്ടു​കാ​ര​ൻ മു​ത്തു​സ്വാ​മി​യു​ടെ ചെ​ണ്ട പ​ല ത​വ​ണ ഗു​ണ്ട​ക​ൾ കു​ത്തി​ക്കീ​റി ഭീ​ക​ര​മാ​യി മ​ർ​ദി​ച്ചു. മ​ണ്ണെ​ണ്ണ​പ്പാ​ട്ട ​ക​ഴു​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി വി​ളം​ബ​രം കൊ​ട്ടി​യ​റി​യി​ച്ചു. "ഇ​ണ്ണൈ​ക്ക് ശാ​യ​ന്തി​നും അ​ഞ്ചു​മ​ണി​ക്ക് ബോ​ട്ടു​ജെ​ട്ടി പ​ക്ക​ത്തി​ൽ ബാ​രി​സ്റ്റ​ർ ജോ​ർ​ജ് ജോ​സ​ഫ് പേ​ശു​കി​റാ​ർ​ക​ൾ ...... ഡും.... ​ഡും.... ഡാ.’

സ​ത്യ​ഗ്ര​ഹ​വാ​ള​ണ്ടി​യ​ർ​മാ​രു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ലും, വൃ​ഷണ​ത്തി​ലും ഗു​ണ്ട​ക​ൾ പൈ​ശാ​ചി​ക​മാ​യി മ​ർ​ദനം ന​ട​ത്തി, സ​മ​ര​വ​ഴി​ക​ളി​ൽ കു​പ്പി​ച്ചി​ല്ലും ഞെ​രി​ഞ്ഞി​ലും വി​ത​റി. തി​രു​വി​താം​കൂ​ർ പോ​ലീ​സും ഗു​ണ്ട​ക​ളും സ​ത്യ​ഗ്ര​ഹി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദിച്ച് അ​വ​ശ​രാ​ക്കിക്കൊ​ണ്ടി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽനി​ന്നു ത​ന്തൈ​പെ​രി​യോ​ർ ഇ.​വി രാ​മ​സ്വാ​മി നാ​യ്ക്ക​രെ​ത്തി സ​ത്യഗ്ര​ഹ​ത്തി​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത​തോ​ടെ അ​വ​ശന്മാ​രാ​യി​രു​ന്ന സ​ത്യഗ്ര​ഹ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ഉൗ​ർ​ജം പ​ക​ർ​ന്നു ന​ൽ​കി കൂ​ടു​ത​ൽ ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​ത്യഗ്ര​ഹം ഒ​രു കൊ​ടു​ങ്കാ​റ്റു​പോ​ലെ രാ​ജ്യ​മെ​ങ്ങും വീ​ശി​യ​ടി​ച്ചു.

പഞ്ചാബിൽനിന്ന് അ​കാ​ലി​ക​ൾ

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ നി​ന്ന് ലാ​ൽ​സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘം അ​കാ​ലി​ക​ളെ​ത്തി സ​ത്യഗ്ര​ഹ ഭ​ടന്മാ​ർ​ക്ക് സൗ​ജ​ന്യ​ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ച്ചു. 1924 സെ​പ്റ്റം​ബ​ർ 12 ന് ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന ‘​വെ​ല്ലൂ​ർ​മ​ഠം’ സ​ത്യഗ്ര​ഹി​ക​ൾ​ക്ക് ക്യാ​ന്പി​നു വി​ട്ടു​കൊ​ടു​ത്തു. ആ​യി​രം രൂ​പ സ​ത്യഗ്ര​ഹ​ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി ആ​ശീ​ർ​വ​ദി​ച്ചു.

അ​യി​ത്ത ജാ​തി​ക്കാ​ർ​ക്കുവേ​ണ്ടി സ​വ​ർ​ണ ജാ​തി​ക്കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് "വ​ർ​ണ ജാ​ഥ’ ന​യി​ക്ക​ണ​മെ​ന്ന് ഗാ​ന്ധി​ജി നി​ർ​ദ്ദേ​ശി​ച്ച​പ്പോ​ൾ മ​ന്ന​ത്തു​പ​ത്മ​നാ​ഭ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 1921 ന​വം​ബ​ർ 1 ന് ​വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​യി​ൽനി​ന്നു ‘​സ​വ​ർ​ണ​ജാ​ഥ തി​രു​വി​താം​കൂ​ർ’ ആ​രം​ഭി​ച്ചു. തെ​ക്കു​നി​ന്നും ഡോ. ​എം. പെ​രു​മാ​ൾ നാ​യി​ഡു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​വ​ർ​ണജാ​ഥ ന​യി​ച്ചു. അ​യി​ത്ത​ജാ​തി​ക്കാ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

ഗാന്ധിജി എത്തുന്നു

1925 മാ​ർ​ച്ച് ഒന്പതിന് ​മ​ഹാ​ത്മ​ഗാ​ന്ധി വൈ​ക്കം സ​ത്യഗ്ര​ഹാ​ശ്ര​മ​ത്തി​ലെ​ത്തി, പി​റ്റേദി​വ​സം വൈ​ക്കം ക്ഷേ​ത്ര​ത്തി​ന്‍റെ ഉൗ​രാ​യ്മ അ​വ​കാ​ശി​യാ​യി​രു​ന്നു ഇ​ണ്ട​ൻ​തു​രു​ത്തി ദേ​വ​ൻ നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി​യു​മാ​യി വൈ​ക്കം ക്ഷേ​ത്ര​ത്തി​നു ചു​റ്റു​മു​ള്ള റോ​ഡു​ക​ൾ അ​വ​ർ​ണർ​ക്ക് വ​ഴി​ന​ട​ക്കു​ന്ന​തി​ന് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും സ​വ​ർണമേധാവി​ മ​നു​സ്മൃ​തി​യി​ലു​റ​ച്ചു​നി​ന്നു​കൊ​ണ്ട് ഗാ​ന്ധി​ജി​യെ നി​രാ​ശ​നാ​ക്കി ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. സ​ത്യഗ്ര​ഹി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു​കൊ​ണ്ട് ഗാ​ന്ധി​ജി പ​റ​ഞ്ഞു. "ഈ സം​രം​ഭം ഒ​രി​ക്ക​ലും ന​ശി​ക്കു​വാ​ൻ സ​മ്മ​തി​ക്ക​രു​ത് എ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ഇ​തി​നോ​ളം മ​റ്റൊ​ന്നി​നും സ്ഥാ​ന​മി​ല്ല.’

ഫാ. സിറിയക് വെട്ടിക്കാപ്പള്ളി

വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത ഫാ. സിറിയക് വെട്ടിക്കാപ്പള്ളി തിരുവിതാംകൂർ ലെജിസ്ലേറ്റീവ് മെന്പർ ആയിരുന്നു. അദ്ദേഹം ഗാന്ധിജിയെ നേരിൽ കണ്ട് വൈക്കം സത്യഗ്രഹത്തിനു പിന്തുണ അറിയിച്ചു. ഗാന്ധിജി കോട്ടയം തിരുനക്കര മൈതാനത്ത് പ്രസംഗിച്ചപ്പോൾ തനിക്കു ധാരാളം ക്രിസ്ത്യൻ സഹോദരന്മാരുണ്ടെന്നും അവരെല്ലാം തന്നെ സ്നേഹിക്കുന്നവരാണെന്നും പ്രസ്താവിച്ചു.

(പേജ് 56. വൈക്കം സത്യഗ്രഹത്തിന്‍റെ കാണാപ്പുറങ്ങൾ-ഫാ. പീറ്റർ കോയിക്കര)

ച​രി​ത്ര​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വൈ​ക്കം സ​ത്യഗ്ര​ഹ​ത്തി​ൽ നി​ര​വ​ധി മ​നു​ഷ്യ​രു​ടെ ക​ണ്ണു​നീ​രും ചോ​ര​യുംകൊ​ണ്ട് ത്യാ​ഗോ​ജ്വ​ല​മാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 1925 ന​വം​ബ​ർ 23ന് ​വൈ​ക്കം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ഗോ​പു​ര വ​ഴി​യൊ​ഴി​കെ മ​റ്റു മൂ​ന്നു ഗോ​പു​ര​വ​ഴി​ക​ളി​ലൂ​ടെ​യും അ​യി​ത്ത ജാ​തി​ക്കാ​ർ​ക്ക് വ​ഴി ന​ട​ക്കു​വാ​ൻ അ​നു​വ​ദി​ച്ചു. പെ​രു​വ​ഴി​യി​ലൂ​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നേ​ടി തീ​ണ്ട​ൽ പ​ല​ക​ക​ൾ പി​ഴു​തെ​റി​ഞ്ഞ് വി​മോ​ച​ന​പ്ര​സ്ഥാ​ന​ത്തി​ലെ ഒ​രു അ​ത്യു​ജ്വല അ​ധ്യാ​യം ര​ചി​ച്ച് 603 ദി​വ​സം നീ​ണ്ടു​നി​ന്ന സ​ത്യാ​ഗ്ര​ഹ​ത്തി​ന് തി​ര​ശീല വീ​ണു.

ജാ​തി മ​ത ഭേ​ദ​മെന്യേ

വൈ​ക്കം സ​ത്യഗ്ര​ഹ​ത്തി​ൽ നി​ര​വ​ധി അ​യി​ത്ത​ജാ​തി​ക്കാ​രും അ​വ​രു​ടെ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. പെ​രു​ന്പ​ളം ആ​മ​ചാ​ടി ദീ​പി​ൽ​നി​ന്നു തേ​വ​നും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽനി​ന്നു ഡോ. ​വി.​വി വേ​ലു​ക്കു​ട്ടി അ​ര​യ​നും ചോ​തി​യും ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടാ​തെ ത​മ​സ്ക​രി​ക്ക​പ്പെ​ട്ടു. വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ച് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ പി. ​ഗോ​വി​ന്ദ​പി​ള്ള “നാ​ടി​ള​ക്കി​യ സ​മ​രാ​വേ​ശം’’ ലേ​ഖ​ന​ത്തി​ൽ "ജാ​തി മ​ത ഭേ​ദ​മെന്യേ സ​ക​ല​മാ​ന വി​ഭാ​ഗ​ങ്ങ​ളി​ലുംപെ​ട്ട ഉ​ൽ​പ​തി​ഷ്ണു​ക്ക​ളെ അ​ണി​നി​ര​ത്തി ആ​ധു​നി​ക പ്ര​ക്ഷോ​ഭ​സ​മ​ര​ശൈ​ലി​ക​ൾ ഉ​പ​യോ​ഗി​ച്ച്, ഒ​രു ചെ​റി​യ പ്ര​ശ്ന​ത്തെ മാ​ത്രം മു​ൻ​നി​ർ​ത്തി​യാ​ണെ​ങ്കി​ലും വ​ള​രെ വ്യാ​പ​ക​വും ഗ​ഹ​ന​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ള​വാ​ക്കാ​നു​ത​കി​യ സ​മ​രം എ​ന്ന നി​ല​യി​ൽ വൈ​ക്കം സ​ത്യഗ്ര​ഹം അ​നു​പ​മമാ​യ ഒ​രു ച​രി​ത്ര സം​ഭ​വ​മാ​യി​രു​ന്നു.’’

വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​മു​ള്ള വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​നു മു​ന്നി​ൽ ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​നും വ​ഴി​ന​ട​ക്കു​ന്ന​തി​നും ശ്ര​മി​ക്കു​ന്ന മു​ഖ​മി​ല്ലാ​ത്ത മ​നു​ഷ്യ​രു​ടെ ശി​ല്പം. മ​ര​ണ​ത്തെ​ക്കാ​ളും ഭ​യ​മാ​കു​ന്ന തീ​ണ്ട​ൽ പ​ല​ക​ക​ൾ പി​ഴു​തെ​റി​ഞ്ഞ് ശാ​പ​മോ​ക്ഷം തേ​ടു​ന്ന അ​യി​ത്ത ജാ​തി​ക്കാ​ർ.

ഓ​സ്കാ​ർ വൈ​ൽ​ഡ് പ​റ​ഞ്ഞ​തു​പോ​ലെ "ഭൂ​ത​കാ​ല​ത്തെ വി​ല​യ്ക്കു വാ​ങ്ങാ​ൻ മാ​ത്രം സ​ന്പ​ന്ന​രാ​യി ആ​രു​മി​ല്ല’. മൂ​ല്യ​ബോ​ധ​ങ്ങ​ളും ന​വോ​ഥാന പ്ര​സ്ഥാ​ന​ങ്ങ​ളും ന​ന്പൂ​തി​രി മു​ത​ൽ നാ​യാ​ടി വ​രെ ഒ​റ്റ​ക്കെ​ട്ടാ​യി ത്യാ​ഗ​ത്തി​ലൂ​ടെ പൊ​രു​തി നേ​ടി​യ സാ​മൂ​ഹ്യ​നീ​തി​ക​ൾ ആ​ത്മീ​യ​പ​രി​വേ​ഷം ന​ൽ​കി ജാ​തി​ഭ്രാ​ന്ത് ഇ​ള​ക്കി​വി​ട്ട് മ​ല​യാ​ളി​യു​ടെ മ​ന​സിൽ കു​ടി​യേ​റി​യി​രി​ക്കു​ക​യാ​ണ്. വൈ​ക്കം സ​ത്യഗ്രഹ​ഭൂ​മി​യി​ൽ ജാ​തി താ​ല​ത്തി​നെ​തി​രാ​യ ന​വോ​ഥാ​ന സ​മ​രം ആ​രം​ഭി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

അ​നു​ഷ്ഠാ​ന​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും പു​ക​മ​റ സൃ​ഷ്ടി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക മ​ന​സിൽ​നി​ന്നു പി​ഴു​തെ​റി​ഞ്ഞ തീ​ണ്ട​ൽ പ​ല​ക​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നൊ​രു​ങ്ങു​ന്ന ഫ്യൂ​ഡ​ലി​സ്റ്റ് വ​ർ​ഗീയ ശ​ക്തി​ക​ൾ​ക്കെ​തി​രേ വൈ​ക്കം സ​ത്യഗ്ര​ഹ​ത്തി​ന്‍റെ 95-ാം വാ​ർ​ഷി​ക​ത്തി​ൽ ജ്വ​ലി​ക്കു​ന്ന പോ​രാ​ട്ട​ത്തി​ന്‍റെ ഓ​ർ​മക​ൾ മ​ല​യാ​ളി​യെ മ​റ​വി​ൽ നി​ന്നു​ണ​ർ​ത്താ​ൻ ക​ഴി​യ​ട്ടെ.

സു​ബ്ര​ഹ്മ​ണ്യ​ൻ അ​ന്പാ​ടി