ഭീമൻ പാലം ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായി; അമ്പരന്ന് പ്രദേശവാസികൾ
Friday, June 7, 2019 12:09 PM IST
നദിക്കു കുറുകെ പണിതുയർത്തിയ പടുകൂറ്റൻ പാലം ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമാകുക. കേൾക്കുമ്പോൾ അൽപ്പം അമ്പരപ്പ് തോന്നാമെങ്കിലും സംഭവം സത്യമാണ്. റഷ്യയിലെ മർമൻസ്ക് പ്രവശ്യയിലെ ഉമ്പ നദിക്കു കുറുകെ പണിത 56 ടണ്‍ ഭാരമുള്ള ഭീമൻ പാലമാണ് ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായത്.
ഏകദേശം 75 അടി നീളമുള്ള പാലമാണിത്. ഇത് ചെയ്തത് ആരാണെന്നത് അധികൃതർക്ക് പോലും വ്യക്തമല്ലെന്നുള്ളതാണ് ഏറെ ആശ്ചര്യമാകുന്നത്. എന്നാൽ പാലത്തിന്റെ കുറച്ചു ഭാഗങ്ങൾ നദിയിൽ കിടക്കുന്നതിനാൽ പാലം തകർന്ന് വീണതായിരിക്കാമെന്ന ചർച്ചകളും നടക്കുന്നുണ്ട്.
പക്ഷെ അത്തരമൊരു സാധ്യത ഇല്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. മോഷ്ടാക്കൾ പാലം മുറിച്ച് കൊണ്ടുപോയതാകാമെന്നാണ് പ്രദേശവാസികളുടെ വാദം. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.