കുപ്പിയിലാക്കി സന്ദേശം കടലിലേക്ക് അയച്ചു; കണ്ടെത്തിയത് 50 വർഷങ്ങൾക്കു ശേഷം
Thursday, July 18, 2019 4:30 PM IST
കുപ്പിയിലാക്കി കടലിലേക്ക് അയച്ച് സന്ദേശം കണ്ടെത്തിയത് 50 വർഷങ്ങൾക്കു ശേഷം. പോൾ ഗിൽമോർ എന്ന 63 വയസുകാരനാണ് തനിക്ക് പതിമൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോൾ ഈ കത്തെഴുതി കുപ്പിയിലിട്ട് സമുദ്രത്തിലേക്ക് അയച്ചത്.
കുടുംബാംഗങ്ങൾക്കൊപ്പം ഇംഗ്ലണ്ടിലെ സൗത്താംപ്റ്റണിൽ നിന്നും ഓസ്ട്രേലിയയിലെക്ക് കപ്പൽമാർഗം കുടിയേറുമ്പോഴാണ് പോൾ ഈ കത്തെഴുതി സമുദ്രത്തിൽ ഇട്ടത്. എന്നാൽ ഈ കത്ത് കണ്ടെത്തിയതെന്ന് പോൾ ഇതുവരെയും അറിഞ്ഞിട്ടില്ല. അദ്ദേഹം ഒരു യാത്രയിലാണ്.
ഓസ്ട്രേലിയയിലെ തങ്ങളുടെ വിലാസവും ഉൾപ്പടെ അദ്ദദേഹം ഈ കത്തിൽ എഴുതിയിരുന്നു. ഇവർ കുടുംബസമേതം മെൽബണിലാണ് ഇപ്പോൾ താമസിക്കുന്നത്.
ഒമ്പത് വയസുകാരനായ ഒരു ബാലനാണ് ഈ കത്ത് അടങ്ങിയ കുപ്പി ലഭിച്ചത്. കത്തിലെ വിലാസം വായിച്ച് ഈ കുട്ടിയുടെ കുടുംബം പോളിന്റെ സഹോദരങ്ങളുമായി ബന്ധപ്പെടുകയായിരുന്നു.
തങ്ങളുടെ സഹോദരൻ എഴുതിയ കത്ത് വർഷങ്ങൾക്കിപ്പുറം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് പോളിന്റെ കുടുംബം. അദ്ദേഹം മടങ്ങിയെത്തുമ്പോൾ തന്നെ നേരിൽ വന്ന് കാണുമെന്നും അവർ കത്ത് കണ്ടെത്തിയ കുട്ടിയെയും കുടുംബാംഗങ്ങളെയും അറിയിച്ചു.