ഷൂട്ടിംഗ് പാളി; വെട്ടിലായത് ബിബിസി: നടൻ ഇപ്പോൾ 38 കോടി നഷ്ടപരിഹാരം ചോദിച്ചു കോടതിയിലും
Friday, April 30, 2021 4:25 PM IST
ഒരു ഷൂട്ടിംഗിനിടെ നടന്ന ചെറുതെന്നു തോന്നിക്കുന്ന ഒരു അപകടം. എന്നാൽ, അതു ജെം സ്റ്റാൻസ്ഫീൽഡ് എന്ന നടന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ഷൂട്ടിംഗ് ക്രമീകരിച്ച ബിബിസിക്കെതിരേ വൻ നഷ്ടപരിഹാരം തേടി കോടതിയിലെത്തിയിരിക്കുകയാണ് നടൻ. 38.19 കോടിയാണ് നഷ്ടപരിഹാരമായി ചോദിക്കുന്നത്.
പൂർണ ആരോഗ്യവാനായ ജെം സ്റ്റാൻസ്ഫീൾഡ് ഈ അവസ്ഥയിലാകാൻ കാരണം ബിബിസി വൺ പ്രോഗ്രാം ഷൂട്ടിംഗ് ആണ്. 2014ൽ ആയിരുന്നു ആ സംഭവം. ബിബിസി വണിൽ സംപ്രേഷണം ചെയ്തിരുന്ന ബാംഗ് ഗോസ് ദ തിയറി എന്ന പരിപാടിയാണ് കുഴപ്പമുണ്ടാക്കിയത്.
വേഗത്തിൽ ഓടി വരുന്ന കാർ എവിടെയെങ്കിലും ഇടിച്ച് അപകടമുണ്ടായാൽ വ്യക്തിക്കു സംഭവിക്കുന്നതെന്ത് എന്നതായിരുന്നു അവർ ചിത്രീകരിക്കാൻ ശ്രമിച്ചത്. എന്നാൽ, അപകടത്തിന്റെ ആഘാതത്തിൽനിന്ന് ഏഴു വർഷമായിട്ടും ആ ചെറുപ്പക്കാരൻ മുക്തനായിട്ടില്ല.

ടെലിവിഷൻ അവതാരകൻ കൂടിയായ സ്റ്റാൻസ്ഫീൽഡിന്റെ ജീവിതമാണ് ഈ അപകടത്തിലൂടെ വഴിമുട്ടിയത്. മുന്നോട്ടുള്ള ചികിത്സയ്ക്കും ജീവിതത്തിനും അയാൾക്കു പണം ആവശ്യമാണ്. മടങ്ങി വരവിനുള്ള സാധ്യത കുറവായതിനാൽ സ്റ്റാൻസ്ഫീൽഡിനെ ഈ അവസ്ഥയിലാക്കിയ ബിബിസി വൺ നഷ്ടപരഹാരം നൽകാൻ ബാധ്യസ്ഥരാണ്.- സ്റ്റാൻസ്ഫീൾഡിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
കാർ അപകടത്തിൽപ്പെടുന്പോൾ വ്യക്തിയുടെ ശരീരം പ്രതികരിക്കുന്ന രീതികളാണ് ചിത്രീകരിച്ചിരുന്നത്. അതിനാൽ പ്രത്യേകമായി ഡിസൈൻ ചെയ്ത ഒരു തുറന്ന വണ്ടിയിൽ നടനെ ഇരുത്തി. എന്നിട്ടു അതു വേഗത്തിൽ മുന്നോട്ടു പായിക്കുകയും ഇടിപ്പിച്ചു നിർത്തുകയും ചെയ്യും. അപ്പോൾ നടന്റെ ശരീരം ഉലയുന്നതും മുന്നോട്ട് ആയുന്നതുമൊക്കെ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ, വണ്ടി വേഗത്തിൽ മുന്നോട്ടെടുത്തതും പെട്ടെന്നു നിർത്തിയതും ജെമ്മിന്റെ കഴുത്തിനെ കുഴപ്പത്തിലാക്കി. പെട്ടെന്നു മുന്നോട്ട് ആഞ്ഞതിലൂടെ കഴുത്തിനു വിപ്ലാഷ് എന്നറിയപ്പെടുന്ന ക്ഷതമേറ്റു. കഴുത്തിനു പുറമേ തലച്ചോറിനും ക്ഷതമേറ്റു. ഇതിനുപുറമേ ഭീതിയും സ്റ്റാൻസ്ഫീൾഡിന്റെ മാനസിക-ശാരീരിക അവസ്ഥയെ പ്രതികൂലമായി ബാധിച്ചു.
"തുടക്കത്തിൽ പേടിയുണ്ടായിരുന്നെങ്കിലും ട്രയൽ പോയപ്പോൾ ആത്മവിശ്വാസം വർധിച്ചു. പക്ഷേ, മനസ് പറഞ്ഞതുപോലെ ശരീരം പ്രവർത്തിച്ചില്ല. വാഹനം വളരെ വേഗത്തിൽ പോയി ശക്തമായി ഇടിച്ചുകയറുകയായിരുന്നു.'' - സ്റ്റാൻസ്ഫീൾഡ് പറയുന്നു.
അതേസമയം, സ്റ്റാൻസ്ഫീൽഡ് ആവശ്യപ്പെടുന്ന മുഴുവൻ തുകയും നൽകാനാകില്ലെന്നും വേണമെങ്കിൽ ആവശ്യപ്പെട്ട തുകയുടെ മൂന്നിൽ രണ്ട് ഭാഗം നഷ്ടപരിഹാരമായി നൽകാമെന്നും ബിബിസി അധികൃതർ കോടതിയെ അറിയിച്ചിട്ടുണ്ട്.