തീയിൽ പറന്നിറങ്ങി ക്യാപ്റ്റൻ സിംഗ്; അഭ്യാസപ്രകടനത്തിനിടെ അപ്രതീക്ഷിത ദുരന്തം
Saturday, November 14, 2020 3:14 PM IST
കത്തിയെരിയുന്ന ടണലില് നിന്ന് തീപിടിച്ച ബൈക്കുമായി പുറത്തേക്ക് വരുന്ന ഒരാൾ- കഴിഞ്ഞ ദിവസം ഇന്റർനെറ്റിൽവൈറലായ ഒരു ചിത്രമാണിത്. ആ ആളാണ് ക്യാപ്റ്റന് ശിവാം സിംഗ്.
ഇന്ത്യൻ ആർമി സര്വീസ് കോര്പ്പ്സിന്റെ കീഴിലുള്ള മോട്ടോര്സൈക്കിള് സംഘമായ ടോര്ണാഡോസിന്റെ ക്യാപ്റ്റൻ.ആളിക്കത്തുന്ന ടണലിലൂടെ ഏറ്റവുമധികം ദൂരം സഞ്ചരിച്ചതിനുള്ള റിക്കാർഡ് സ്വന്തമാക്കിയ ശേഷമുള്ള ശിവാം സിംഗിന്റെ വരവാണിത്.

ബംഗളൂരൂവിലെ എഎസ്സി ഗ്രൗണ്ടിലാണ് ലോക റെക്കോഡ് നേടിയ അഭ്യാസ പ്രകടനം നടന്നത്. തീയിലൂടെ 127 മീറ്റര് ദൂരമാണ് സഞ്ചരിച്ചത്. ആറു മാസത്തെ പരിശീലനത്തിനൊടുവിലായിരുന്നു പ്രകടനം. ദക്ഷിണാഫ്രിക്കക്കാരുടെ പേരിലുള്ള റിക്കാർഡാണ് സേന തകര്ത്തത്.
അഭ്യാസപ്രകടനത്തിനിടെ പൊളളലേറ്റ ശിവം സിംഗിനെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ബൈക്കിനും കേടുപാടുണ്ട്. ദേശീയ അന്തര് ദേശീയ തലത്തില് നിരവധി റിക്കാർഡുകള് നേടിയവരാണ് ടീം ടൊര്ണാഡോ.
2017ല് ഒരു 500സിസി റോയല് എന്ഫീല്ഡ് ബുള്ളറ്റില് 58 പേര് 1200 മീറ്റര് സഞ്ചരിച്ച് ടൊര്ണാഡോ റിക്കാർഡ് സൃഷ്ടിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് മാത്രം 1,000ത്തിലധികം പ്രകടനങ്ങളാണ് ടൊര്ണാഡോ നടത്തിയത്.