യുവതിയേയും നവജാതശിശുവിനേയും ആറ് കിലോമീറ്റർ ചുമന്ന് സൈന്യം; ഹീറോകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയ
Sunday, January 24, 2021 2:04 PM IST
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ കുടുങ്ങിയ യുവതിയേയും നവജാതശിശുവിനേയും വീട്ടിലെത്തിച്ച് ഇന്ത്യന്‍ സേന. ദര്‍ദ്പുര സ്വദേശിയായ ഫാറൂഖ് ഖസാനയുടെ ഭാര്യയേയും കുഞ്ഞിനേയുമാണ് ആറ് കിലോമീറ്ററോളം ചുമന്ന് നടന്ന് സൈന്യം സുരക്ഷിതമായി വീട്ടിലെത്തിച്ചത്. വെള്ളിയാഴ്ചയാണ് ഫാറൂഖിന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്.
കാഷ്മീരിലെ കുപ്വാര ജില്ലയിലെ ആശുപത്രിയിലായിരുന്നു കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. പക്ഷെ കനത്ത മഞ്ഞുവീഴ്ചയെത്തുർന്ന് ഇവര്‍ ആശുപത്രിയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നാണ് സൈന്യം ഇവരുടെ സഹായത്തിനെത്തിയതെന്ന് ഫാറൂഖിന്റെ ബന്ധു പ്രതികരിച്ചു.
തന്റെ ഭാര്യയേയും കുഞ്ഞിനേയും വീട്ടിലെത്തിക്കാന്‍ സഹായിച്ച 28 ആര്‍ആര്‍ ബറ്റാലിയന് അംഗങ്ങളോട് ഏറെ നന്ദിയുണ്ടെന്നും ഫാറൂഖ് പറഞ്ഞു. മഞ്ഞുവീഴ്ചയില്‍ നിന്ന് സംരക്ഷണമേകാന്‍ കുടകളുമേന്തിയാണ് യുവതിയേയും കുഞ്ഞിനേയും തോളില്‍ ചുമന്ന് സൈനികരുടെ സംഘം നടന്നത്.
സംഭവത്തിന്റെ വീഡിയോ ചിനാര്‍ കോര്‍പ്സാണ് ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നേരത്തെ ഗർഭിണിയായ യുവതിയെ ചുമന്നുകൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന സൈന്യത്തിന്റെ വീഡിയോയും വൈറലായിരുന്നു.