ബ്രിട്ടന്റെ കരളലിഞ്ഞില്ല; ഷമീമയുടെ കുട്ടി അഭയാർഥി ക്യാമ്പിൽ മരിച്ചു
Saturday, March 9, 2019 11:12 AM IST
ഐഎസിൽ ചേരാൻ നാടുവിട്ട ഷമീമയുടെ കുട്ടി ഇനി ഒരിക്കലും അമ്മയുടെ നാട് കാണില്ല. ഒരു പോരാട്ടവും ഭീകരവാദവും അവനെ അലട്ടുകയുമില്ല. നാട്ടിൽ കാലുകുത്തിക്കില്ലെന്ന കർശന നിലപാട് ബ്രിട്ടൺ തുടരുന്നതിനിടെ ഷമീമ ബീഗത്തിന്റെ പിഞ്ച് കുഞ്ഞ് മരണത്തിനു കീഴടങ്ങി. സിറിയയിലെ അഭയാർഥി ക്യാമ്പിലെ മോശം അവസ്ഥയിൽ ന്യൂമോണിയ ബാധിച്ചാണ് മൂന്ന് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണം. ഇതോടെ ഷമീമയ്ക്കു മൂന്നാമത്തെ കുട്ടിയും നഷ്ടമായി.
സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ (എസ്ഡിഎഫ്) അഭയാർഥി ക്യാമ്പിലായിരുന്നു ഷമീമയും കുഞ്ഞും ഉണ്ടായിരുന്നത്. ഐഎസിൽ ചേരാൻ 15 ാം വയസിൽ ലണ്ടൻ വിട്ട ഷമീമയോട് കടുത്ത നിലപാടാണ് ബ്രിട്ടൺ പുലർത്തിയിരുന്നത്. പ്രസവിക്കാൻ തിരികെ നാട്ടിലെത്തണമെന്ന് ഇവർ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടൺ പൗരത്വം റദ്ദാക്കി.
കുട്ടിയുടെ മരണത്തിൽ ബ്രിട്ടീഷ് സർക്കാർ ദുഖം രേഖപ്പെടുത്തി. ഏതൊരു കുട്ടിയുടെ മരണവും ദുഖകരമാണ്. കുട്ടിയുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും യുകെ സർക്കാർ അറിയിച്ചു. സിറിയയിലേക്ക് പോകരുതെന്ന് സർക്കാർ നിരന്തരം ഓർമപ്പെടുത്തിയിരുന്നതാണ്. ആളുകളെ ഭീകരപ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കാതിരിക്കാനുള്ള നടപടികൾ സർക്കാരിനു തുടർന്നേമതിയാകു എന്നും യുകെ വക്താവ് പറഞ്ഞു.
2015 ൽ ആണ് ഷമീമയും രണ്ട് സുഹൃത്തുക്കളും ഐഎസിൽ ചേരാൻ ലണ്ടൻ വിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഷമീമ എസ്ഡിഎഫിന്റെ അഭയാർഥി ക്യാമ്പിലെത്തി. ഗർഭിണിയായ ഷമീമ പ്രസവിക്കാൻ ബ്രിട്ടണിൽ തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ബ്രിട്ടീഷ് സർക്കാർ ഇവരുടെ പൗരത്വം റദ്ദാക്കി. ഇതോടെ അഭയാർഥി ക്യാമ്പിൽ ഷമീമയ്ക്കു പ്രസവിക്കേണ്ടിവന്നു.
ഡച്ചുകാരനായ ഐഎസ് പോരാളി യാഗോ റീഡിക്കാണ് ഷമീമയുടെ ഭർത്താവ്. ഇയാൾ സിറിയയിലെ ജയിലിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടി മരണപ്പെട്ടത്. കുട്ടിക്ക് ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ക്യാമ്പിലേക്ക് ഡോക്ടറെ വിളിക്കുകയും പ്രാഥമിക പരിശോധനയ്ക്കു ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ ശവസംസ്കാരം വെള്ളിയാഴ്ച നടന്നു. ഷമീമയുടെ ആദ്യത്തെ രണ്ടു കുട്ടികളും നേരത്തെ മരണപ്പെട്ടിരുന്നു.
ഷമീമയ്ക്കു 15 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു റീഡിക്കുമായുള്ള വിവാഹം. അയാൾക്ക് അപ്പോൾ 23 വയസായിരുന്നു പ്രായം. ഐഎസിനുവേണ്ടി പോരാട്ടം നടത്തിയിരുന്ന റീഡക്ക് ഇപ്പോൾ ഭീകരസംഘടനയെ തള്ളിപ്പറയുകയാണ്. ഭാര്യക്കും മകനും ഒപ്പം സമാധാനമായി ജീവിക്കാനാണ് തനിക്ക് താൽപര്യമെന്ന് നേരത്തെ റീഡക്ക് പറഞ്ഞിരുന്നു. തങ്ങൾക്ക് ബ്രിട്ടണിൽ അഭയം നൽകണമെന്ന റീഡക്കിന്റെയും ഷമീമയുടേയും ആവശ്യം ബ്രിട്ടൺ ദയയില്ലാതെ തള്ളിക്കളഞ്ഞു.