ഇരവികുളം ദേശീയ ഉദ്യാനത്തിലും ബേബി ബൂം
Friday, June 26, 2020 7:40 PM IST
ലോക്ക്ഡൗണ്‍ വരയാടുകൾക്കും നല്ലകാലമായി. ഇരവികുളം ദേശീയോദ്യാനത്തിൽ ഇത്തവണ വരയാടുകളുടെ എണ്ണത്തിൽ വൻ വർധന. ഏപ്രിൽ 20 മുതൽ 24 വരെ നടത്തിയ കണക്കെടുപ്പിൽ 723 വരയാടുകളെയാണ് കണ്ടെത്തിയത്.
ഈ വർഷം 155 കുഞ്ഞുങ്ങളുണ്ടായതായാണ് കണക്ക്. കഴിഞ്ഞ വർഷമിത് 91 ആയിരുന്നു. 2018-ൽ 75, 2017-ൽ 87 കുഞ്ഞുങ്ങളും ജനിച്ചിരുന്നു. കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണ്‍ ലോകത്ത് ബേബി ബൂം സൃഷ്ടിക്കുമെന്ന വിലയിരുത്തലിനിടെയാണ് വരയാടുകളുടെ കാര്യത്തിലും ഇതു സംഭവിച്ചിരിക്കുന്നത്.
ജനുവരി പകുതി മുതൽ ഏപ്രിൽ വരെയാണ് വരയാടുകളുടെ പ്രജനന കാലഘട്ടം. ഈ കാലയളവിൽ എല്ലാ വർഷവും പാർക്ക് അടച്ചിടുകയാണു പതിവ്. ഇതേത്തുടർന്ന് ജനുവരി 26ന് പാർക്ക് അടച്ചു.
പിന്നീട് ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയതോടെ അടച്ചിടൽ മാസങ്ങൾ നീളുകയായിരുന്നു. ആളുകളുടെ സാന്നിധ്യം ഇല്ലാതിരുന്നത് വരയാടുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യം സൃഷ്ടിച്ചതായാണ് വിലയിരുത്തൽ.
മുൻ വർഷങ്ങളിൽ വോളന്റിയർമാരെക്കൂടി നിയോഗിച്ചാണ് കണക്കെടുപ്പ് നടത്തിയിരുന്നതെങ്കിൽ ഇത്തവണ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടായിരുന്നു കണക്കെടുപ്പ്. 16 ബ്ലോക്കുകളായി തിരിച്ച് അഞ്ചു മുതൽ ഏഴുവരെ ജീവനക്കാരടങ്ങുന്ന 16 ടീമുകളാണ് രാവിലെ ആറു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കണക്കെടുപ്പു നടത്തിയത്.
അതേസമയം, പാർക്ക് വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും സംസ്ഥാന സർക്കാരിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിർദേശമനുസരിച്ചേ തീരുമാനമെടുക്കുകയുള്ളൂവെന്നും ഇരവികുളം റേഞ്ച് ഓഫീസർ ജോബ് ജെ. നേര്യംപറന്പിൽ ദീപികയോട് പറഞ്ഞു.
ജെയിസ് വാട്ടപ്പിള്ളിൽ