വിവാഹം ജീവിതത്തിലെ നിര്‍ണായക കാര്യങ്ങളില്‍ ഒന്നാണല്ലൊ. അതിനാല്‍തന്നെ പലരും അതിലെ ചടങ്ങുകള്‍ക്ക് വേണ്ട പ്രാധാന്യം കൊടുക്കാറുണ്ട്. എന്നാലും പലരും ഏറ്റവും പഴി കേള്‍ക്കുന്ന ഒന്നാണ് സമയത്തിന് എത്താതിരിക്കുക എന്നത്.

ഇപ്പോഴിതാ ഈ സമയം പാലിക്കാനായി മെട്രോയില്‍ എത്തിയ കല്യാണപ്പെണ്ണാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംഭവം ബംഗളൂരിലാണ്.

ഫോര്‍എവര്‍ ബംഗളൂരു എന്ന പേരില്‍ ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച ദൃശ്യങ്ങളില്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ് യാത്ര ചെയ്യുന്ന വധുവിനെ കാണാം. ബംഗളൂരിലെ ട്രാഫിക് നിമിത്തം മുഹൂര്‍ത്ത സമയത്ത് കല്യാണ മണ്ഡപത്തില്‍ എത്താനാകുമൊ എന്ന സംശയം കൊണ്ടാണ് പെണ്‍കുട്ടി ഇത്തരമൊരു സാഹസം ചെയ്തത്.

സ്വന്തം കാറില്‍ നിന്നിറങ്ങിയാണ് വധു ട്രെയിനില്‍ കയറിയത്. കാഴ്ചക്കാര്‍ ആശ്ചര്യപ്പെട്ടെങ്കിലും വധുവിന് കൃത്യസമയത്ത് മണ്ഡപത്തില്‍ എത്താനായി. സമൂഹ മാധ്യമങ്ങളില്‍ നിരവധിപേര്‍ വധുവിന് ആശംസയും അഭിനന്ദനവും അറിയിച്ച് കമന്‍റുകളിട്ടു. "ഐഡിയ നന്നായി ജീവിതവും കേമമാകട്ടെ' എന്നാണൊരാള്‍ എഴുതിയത്.