ചില മനഷ്യര്‍ക്ക് തങ്ങള്‍ വളര്‍ത്തുന്ന മൃഗങ്ങളുമായി വല്ലാത്ത ഒരു സ്നേഹബന്ധം കാണും. ഭാഷയില്ലെങ്കിലും തന്‍റെ യജമാനനോടുള്ള സ്നേഹം പലരീതിയില്‍ പ്രകടിപ്പിക്കുന്ന ജീവികളെ നാം കാണാറുണ്ടല്ലൊ.

അത്തരത്തിലുള്ള വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാകാറുണ്ട്. ഇത്തരത്തില്‍ അടുത്തിടെ മാധ്യമപ്രവര്‍ത്തകനായ ശക്തി ഓജ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചു.

വീഡിയോയില്‍ മരിച്ചുപോയ തന്‍റെ യജമാനന് അന്ത്യ യാത്രമൊഴി നല്‍കാനെത്തുന്ന ഒരു പശുക്കിടാവാണുള്ളത്.

ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പശുക്കിടാവിന്‍റെ ഉടമ മരിച്ചു. അയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി വീട്ടുകാരും ഗ്രാമവാസികളും ചേര്‍ന്ന് ശ്മശാനത്തില്‍ എത്തുകയാണ്.

എന്നാല്‍ അവിടേക്കെത്തുന്ന പശുക്കുട്ടി യജമാനന്‍റെ മൃതദേഹത്തിന് അടുത്തേക്ക് വരികയാണ്. ആദ്യം ആളുകള്‍ അതിനെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നീടവര്‍ അതിനെ തടയുന്നില്ല.

പശുക്കുട്ടി മൃതശരീരത്തിന് സമീപമായി നിന്ന് കരയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഏതായാലും ഈ പശുക്കുട്ടിക്ക് യജമാനനോടുള്ള സ്നേഹം സമൂഹ മാധ്യമങ്ങളും ചര്‍ച്ചയാക്കുകയാണ്. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.