ട്വിസ്‌റ്റെന്ന് വച്ചാല്‍ ട്വിസ്‌റ്റോടു ട്വിസ്റ്റ്! ഇന്‍സ്റ്റഗ്രാമില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വൈറലായ ഒരു വീഡിയോ ഇപ്പോള്‍ കാണുന്നവര്‍ക്ക് ശരിക്കും "കിളി പോകുമെന്നുറപ്പ്'. രക്ഷാബന്ധന്‍ ദിനമായ ഓഗസ്റ്റ് 30ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു മെഹന്തി ക്യു ആര്‍ കോഡ് വൈറലായിരുന്നു. ഒരു പെണ്‍കുട്ടിയുടെ കൈയില്‍ ക്യൂ ആര്‍ കോഡ് ഡിസൈന്‍ മെഹന്തിയായി ഇട്ടിരിക്കുകയാണ്.

ഇതില്‍ ഒരാള്‍ വന്ന് സ്‌കാന്‍ ചെയ്ത് പണമിടാന്‍ ശ്രമിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. എന്നാല്‍ ഇതിന് പിന്നിലുള്ള സംഭവമറിഞ്ഞ് നെറ്റിസണ്‍സ് തരിച്ചിരിക്കുകയാണ്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമയയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ട 50 ലക്ഷത്തിലധികം ആളുകളെ ആ വീഡിയോ ശരിക്കും പറ്റിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ കൈയില്‍ ക്യു ആര്‍ കോഡുള്ള ഒരു വീഡിയോ വച്ച് എഡിറ്റ് ചെയ്ത ഒരു ക്ലിപ്പാണ് ശരിക്കും ആ യുവാവ് ഫോണില്‍ പ്ലേ ചെയ്തത്. ഫോണ്‍ പിടിച്ചിരിക്കുന്നത് കണ്ടാല്‍ യുവതിയുടെ കൈ സ്‌കാന്‍ ചെയ്യുന്നതായിട്ടാണ് തോന്നുക. "എന്നാല്‍ ആ വീഡിയോ ഒന്ന് സൂക്ഷിച്ച് നോക്കിക്കേ അയാള്‍ ശരിക്കും ഒരു വീഡിയോ പ്ലേ ചെയ്യുകയായിരുന്നു'വെന്ന് ഒരാള്‍ വീഡിയോയ്ക്ക് കമന്‍റിട്ടു.



പിന്നാലെയാണ് പറ്റിക്കപ്പെട്ടതാണെന്ന് മിക്കവര്‍ക്കും ബോധ്യമായത്. ശേഷം ഇതിനോട് നിരവധി പേര്‍ പ്രതികരിച്ചിരുന്നു. പന്ത്രണ്ട് ലക്ഷത്തിലേറെ ലൈക്കാണ് ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള ഈ വീഡിയോയ്ക്ക് ലഭിച്ചത്. "ഇങ്ങനെ ആരേയും പറ്റിക്കരുത്', "ബുദ്ധി കൊള്ളാമല്ലോ', "ക്യു ആര്‍ കോഡ് മെഹന്തി ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല'എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തി.

"നിങ്ങളുടെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ സുരക്ഷിതമായിരിക്കണമെന്നും ടെന്‍ഷന്‍ രഹിത ഡിജിറ്റല്‍ ട്രാന്‍സാക്ഷന് പേടിഎം ഉപയോഗിക്കണ'മെന്നുമുള്ള ക്യാപ്ഷനോടെ യാഷ് മെഹന്തി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ വന്നത്.