ബ്രിട്ടീഷ് കോളനിവൽക്കരണ പോസ്റ്റ് റീഷെയർ ചെയ്തു; ഇലോൺ മസ്കിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം
Friday, October 3, 2025 2:35 PM IST
ലോകത്തിലെ ഏറ്റവും വലിയ ധനികനും ബിസിനസുകാരനുമായ ഇലോൺ മസ്ക് ബ്രിട്ടീഷ് കോളനിവൽക്കരണത്തെക്കുറിച്ചുള്ള വിവാദപരമായ പോസ്റ്റ് സമൂഹമാധ്യമമായ "എക്സി'ൽ റീഷെയർ ചെയ്തത്, ഇന്ത്യയിൽ വലിയ പ്രതിഷേധത്തിന്
തിരികൊളുത്തിയിരിക്കുകയാണ്.
മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല, സ്റ്റാർലിങ്ക് എന്നീ കമ്പനികളെ ഇന്ത്യയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി നിരവധി സമൂഹമാധ്യമ ഉപയോക്താക്കൾ ഇന്ത്യൻ അധികാരികളെ ടാഗ് ചെയ്തുകൊണ്ട് രംഗത്തെത്തി.
ഒക്ടോബർ രണ്ടിനാണ് മസ്ക് ഈ പോസ്റ്റ് റീഷെയർ ചെയ്തത്. ബ്രിട്ടീഷ് ഭരണത്തെ യുക്തിരഹിതമായി ന്യായീകരിക്കുന്നതും "കോളനിവൽക്കരണം' എന്നൊന്ന് ഇല്ലെന്ന് വാദിക്കുന്നതുമായ പോസ്റ്റാണ് അദ്ദേഹം പങ്കുവച്ചത്.
"ഇന്ത്യക്കാർ ഇംഗ്ലണ്ടിൽ കാലുകുത്തി ഇംഗ്ലീഷുകാരാകുകയാണെങ്കിൽ, ഇന്ത്യയിൽ കാലുകുത്തിയ ഇംഗ്ലീഷുകാർ ഇന്ത്യക്കാരായി. അതിനാൽ, ഇംഗ്ലീഷുകാർ ഇന്ത്യയെ ഭരിച്ചില്ല. "കോളനിവൽക്കരണം' എന്നൊരു സംഗതിയേ ഇല്ല'. ഈ പോസ്റ്റിന് മറുപടിയായി ഇലോൺ മസ്ക് "ചിന്തിക്കുന്ന' ഇമോജി മാത്രമാണ് നൽകിയത്.
ഇത് വിഷയത്തെ ഗൗരവകരമായി പരിഗണിക്കുന്നു എന്ന സൂചന നൽകുകയും പ്രതിഷേധം വർധിപ്പിക്കുകയും ചെയ്തു. മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല, ഇന്ത്യയിൽ ഷോറൂമുകൾ തുറക്കാനും സ്റ്റാർലിങ്ക് പ്രവർത്തനം ഇന്ത്യയിൽ വിപുലീകരിക്കാനും ഒരുങ്ങുന്നതിനിടെയാണ് ഈ സംഭവം.
ഇത് ഇന്ത്യൻ ഉപയോക്താക്കൾക്കിടയിൽ കടുത്ത രോഷത്തിന് കാരണമായി. പ്രതിഷേധമുയർത്തിയ ഉപയോക്താക്കൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തുകൊണ്ടാണ് കമന്റുകൾ രേഖപ്പെടുത്തിയത്.
"ഹലോ അശ്വിനി വൈഷ്ണവ് ജി, ഇതാണ് സ്റ്റാർലിങ്കിന്റെയും ടെസ്ലയുടെയും ഉടമയ്ക്ക് ഇന്ത്യക്കാരെക്കുറിച്ച് പറയാനുള്ളത്. ഈ വ്യക്തി നമ്മുടെ ആഭ്യന്തര കാര്യങ്ങളിൽ ചാരപ്രവൃത്തി നടത്താനും ഇടപെടാനും സാധ്യതയുണ്ട്. പണത്തേക്കാൾ നിങ്ങൾക്ക് ഇന്ത്യയുടെ അഭിമാനമാണ് വലുതെങ്കിൽ, ഈ രണ്ട് കമ്പനികളെയും ഉടൻ തന്നെ ഇന്ത്യയിൽ നിന്ന് പുറത്താക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
"ഇന്ത്യയോടുള്ള ടെസ്ലയുടെയും സ്റ്റാർലിങ്കിന്റെയും സിഇഒ ഇലോൺ മസ്കിന്റെ കാഴ്ചപ്പാടാണിത്. ടെസ്ല ഇതിനോടകം ഇന്ത്യയിൽ തങ്ങളുടെ ഷോറൂമുകൾ തുറന്നുകഴിഞ്ഞു. ഇങ്ങനെയൊരു ചിന്താഗതിയുള്ള ആളുകളുമായി നമ്മൾ ബിസിനസ്സ് ചെയ്യണോ? @PMOIndia @narendramodi @AshwiniVaishnaw @PiyushGoyal തുടങ്ങിയ നിരവധി കമന്റുകളാണ് പ്രതിഷേധമായി രേഖപ്പെടുത്തിയത്.
നിലവിലെ സാഹചര്യത്തിൽ, ഇന്ത്യൻ അധികാരികൾ ഈ വിഷയത്തിൽ എങ്ങനെ പ്രതികരിക്കുമെന്നും ഈ സംഭവം ടെസ്ലയുടെയും സ്റ്റാർലിങ്കിന്റെയും ഇന്ത്യൻ പ്രവർത്തനങ്ങളെ, പ്രത്യേകിച്ച് വാഹന നിർമാണ മേഖലയിലും സാറ്റലൈറ്റ് ഇന്റർനെറ്റ് സേവന രംഗത്തും, എങ്ങനെ ബാധിക്കുമെന്നുമാണ് രാജ്യം ഉറ്റുനോക്കുന്നത്.