ബംഗളൂരു ട്രാഫിക്കിൽ സഹയാത്രികനായി ആട്; യാത്രക്കാരന്റെ സെൽഫി വൈറൽ
Friday, October 3, 2025 3:52 PM IST
ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആസ്ഥാനമായ ബംഗളൂരു നഗരത്തിലെ യാത്രാനുഭവങ്ങൾ എന്നും അപ്രതീക്ഷിത സംഭവങ്ങൾ കൊണ്ട് നിറഞ്ഞതാണ്. കനത്ത ട്രാഫിക് തിരക്കുകൾക്കപ്പുറം നഗരത്തിൽ സംഭവിക്കുന്ന വിചിത്രമായ കാര്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
അത്തരത്തിൽ, ഒരു സാധാരണ കാബ് യാത്രക്കാരന് ലഭിച്ച അവിശ്വസനീയമായ ഒരനുഭവമാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. താൻ ബുക്ക് ഷെയർ ചെയ്ത, കാറിൽ, ഒരു ആടാണ് തനിക്ക് സഹയാത്രികനായി ലഭിച്ചത് എന്നറിഞ്ഞ യുവാവ് ഉടൻ തന്നെ ഈ അപൂർവ നിമിഷം തന്റെ മൊബൈലിൽ പകർത്തി.
ഈ സെൽഫിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരൻ തന്റെ അനുഭവം എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇയാൾ ബുക്ക് ചെയ്തത് ഒരു ഷെയർഡ് കാബ് ആയിരുന്നു.
വാഹനത്തിൽ കയറിയ ഉടൻ തന്നെ തനിക്ക് പിന്നിലായി ഒരു കറുത്ത ആട് സുഖമായി ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി യുവാവ് പോസ്റ്റിൽ പറയുന്നു. താൻ സീറ്റിൽ ഇരുന്ന ശേഷമാണ് ആടിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്നും അദ്ദേഹം കുറിച്ചു.
ഈ അപ്രതീക്ഷിത കാഴ്ച രസകരമായി തോന്നിയ യാത്രക്കാരൻ, ഉടൻ തന്നെ ആടിനൊപ്പം ഒരു സെൽഫി എടുത്തു. യുവാവ് പങ്കുവെച്ച ചിത്രത്തിൽ, അദ്ദേഹം മുന്നിലെ സീറ്റിൽ ചിരിച്ചുകൊണ്ട് ഇരിക്കുന്നത് കാണാം, പിന്നിലെ സീറ്റിൽ ആട് ശാന്തമായി ഇരിക്കുന്നു.
ഈ വിചിത്രമായ ചിത്രം നിമിഷനേരം കൊണ്ട് വൈറൽ ആവുകയും ഏകദേശം അര ദശലക്ഷത്തോളം ആളുകൾ കാണുകയും ആയിരക്കണക്കിന് ഷെയറുകളും ലൈക്കുകളും നേടുകയും ചെയ്തു. ആദ്യം കാറിൽ ഒരു നേരിയ ദുർഗന്ധം അനുഭവപ്പെട്ടിരുന്നുവെന്നും എന്നാൽ അത് പഴയ കാറിന്റെ സീറ്റ് ലെതറിന്റേതാകാം എന്നാണ് താൻ കരുതിയതെന്നും യുവാവ് പോസ്റ്റിൽ രസകരമായി കുറിച്ചു.
"ഞാൻ ഇന്ന് ഒരു ഷെയർഡ് കാബിൽ കയറി, അപ്പോഴാണ് എനിക്ക് പിന്നിലായി ഒരു ആടുണ്ടായിരുന്നു എന്ന് മനസ്സിലായത്... ഒരു നേരിയ ദുർഗന്ധം ഉണ്ടായിരുന്നു, അത് പഴയ കാറിന്റെ ലെതർ സീറ്റിന്റേതാണെന്ന് ഞാൻ കരുതി. പക്ഷേ, ആ ലെതർ ഇപ്പോഴും ജീവനോടെയുണ്ടായിരുന്നു എന്ന് പിന്നീട് മനസ്സിലായി,' യുവാവ് എക്സിൽ കുറിച്ചു.
ഈ തമാശ കലർന്ന അടിക്കുറിപ്പാണ് ചിത്രത്തിന് കൂടുതൽ പ്രചാരം നേടിക്കൊടുത്തത്. ഈ സംഭവം ബംഗളൂരു നഗരത്തിന്റെ വിചിത്രമായ ഓൺലൈൻ കഥകളുടെ നീണ്ട പട്ടികയിലേക്ക് മറ്റൊരു അസാധാരണ സംഭവമായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്.