ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും എൻസിഎല്ലും ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ
Saturday, October 4, 2025 4:20 PM IST
ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായ സച്ചിൻ തെണ്ടുൽക്കർ, നാഷണൽ ക്രിക്കറ്റ് ലീഗിന്റെ ചെയർമാൻ അരുൺ അഗർവാളിനൊപ്പം ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓപ്പണിംഗ് ബെൽ മുഴക്കി ചരിത്രം കുറിച്ചു. യുഎസിലെ ഡല്ലാസിൽ എൻസിഎൽ ടൂർണമെന്റിലെ ആദ്യ പന്ത് എറിയുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഈ അഭിമാന നിമിഷം അരങ്ങേറിയത്.
എക്സിലെ തന്റെ പോസ്റ്റിൽ സച്ചിൻ, "നാഷണൽ ക്രിക്കറ്റ് ലീഗിനൊപ്പം എൻവൈഎസ്ഇ ഓപ്പണിംഗ് ബെൽ മുഴക്കാൻ കഴിഞ്ഞത് ഒരു അഭിമാന നിമിഷമാണ്'എന്ന് കുറിച്ചു. സച്ചിൻ ഈ ചടങ്ങിനെ ഒരു ഔപചാരികതയ്ക്ക് അപ്പുറമായിട്ടാണ് വിശേഷിപ്പിച്ചത്.
സാമ്പത്തിക വിപണികൾ ലോകമെമ്പാടുമുള്ള നിക്ഷേപകരെ ബന്ധിപ്പിക്കുന്നതുപോലെ, അതിർത്തികൾക്കപ്പുറമുള്ള ആരാധകരെ ക്രിക്കറ്റിന് ഒന്നിപ്പിക്കാൻ കഴിയുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ബെൽ റിംഗിംഗ് എന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് ഇതിഹാസവും എൻസിഎല്ലും തമ്മിലുള്ള ബന്ധം പുതിയതല്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ, നാഷണൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വിജയികളായ ചിക്കാഗോ ക്രിക്കറ്റ് ക്ലബ്ബിന് സച്ചിൻ കിരീടം സമ്മാനിച്ചിരുന്നു.
ആഗോളതലത്തിൽ 2.5 ബില്യണിലധികം കാഴ്ചക്കാർ കണ്ട ഈ എൻസിഎൽ ഫൈനൽ, അമേരിക്കൻ ഐക്യനാടുകളിൽ ക്രിക്കറ്റിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം വിളിച്ചോതുന്നതായിരുന്നു. സച്ചിന്റെ സാന്നിധ്യം അക്ഷരാർത്ഥത്തിൽ ആ സായാഹ്നത്തിന് പുതിയ ഉണർവേകി.
ചിക്കാഗോയുടെ മുഖ്യ പരിശീലകൻ റോബിൻ ഉത്തപ്പയ്ക്ക് ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ച അദ്ദേഹം, ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്തി. കൈ കൊടുക്കുകയും, ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ചെയ്തുകൊണ്ട് അദ്ദേഹം ആരാധകരെ സന്തോഷിപ്പിച്ചു. അദ്ദേഹത്തിന്റെ ഈ ഇടപെടലുകൾ യുഎസിൽ കായികരംഗത്ത് വർദ്ധിച്ചുവരുന്ന ആവേശത്തിന് അടിവരയിടുന്നു.
എൻവൈഎസ്ഇ പ്രസിഡന്റ് ബ്രയാൻ ഡാനിയേൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്, "ഇന്ന്, സച്ചിൻ തെണ്ടുൽക്കറും നാഷണൽ ക്രിക്കറ്റ് ലീഗും ഈ വേദിയിൽ നിൽക്കുമ്പോൾ, ഞങ്ങൾ ഒരു കളിയെ മാത്രമല്ല ആഘോഷിക്കുന്നത്, ലോകമെമ്പാടുമുള്ള കായിക വിനോദം അമേരിക്കയുടെ സാമ്പത്തിക, സാംസ്കാരിക ശ്രദ്ധാകേന്ദ്രത്തിലേക്ക് കടന്നുവരുന്നതിനെയാണ്." എൻസിഎല്ലിന്റെ ഔദ്യോഗിക ജേഴ്സി പങ്കാളി എന്ന നിലയിൽ, എൻവൈഎസ്ഇ ടെക്സാസ് ഈ മുന്നേറ്റത്തിനൊപ്പം നിൽക്കുന്നതിൽ അഭിമാനിക്കുന്നു.