ഫൈൻ ഡൈനിംഗ്, ധനികരുടെ ഇടം: ഇരിപ്പിലും വേഷത്തിലും, താജ് ഹോട്ടൽ മാനേജർ ശാസിച്ചു; യുവർസ്റ്റോറി സിഇഒയുടെ പോസ്റ്റ് ചർച്ചയാകുന്നു
Thursday, October 23, 2025 6:39 AM IST
രാജ്യത്തെ പ്രമുഖ ഡിജിറ്റൽ മീഡിയാ പ്ലാറ്റ്ഫോമായ "യുവർസ്റ്റോറി'യുടെ സ്ഥാപകയും സിഇഒയുമായ ശ്രദ്ധാ ശർമ്മയ്ക്ക് ഡൽഹിയിലെ ആഢംബര ഹോട്ടൽ ശൃംഖലയായ താജിന്റെ ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റിൽ നിന്നും നേരിട്ട ദുരനുഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു.
റെസ്റ്റോറന്റിലെ കസേരയിൽ കാൽ മടക്കിവെച്ച് ഇരുന്നതിന്റെ പേരിൽ ഹോട്ടൽ മാനേജർ തന്നെ ശാസിക്കുകയും വസ്ത്രധാരണത്തെ അധിക്ഷേപിക്കുകയും ചെയ്തു എന്നാണ് ശ്രദ്ധാ ശർമ്മയുടെ വെളിപ്പെടുത്തൽ.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സഹോദരിക്കൊപ്പം ഹൗസ് ഓഫ് മിങ് എന്ന റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ സാധാരണ ശൈലിയിൽ കാൽ മടക്കി ഇരുന്ന തന്റെ അടുത്ത് മാനേജർ എത്തി, മറ്റ് അതിഥികൾക്ക് തന്റെ ഇരിപ്പ് അസ്വസ്ഥതയുണ്ടാക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു.
"ഒരു സാധാരണ പൗരൻ കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കി അന്തസോടെ താജ് ഹോട്ടലിലേക്ക് വന്നാൽ പോലും ഈ രാജ്യത്ത് അവഹേളനം നേരിടേണ്ടി വരുന്നു. ഞാൻ എന്റെ സാധാരണ ശൈലിയിൽ ഇരുന്നു എന്നതാണോ തെറ്റ്? എങ്ങനെ ഇരിക്കണം എന്ന് താജ് എന്നെ പഠിപ്പിക്കുകയാണോ?' സംഭവം വിവരിച്ചുകൊണ്ട് പങ്കുവെച്ച വീഡിയോയിൽ ശ്രദ്ധാ ശർമ്മ രോഷം പ്രകടിപ്പിച്ചു.
ഇരിപ്പിന്റെ പേരിലുള്ള വിലക്കിന് പുറമെ, താൻ ധരിച്ചിരുന്ന പരമ്പരാഗത സൽവാർ കമ്മീസിനെയും കൊൽഹാപുരി ചെരിപ്പുകളെയും മാനേജർ അപമാനിച്ചുവെന്നും ശ്രദ്ധാ ശർമ്മ ആരോപിച്ചു. "ഇതൊരു ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റാണ്, ഒരുപാട് സമ്പന്നർ ഇവിടെ വരുന്നുണ്ട്. അതിനാൽ നിങ്ങൾ അതിനനുസരിച്ച് ഇരിക്കണം, അടച്ച ഷൂസുകളാണ് ധരിക്കേണ്ടത്' എന്നായിരുന്നു മാനേജരുടെ പ്രതികരണമെന്ന് ശ്രദ്ധാ ശർമ്മ വെളിപ്പെടുത്തി.
തന്റെ വസ്ത്രങ്ങളും ചെരിപ്പുകളും സ്വന്തം പ്രയത്നത്തിലൂടെ നേടിയ പണം കൊണ്ട് വാങ്ങിയതാണെന്നും, ആരെയും ശല്യപ്പെടുത്താതെ മാന്യമായി ഇരുന്ന തന്നോട് "കാലുകൾ താഴെയിടാൻ' ആവശ്യപ്പെട്ടത് തികച്ചും തെറ്റായ നടപടിയാണെന്നും അവർ വ്യക്തമാക്കി.
ഇൻഡസ്ട്രിയലിസ്റ്റ് രത്തൻ ടാറ്റയെ താൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും, അദ്ദേഹം മുൻപ് തന്റെ കമ്പനിയിൽ നിക്ഷേപകൻ ആയിരുന്നിട്ടുപോലും താജിൽ നിന്നും നേരിട്ട ഈ അനുഭവം ഹൃദയഭേദകമായി തോന്നുന്നുവെന്നും ശ്രദ്ധാ ശർമ്മ കൂട്ടിച്ചേർത്തു.
ശ്രദ്ധാ ശർമ്മയുടെ പോസ്റ്റ് വൈറലായതോടെ വലിയൊരു വിഭാഗം ഉപയോക്താക്കൾ ഹോട്ടലിന്റെ നടപടിയെ ശക്തമായി വിമർശിച്ചു. ഇത് "മക്കാളെയുടെ ചിന്താഗതി' എന്നും, പുതിയ കാലത്തും നിലനിൽക്കുന്ന പാശ്ചാത്യവത്കൃത വരേണ്യ മനോഭാവമാണെന്നും പലരും അഭിപ്രായപ്പെട്ടു.
പണം നൽകി ഭക്ഷണം കഴിക്കുമ്പോഴും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഇരിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ എന്ത് മാന്യതയാണുള്ളതെന്നും പലരും ചോദിച്ചു.എന്നാൽ, ചില ഉപയോക്താക്കൾ ഹോട്ടലിന് അനുകൂലമായും പ്രതികരിച്ചു.
ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾക്ക് അതിന്റേതായ പെരുമാറ്റച്ചട്ടങ്ങളും ശുചിത്വ മാനദണ്ഡങ്ങളുമുണ്ടെന്നും, കസേരയിൽ കാൽ മടക്കിവെച്ചിരിക്കുന്നത് ശുചിത്വ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.വിവാദമുയർന്നിട്ടും, വിഷയത്തിൽ താജ് ഹോട്ടൽ ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
വ്യക്തിപരമായ സ്വാതന്ത്ര്യവും, ആഢംബര ഇടങ്ങളിലെ പെരുമാറ്റ മര്യാദകളും തമ്മിലുള്ള അതിർവരമ്പുകൾ എവിടെയാണ് എന്നതിനെക്കുറിച്ച് ഈ സംഭവം ഒരു ദേശീയ ചർച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ്.