അതിജീവനത്തിന്റെ കഥ പറയും "അനശ്വര പൊറോട്ട'യ്ക്കു ലൈക്കോടു ലൈക്ക്!
Wednesday, June 9, 2021 5:04 PM IST
നിയമത്തിന്റെ നൂലിഴകൾ കീറി കോടതിമുറിയിൽ വാദമുഖങ്ങൾ നിരത്തുന്പോൾ പൊറോട്ട അടിച്ചു പരത്തിയതിന്റെ ചൂടും തഴന്പും ഇരുപത്തിരണ്ടുകാരിയായ അനശ്വരയ്ക്കു കരുത്തു പകരും. അനുഭവങ്ങളുടെ പുകയും തീയുമേറ്റു വളർന്നതിന്റെ കരുത്ത് ആ കൈകളിൽ മാത്രമല്ല, അവളുടെ ജീവിത ലക്ഷ്യത്തിലേക്കുള്ള പാതയിലും ശക്തിപകരും.
ഭർത്താവ് ഉപേക്ഷിച്ചു പോയപ്പോൾ അമ്മയുടെ അതിജീവനമായിരുന്നു ഹോട്ടൽ പണിയെങ്കിൽ, ജീവിതം കരുപ്പിടിപ്പിക്കാൻ അമ്മയുടെ പ്രയത്നത്തിനൊപ്പം നിൽക്കുകയായിരുന്നു ഇളയ മകളായ അനശ്വര. എരുമേലി കുറുവാമുഴി കാശാൻകുറ്റിയിൽ സുബിയുടെ മകൾ അനശ്വര തൊടുപുഴ അൽ അസ്ഹർ ലോ കോളജിൽ അവസാന വർഷ നിയമവിദ്യാർഥിനിയാണ്.

ഓർമവച്ച നാൾ മുതൽ കാണുന്ന അമ്മയുടെ കഷ്ടപ്പാട് അറിഞ്ഞു തന്റെ പഠനത്തിനൊപ്പം അനശ്വരയും ഹോട്ടൽ ജോലിയിൽ പങ്കാളിയായി. അതിൽ അവൾക്കു കുറവ് തോന്നിയില്ല, മറിച്ച് അഭിമാനമായിരുന്നു.
കോളജിൽ പൊറോട്ടയെന്നു സുഹൃത്തുക്കളും സഹപാഠികളും ഇരട്ടപ്പേരു വിളിക്കുന്പോഴും അവൾ തല ഉയർത്തി നടന്നു. അതുകൊണ്ടുതന്നെ പഠനം പൂർത്തിയാക്കി വക്കീൽ കുപ്പായമണിഞ്ഞാലും പൊറോട്ടയടി നിർത്തില്ലെന്ന് അഭിമാനത്തോടെ അനശ്വര പറയുന്നു.
അനശ്വരയുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ സാക്ഷ്യപത്രമാണു കുറുവാമുഴിയിൽ റോഡരികിലുള്ള ഇത്തിരിപ്പോന്ന ആര്യാ ഹോട്ടൽ. കേറിക്കിടക്കാൻ ആകെയുള്ള ചെറിയ കുടുംബവീട് ഹോട്ടലാക്കി മാറ്റിയാണ് സുബി മക്കൾ രണ്ടുപേരേയും പഠിപ്പിച്ചത്. മൂത്തമകൾ വിവാഹിതയായി.
അനശ്വരയുടെ പഠനച്ചെലവിനും നിത്യവൃത്തിക്കും ഹോട്ടലിലെ വരുമാനമാണ് ആശ്രയം. മുന്പ് കോളജിൽ ക്ലാസിനു പോകുന്നതിനും മുന്പും ശേഷവുമായിരുന്നു ഹോട്ടലിൽ അമ്മയ്ക്കു സഹായിയായി ഒപ്പം കൂടിയിരുന്നതെങ്കിൽ ഇപ്പോൾ മുഴുവൻ സമയവും അനശ്വര സജീവമായുണ്ട്.

സമീപത്ത് വാടകവീട്ടിൽ താമസിക്കുന്ന സുബിയുടെ അനുജത്തിയുടെ രണ്ടു പെണ്മക്കൾ മാളവികയും അനാമികയും ഒപ്പം കൂടും.
ഇവർ പൊറോട്ടയടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. കോളജ് ഫേസ്ബുക്ക് പേജിലും അനശ്വരയുടെ വീഡിയോ ശ്രദ്ധേയമായി.