ലങ്കൻ തെരുവുകളിൽ ആവേശം നിറഞ്ഞ ഓട്ടോറിക്ഷ റേസ്: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
Saturday, October 4, 2025 2:39 PM IST
വേഗതയുടെയും കൃത്യതയുടെയും കാര്യത്തിൽ ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് ഫോർമുല 1 (എഫ്1) റേസിംഗ്. ലോകത്ത് എഫ്1 റേസിംഗിന് പ്രത്യേക സ്ഥാനവും ആരാധകരുമുണ്ട്.
ഓരോ വളവും, ഓരോ ഓവർടേക്കിംഗും, ഓരോ ലാപും എല്ലാം അത്രയേറെ ഭംഗിയാണ്. എന്നാൽ പ്രൊഫഷണൽ ട്രാക്കുകൾക്കപ്പുറം അപ്രതീക്ഷിത ഇടങ്ങളിലും ഇതേ ആവേശം കണ്ടെത്താൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം.
അത്തരത്തിൽ ഒരു അവിശ്വസനീയമായ ഓട്ടോറിക്ഷ റേസിംഗിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ആഡംബര കാറുകളോ മോട്ടോർ സൈക്കിളുകളോ അല്ല ഈ മത്സരത്തിലെ താരങ്ങൾ.
പകരം രണ്ട് ഓട്ടോറിക്ഷകളാണ് പരസ്പരം മത്സരിക്കുന്നത്. എഫ്1 റേസിന് സമാനമായ ആവേശത്തോടെയുള്ള ഈ അപകടം നിറഞ്ഞ മത്സരയോട്ടത്തിന്റെ വീഡിയോ ഇപ്പോൾ വൈറൽ ഹിറ്റായി മാറിയിരിക്കുകയാണ്.
എക്സിൽ പങ്കുവെച്ച ഈ വീഡിയോയിൽ, രണ്ട് ഓട്ടോറിക്ഷകൾ റോഡിലൂടെ മത്സരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. പരസ്പരം മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരു വാഹനങ്ങളും അതിവേഗതയിലാണ് മുന്നോട്ട് പോകുന്നത്.
ഈ സമയത്ത്, ഒരു ഓട്ടോറിക്ഷ വൺവേ തെറ്റിച്ച് എതിർ ട്രാക്കിലേക്ക് കടന്ന് മുന്നോട്ട് കുതിക്കുന്നതിനിടെ ഒരു കാറുമായി കൂട്ടിയിടിക്കുന്നു. ഈ കൂട്ടിയിടിയിൽ ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടമാവുകയും തലകീഴായി മറിഞ്ഞു വീഴുകയും ചെയ്യുന്നു.
അതേസമയം, എതിരാളി തടസ്സങ്ങളൊന്നും കൂടാതെ മുന്നോട്ട് കുതിച്ച് ഫിനിഷിംഗ് ലൈൻ കടന്ന് വിജയിക്കുന്നു. മത്സരത്തിന്റെ ആവേശം വർദ്ധിപ്പിക്കാനായി വീഡിയോയിൽ ഫോർമുല 1 കമന്ററിയും ചേർത്തിട്ടുണ്ട്.
വീഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പിൽ "ലൂയിസ് ഹാമിൽട്ടൺ vs മാക്സ് വെർസ്റ്റാപ്പൻ' എന്ന് പ്രമുഖ എഫ്1 ഡ്രൈവർമാരെ പരാമർശിച്ചതും ശ്രദ്ധേയമായി. ഈ ക്ലിപ്പ് ഓൺലൈനിൽ പങ്കുവെച്ചതുമുതൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ ശ്രദ്ധ നേടുകയും കമന്റ് ബോക്സിൽ നിരവധി പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു.
"വേഗതയുള്ള വാഹനങ്ങൾ സാവധാനം ഓടിക്കുന്നതിനേക്കാൾ രസകരമാണ് വേഗത കുറഞ്ഞ വാഹനങ്ങൾ വേഗത്തിൽ ഓടിക്കുന്നതെന്ന്, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, അവന്റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണിത്. ഒരു റേസിനായി അയാൾ ജീവൻ പണയം വെച്ചു' എന്നിങ്ങനെ രസകരമായും വിമർശനാത്മകമായും നിരവധി കമന്റുകളും വന്നു.