10 വർഷത്തെ കാത്തിരിപ്പ്: വീൽചെയറിൽ നിന്നും റോബോട്ടിക് കാലുകളിലേക്ക്; ഇൻഫ്ലുവൻസർ ജെസിക്കയുടെ പ്രചോദന യാത്ര
Wednesday, October 15, 2025 2:44 PM IST
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ലെബനീസ്-അമേരിക്കൻ യുവതിയുമായ ജെസിക്ക താവിൽ, ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം സ്വന്തം കാലിൽ നിൽക്കുകയും നടക്കുകയും ചെയ്തതിന്റെ ആവേശകരമായ നിമിഷങ്ങൾ ലോകവുമായി പങ്കുവെച്ചു. ഈ വീഡിയോ ഇതിനോടകം കോടിക്കണക്കിനാളുകളാണ് കണ്ടത്.
2014 നവംബർ 15-ന് പതിനാറാം വയസിൽ സംഭവിച്ച വാഹനാപകടത്തിൽ അരയ്ക്ക് താഴെ തളർന്നുപോയ ജെസിക്കയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായത്.
"കഴിഞ്ഞ 10 വർഷമായി ഞാൻ രണ്ട് കാലിൽ നിന്നിട്ടില്ല... എന്റെ സ്വപ്നം യാഥാർഥ്യമാകുന്നത് കാണുക' എന്ന തലക്കെട്ടോടെ ജെസിക്ക പങ്കുവെച്ച വീഡിയോ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നു.

ഈ വീഡിയോയിൽ, അതിനൂതനമായ റോബോട്ടിക് എക്സോസ്കെലറ്റൺ എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ജെസിക്ക ചുവടുകൾ വെക്കുന്നത്. പുതിയ "ബയോണിക് കാലുകൾ' ഉപയോഗിച്ച് നടന്നു തുടങ്ങിയ നിമിഷം ജെസിക്ക വികാരാധീനയായി.
അത്ഭുവും, അതിരില്ലാത്ത സന്തോഷവും, ചിരിയും, കണ്ണീരുമെല്ലാം ആ വീഡിയോയിൽ നിറഞ്ഞുനിന്നു. വാഹനാപകടത്തിൽ അരയ്ക്ക് താഴെ തളർന്ന ജെസിക്ക, ആശുപത്രി സന്ദർശനങ്ങളുടെ നീണ്ട നിരകളും കാറിൽ കയറുന്നതുൾപ്പെടെയുള്ള ദൈനംദിന വെല്ലുവിളികളും ഉൾപ്പെടെ, തന്റെ ജീവിതത്തിലെ യാഥാർഥ്യങ്ങളെക്കുറിച്ച് വളരെ സത്യസന്ധമായും തുറന്ന മനസോടുകൂടിയുമാണ് സോഷ്യൽ മീഡിയയിൽ സംസാരിച്ചിരുന്നത്.
അവരുടെ ഉള്ളുതുറന്നുള്ള സംസാരം നിരവധിപേരെ ആകർഷിച്ചു. "അപകടശേഷം നഷ്ടപ്പെട്ടുപോയെന്ന് ഞാൻ കരുതിയ പഴയ എന്നിലേക്ക് വീണ്ടും എത്തിച്ചേരുന്നതു പോലെ തോന്നി' ജെസിക്ക പറഞ്ഞു. ജെസിക്കയുടെ ഈ അതിശയിപ്പിക്കുന്ന നിമിഷത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേർ കമന്റ് ബോക്സിൽ ആശംസകൾ അറിയിച്ചു.
"വർഷങ്ങൾക്കുശേഷം നിങ്ങൾ വീണ്ടും നടക്കുന്നതു കാണുന്നത് വലിയ പ്രചോദനമാണ്. നിങ്ങൾ ഒരു യഥാർത്ഥ പോരാളിയാണെന്നും നിങ്ങൾ നിസാരമായി കാണുന്ന കാര്യങ്ങൾ മറ്റൊരാളുടെ അത്ഭുതമാണെന്നും തുടങ്ങിയ നിരവധി കമന്റുകൾ വന്നു.