ഡൽഹി ഹൈക്കോടതിയുടെ വെർച്വൽ ഹിയറിംഗിനിടെ സ്വകാര്യ ദൃശ്യങ്ങൾ: അഭിഭാഷകന്റെ വീഡിയോ വൈറലായി
Wednesday, October 15, 2025 6:41 PM IST
ഡൽഹി ഹൈക്കോടതിയുടെ വെർച്വൽ കോടതി നടപടികൾക്കിടെ നടന്നുവെന്ന് പറയപ്പെടുന്ന ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയാണ്. ഒരു അഭിഭാഷകൻ ഓൺലൈൻ സെക്ഷന് മുന്നോടിയായി ഒരു സ്ത്രീയുമായി ചുംബനത്തിലേർപ്പെടുന്നതാണ് ഈ വൈറൽ ക്ലിപ്പിലുള്ളത്.
റിപ്പോർട്ടുകൾ അനുസരിച്ച്, കോടതി നടപടികൾ ഔദ്യോഗികമായി ആരംഭിച്ചിരുന്നതിന് മുമ്പ്, ജഡ്ജി ഓൺലൈനായി എത്താൻ ആളുകൾ കാത്തിരിക്കുന്ന സമയത്തായിരുന്നു ഈ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്. അഭിഭാഷക വേഷം ധരിച്ചാണ് ആദ്ദേഹം മുറിയിൽ ഇരിക്കുന്നത്.
ക്യാമറയിൽ നിന്ന് ഭാഗികമായി തിരിഞ്ഞിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ മുഖത്തിന്റെ ഒരു വശം മാത്രമാണ് വ്യക്തമാകുന്നത്. അദ്ദേഹത്തിന് മുന്നിലായി സാരി ധരിച്ച ഒരു സ്ത്രീ നിൽക്കുന്നതും കാണാം. തുടർന്ന് അഭിഭാഷകൻ സ്ത്രീയുടെ കൈയ്യിൽ പിടിച്ച് അദ്ദേഹത്തിനടുത്തേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു.
ഈ സമയം സ്ത്രീ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാം. എങ്കിലും, അഭിഭാഷകൻ അവരെ അടുത്തേക്ക് വലിച്ചെടുത്ത് ചുംബനം നൽകിയ ശേഷം, അവർ പിന്നോട്ട് മാറുന്നതും വീഡിയോയിൽ കാണാവുന്നതാണ്.
ഈ ക്ലിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം വൻതോതിൽ പ്രചരിച്ചു. വീഡിയോയിലുള്ള അഭിഭാഷകന്റെയും സ്ത്രീയുടെയും യഥാർഥ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നിയമ രംഗത്ത് നിന്നുള്ളവർ ഉൾപ്പെടെ നിരവധി ഉപയോക്താക്കൾ ഈ വീഡിയോയോട് പ്രതികരിച്ചിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകനായ ശശാങ്ക് ശേഖർ ഝാ ഈ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി എന്ന് മാത്രം കുറിച്ചത് ചർച്ചകൾക്ക് വഴിവെച്ചു.
എന്നാൽ, സുപ്രീം കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന മറ്റൊരു അഭിഭാഷകനായ കുമാർ ദീപ്രാജ് ഇത് ജസ്റ്റിസ് ജ്യോതി സിംഗിന്റെ കോടതിയാണെന്നും, ദൃശ്യങ്ങളിലുള്ളത് ജഡ്ജിയല്ല അഭിഭാഷകനാണെന്നും, സംഭവം നടക്കുമ്പോൾ കോടതി നടപടികൾ ആരംഭിച്ചിട്ടില്ലായിരുന്നുവെന്നും വ്യക്തമാക്കി.
വെർച്വൽ കോടതി സംവിധാനങ്ങൾക്കിടയിലും പാലിക്കേണ്ട മര്യാദകളെക്കുറിച്ചും, കോടതിയുടെ അന്തസിനെക്കുറിച്ചുമെല്ലാം ഈ സംഭവം നിയമ ലോകത്ത് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.