"കൊറോണ കാലത്തെ കല്യാണം'; മംഗളപത്രവുമായി പോലീസ് മേധാവി
Saturday, May 1, 2021 2:19 PM IST
ആദ്യം ആശങ്ക, പിന്നെ ആശ്വാസം- കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയിൽ നടന്ന വിവാഹ വീട്ടിലെ കുടുംബാംഗങ്ങളുടെ അവസ്ഥ ഇതായിരുന്നു. താലികെട്ട് കഴിഞ്ഞ ഉടൻ ജില്ല റൂറൽ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് വിവാഹ വേദിയിലേക്ക് എത്തുകയായിരുന്നു.
വടകരയിൽ നടന്ന കാവ്യയുടെയും ലിന്റോ മഹേഷിന്റെയും വിവാഹത്തിനാണ് പോലീസ് അപ്രതീക്ഷിതമായി എത്തിയത്. കാവ്യയുടെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നിരുന്നത്. എന്തെങ്കിലും നിയമനടപടിയുടെ ഭാഗമായാണ് പോലീസ് എത്തിയതെന്നാണ് ആദ്യം വീട്ടുകാർ കരുതിയത്.
എന്നാൽ കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന വിവാഹങ്ങളിൽ പോലീസ് നേരിട്ടെത്തി അനുമോദിക്കുന്നതിന്റെ ഭാഗമായാണ് ഡോ. എ ശ്രീനിവാസ് എത്തിയത്. ദന്പതികളെ അനുമോദിച്ച പോലീസ് മേധാവി മംഗളപത്രവും കൈമാറി. കൊറോണ കാലത്തെ കല്യാണം എന്ന പേരിലാണ് കോഴിക്കോട് ജില്ലയിൽ പോലീസ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.