മുത്തശ്ശിയെ വിളിച്ചു: ഒൻപത് വയസുകാരനെ പ്രിൻസിപ്പൽ ക്രൂരമായി മർദ്ദിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ
Thursday, October 23, 2025 2:42 AM IST
കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വിദ്യാർഥിക്ക് നേരെയുണ്ടായ ക്രൂരമായ മർദനം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമുയർന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്നാരോപിച്ച് ഒൻപത് വയസുകാരനായ അഞ്ചാം ക്ലാസ് വിദ്യാർഥിയെ സ്കൂൾ പ്രിൻസിപ്പൽ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
നായകനഹട്ടി ഗ്രാമത്തിലെ ശ്രീഗുരു തിപ്പേരുദ്രസ്വാമി റെസിഡൻഷ്യൽ വേദ സ്കൂളിലാണ് സംഭവം അരങ്ങേറിയത്. ഇവിടെയുള്ള പ്രധാനാധ്യാപകനായ വീരേഷ് ഹിരേമഠ് ആണ് പ്രതി. കുട്ടി തന്റെ മുത്തശ്ശിയെ വിളിക്കാനായി മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് പ്രധാനാധ്യാപകനെ പ്രകോപിപ്പിച്ചത്.
ഭയന്ന് കരയുന്ന കുട്ടിയെ പ്രിൻസിപ്പൽ ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ഈ ദൃശ്യങ്ങൾ വൈറലായതോടെ സംഭവം പൊതുശ്രദ്ധയിൽ എത്തുകയും അധികൃതർ ഉടൻ നടപടി സ്വീകരിക്കുകയും ചെയ്തു.
സംഭവം പുറത്തുവന്നതോടെ പ്രിൻസിപ്പൽ വീരേഷ് ഹിരേമഠ് കലബുറഗിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. എങ്കിലും പോലീസ് നടത്തിയ ഊർജിതമായ തിരച്ചിലിൽ ഇയാളെ പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതിക്കെതിരെ നിയമപരമായ എല്ലാ വകുപ്പുകളും ചുമത്തി കർശന നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു. ഈ സംഭവം വിദ്യാഭ്യാസ സ്ഥാപനത്തിൽ, പ്രത്യേകിച്ച് റെസിഡൻഷ്യൽ, മതപരമായ സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്കൂൾ അധികൃതരുടെ ഉത്തരവാദിത്തത്തെക്കുറിച്ചുമുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി.
ഇത്തരം ദാരുണമായ സംഭവങ്ങൾ ഭാവിയിൽ ഉണ്ടാവാതിരിക്കാൻ ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിച്ചതോടെ നിരവധി പേർ പ്രതികരണങ്ങളുമായെത്തി.
"കുട്ടി ഗുരുജി എന്ന് വിളിച്ച് കരയുന്ന രീതി കണ്ടാൽ, ഇയാൾക്ക് ആ വിശേഷണത്തിന് ഒട്ടും യോഗ്യതയില്ലെന്ന് മനസിലാക്കാം, ഇത് തീർത്തും മോശമായ പ്രവൃത്തിയാണ്,' എന്നായിരുന്നു ഒരു ഉപയോക്താവിന്റെ അഭിപ്രായം.
ഇത്തരം സംഭവങ്ങൾ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും ബാലാവകാശ നിയമങ്ങൾ ശക്തമായി നടപ്പാക്കണമെന്നുമാണ് പൊതുജനാഭിപ്രായം.