തലയുയര്‍ത്തി വികസനത്തെക്കുറിച്ച് സംസാരിക്കുന്നതിനാലാകാം നമ്മുടെ നിരത്തുകളുടെ ദയനീയാവസ്ഥ പലപ്പോഴും ഭരണകര്‍ത്താക്കള്‍ കാണാതെ പോകുന്നത്. റോഡിലുള്ള ഈ കുഴികള്‍ നിമിത്തം ഒരു ദിവസം ആയിരക്കണക്കിനാളുകളാണ് മരണപ്പെടുകയൊ ആശുപത്രിയിലാവുകയൊ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം തൃശൂരിലും ഒരു യുവാവ് ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. എന്നാല്‍ നമ്മളില്‍ പലരും ഇതൊക്കെ വിധി എന്ന ക്ലീഷെ വാചകം പറഞ്ഞു നില്‍ക്കുകയാണ് പതിവ്.

പക്ഷെ ചിലര്‍ ഇതിനെതിരെ രംഗത്ത് വരും. അധികാരികളുടെ കണ്ണുതുറപ്പിക്കാനായി അവര്‍ അവരുടേതായ ശൈലികള്‍ ഉപയോഗിക്കുകയും ചെയ്യും. അത്തരത്തിലൊരു കാര്യമാണ് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബംഗളൂരുവില്‍ ഉണ്ടായത്.

ബംഗളൂരുവിലെ അഞ്ജന പുരയിലുള്ള റോഡില്‍ ഒരു യുവാവ് മരണ ദേവനായ യമന്‍റെ രൂപത്തില്‍ നിന്നാണ് തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇവിടുത്തെ റോഡുകളുടെ ദുരവസ്ഥ അധികാരികള്‍ അവഗണിക്കാന്‍ തുടങ്ങിയിട്ട് 10 വര്‍ഷത്തോളമായി. പല തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവര്‍ തങ്ങളുടെ മെല്ലപ്പോക്ക് നയം തുടരുകയാണ്.


കഴിഞ്ഞ ദിവസം അഞ്ജനപുരയിലെ നിരത്തുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ചേംഞ്ച് മേക്കേഴ്സ് ഓഫ് കനകപുര റോഡ് എന്ന സംഘടനയില്‍ അംഗമായ യുവാവാണ് ഇത്തരത്തിലൊരു വേറിട്ട പ്രതിഷേധവുമായി എത്തിയത്.

കാലനായി വേഷമിട്ട യുവാവ് പോത്തിനെയും തനിക്കൊപ്പം കൂട്ടിയാണ് റോഡരികില്‍ നിന്നത്. നിരവധിയാളുകള്‍ ഈ സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.

ഏതായാലും ഇത്തവണ എങ്കിലും ഉറക്കം ഭാവിക്കുന്ന അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അവിടുത്തുകാര്‍.