ചില ഓട്ടോഡ്രൈവര്‍മാര്‍ പണം കൂടുതലായി വാങ്ങുന്നുവെന്ന പരാതി നാം പലപ്പോഴും കേള്‍ക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ അനുഭവിച്ചറിയേണ്ടി വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ കാണിച്ച കള്ളത്തരം കാമറയില്‍ പതിഞ്ഞെന്ന് കേട്ടാലോ? ബംഗളൂരുവില്‍ നിന്നും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് നെറ്റിസണ്‍സടക്കം അമ്പരന്നിരിക്കുകയാണ്.

മാത്രമല്ല ഇനി മുതല്‍ വീഡിയോയിലുള്ള ഓട്ടോ ഡ്രൈവറേയും ഇയാളുടെ കള്ളത്തരം അനുകരിക്കുന്ന മറ്റുള്ളവരേയും സൂക്ഷിച്ചോളൂ എന്നും സൈബറിടത്തില്‍ മുന്നറിയിപ്പ് ഉയരുകയാണ്. ബംഗ്ലാദേശ് സ്വദേശിയായ വ്ലോഗറും പെണ്‍ സുഹൃത്തും ബംഗലൂരു പാലസ് കാണാന്‍ ഇറങ്ങിയതാണ്. ഇവര്‍ അതിനായി ബംഗലൂരു നഗരത്തിലെത്തി ഒരു ഓട്ടോപിടിച്ച് യാത്രയായി.

സ്ഥലമെത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് പണം കൊടുത്ത് യാത്രപറയുകയും ചെയ്തു. ഈ ദൃശ്യങ്ങളെല്ലാം വ്ലോഗിംഗ് കാമറയില്‍ പതിയുന്നുണ്ടായിരുന്നു. ട്രിപ്പ് അവസാനിച്ച് വീട്ടിലെത്തി വീഡിയോ എഡിറ്റ് ചെയ്യാന്‍ നോക്കുമ്പോഴാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ കാണിച്ച കള്ളത്തരം പുറത്തായത്. ആകെ 320 രൂപയാണ് ഓട്ടോ ചാര്‍ജ് ആയത്.

ആദ്യം 500 രൂപയാണ് വ്ലോഗര്‍ ഡ്രൈവര്‍ക്ക് കൊടുത്തത്. എന്നാല്‍ പണം വാങ്ങി ഞൊടിയിടയില്‍ ഈ നോട്ട് ഷര്‍ട്ടിന്‍റെ കൈ മടക്കിയ ഭാഗത്ത് തിരുകി വെച്ച ഡ്രൈവര്‍ കൈയില്‍ ഒളിപ്പിച്ചു. ശേഷം 100 രൂപയുടെ നോട്ട് കാട്ടുകയും ബാക്കി വേണമന്ന് ആവശ്യപ്പെടുകയുമായിരുന്നു. തനിക്ക് തെറ്റിപ്പോയതാകുമെന്ന് കരുതി വ്ലോഗര്‍ വീണ്ടും 500 രൂപ കൊടുത്തു. അതിന്‍റെ ബാക്കി തുക ഓട്ടോ ഡ്രൈവറും നല്‍കി.



ഈ സമയമത്രയും ഇവരുവരോടും ഡ്രൈവര്‍ വളരെ സൗഹാര്‍ദ്ദപരമായി സംസാരിക്കുന്നത് കാണാം. മൃത്യുഞ്ജയ് സര്‍ദാര്‍ എന്നയാളുടെ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

"ഓട്ടോഡ്രൈവര്‍ കാട്ടിയത് ശരിയായില്ല', "എന്തിനാണീ കളളത്തരം', "വിദേശികളോടു ഇങ്ങനെ കാണിക്കുന്നുണ്ടോ', "എന്തിനാണ് ഈ ആര്‍ത്തി' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തി. ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്.