ടിപ് കൊടുത്തില്ല, യുവാവിനെ പിന്നാലെ ചെന്ന് ശല്യപ്പെടുത്തി ഹോട്ടലുടമ
Thursday, May 1, 2025 5:01 PM IST
ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചതിനുശേഷം പണം നൽകുന്പോൾ വെയിറ്റർമാർക്ക് ടിപ് നൽകാറുണ്ട്. അത് നല്ല ഭക്ഷണത്തിന്, നല്ല സേവനത്തിന്, മാന്യമായ പെരുമാറ്റത്തിന് ഒക്കെ നൽകുന്നതാകും. അത് നിർബന്ധമായി നൽകേണ്ട പണമൊന്നുമല്ല. ഭക്ഷണം കഴിച്ചയാൾക്കും നൽകിയയാൾക്കും ഒരു സന്തോഷം അത്രേയുള്ളു.
യൂറോപ്യൻമാരുടെ ശീലമായിരുന്നത് പിന്നീട് ലോകം മുഴുവൻ വ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിൽ ഇത്തരമൊരു സംഭവമായിരുന്നു. ഇല്ലിനോയിസിലെ ഒരു റെസ്റ്റോറന്റില്‍ നിന്നും 17 ഡോളറിന്റെ ഭക്ഷണം കഴിച്ച് ഒരാൾ ടാക്സടക്കം 19.89 ഡോളര്‍ ബില്ല് വന്നപ്പോൾ 20 ഡോളര്‍ വച്ചിട്ടിറങ്ങിയെന്നും എന്നാല്‍, റെസ്റ്റോറന്റ് ഉടമ പിന്നാലെ വന്ന് ടിപ്പ് ആവശ്യപ്പെട്ടെന്നും പറഞ്ഞായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
വീടില്ലാത്ത ബോഡിബിൽഡറായ ഒരാളായിരുന്നു ഭക്ഷണം കഴിച്ചത്. അതായത് കഴിച്ച ഭക്ഷണത്തിന്റെ 18 ശതമാനം ടിപ്പ് അദ്ദേഹം ആവശ്യപ്പെട്ടെന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഇവാൻസ്റ്റണിലെ റാമെൻ ഷോപ്പ് ടേബിൾ ടു സ്റ്റിക്സിലെ കെന്നി ചൗ എന്നയാളാണ് കടയുടമയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തന്റെ പിന്നാലെ വരുന്ന കടയുടമയോട് താൻ എന്തിനാണ് എന്റെ പിന്നാലെ വരുന്നതെന്നു യുവാവ് ചോദിക്കുന്നുണ്ട്. പക്ഷേ, അപ്പോഴൊക്കെയും യുവാവിനെ പ്രകോപിതനാക്കി പിന്തുടരുകയാണ് കടയുടമ. വീഡിയോ വൈറലായതോടെ നിരവധിപ്പേർ കടയുടമയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എന്തായാലും ചെയ്തതു തെറ്റായിപ്പോയിയെന്നും ആ യുവാവിനോട് ക്ഷമ പറയണമെന്നുമാണ് ഇപ്പോൾ കടയുടമയുടെ ആവശ്യം.