ഗർബ നൃത്തം ഒരു മറുപടി! "അർഷ്ദീപിന്റെ സാവേജ്' വിമാന ആംഗ്യം ഏറ്റുപിടിച്ച് ആരാധകർ; വൈറലായി ക്രിക്കറ്റ് "ട്രോൾ' നൃത്തം
Friday, October 3, 2025 2:47 PM IST
2025-ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ-പാകിസ്ഥാൻ താരങ്ങൾ തമ്മിൽ കളിക്കളത്തിൽ കണ്ട ചില അസാധാരണമായ ആംഗ്യങ്ങൾക്കും വാഗ്വാദങ്ങൾക്കും ഒടുവിൽ, ആരാധകരുടെ വക നൃത്ത രൂപത്തിലുള്ള പ്രതികാരം.
പ്രതിഷേധ ചുവടുകളോടുകൂടിയ ഗർബ നൃത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ഈ വൈറൽ നൃത്ത വീഡിയോയിലെ പ്രധാന ആകർഷണം ഇന്ത്യൻ താരം അർഷ്ദീപ് സിങ്ങിന്റെ വിമാന ആംഗ്യത്തിന്റെയും, പാക് സ്പിന്നർ അബ്രാർ അഹമ്മദിന്റെ പ്രസിദ്ധമായ ഹെഡ്-റ്റിൽറ്റ് ആഘോഷത്തിന്റെയും അനുകരണവുമാണ്.
ഏഷ്യാ കപ്പ് ടൂർണമെന്റിനിടെ, പാക് പേസർ ഹാരിസ് റൗഫ് ഇന്ത്യൻ കാണികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ ആവർത്തിച്ച് വിമാനം ഇടിച്ചിറക്കുന്ന ആംഗ്യവും, 6-0 എന്ന ആക്ഷേപകരമായ ആംഗ്യവും കാണിച്ചത് വലിയ വിവാദമായിരുന്നു.
ഇതിന് മറുപടിയെന്നോണം, കൈകൾകൊണ്ട് വിമാനം രൂപപ്പെടുത്തി, അത് തന്റെ പിന്നിലേക്ക് ഇടിച്ചിറക്കുന്ന സാവേജ് മറുപടി ആംഗ്യം കാണിച്ച് അർഷ്ദീപ് സിംഗ് ശക്തമായ പ്രതികരണം നൽകിയിരുന്നു.
ഇത് ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടി. കൂടാതെ, ഏഷ്യാ കപ്പ് ഫൈനലിൽ സഞ്ജു സാംസനെ പുറത്താക്കിയതിന് ശേഷമാണ് പാകിസ്ഥാൻ സ്പിന്നറായ അബ്രാർ അഹമ്മദ് തന്റെ തനത് ശൈലിയായ ഹെഡ്-റ്റിൽറ്റ് ആഘോഷം വീണ്ടും അവതരിപ്പിച്ചത്.
ഫൈനലിൽ ഇന്ത്യ വിജയകിരീടം ചൂടിയപ്പോൾ, ഇന്ത്യൻ താരങ്ങളായ അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, ജിതേഷ് ശർമ്മ എന്നിവർ ഒത്തുചേർന്ന് അബ്രാർ അഹമ്മദിന്റെ ആഘോഷത്തിന് ഒരു രസകരമായ അനുകരണം നൽകി.
താരങ്ങളുടെ കൂട്ടായ അനുകരണം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇരു ടീമുകളിലെയും താരങ്ങൾ കളിക്കളത്തിൽ പ്രകടിപ്പിച്ച ഈ ആംഗ്യങ്ങൾക്കെല്ലാം മറുപടി നൽകുന്ന രീതിയിലായിരുന്നു ആരാധകരുടെ ഗർബ നൃത്ത വീഡിയോ എന്നതാണ് ശ്രദ്ധേയം.