രാമലീല വേദിയിലേക്ക് റാപ്പിഡോ വിളിച്ച ആധുനിക ഹനുമാൻ: സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
Friday, October 3, 2025 4:40 PM IST
ഒമ്പത് ദിവസത്തെ ദുർഗ്ഗാ പൂജ മഹോത്സവം വിജയദശമിയോടുകൂടി ഭംഗിയായി സമാപിച്ചു. രാമായണ കഥാഭാഗങ്ങൾ പുനരാവിഷ്കരിക്കുന്ന രാമലീല പരിപാടികൾ വിവിധയിടങ്ങളിൽ അരങ്ങേറുകയും, ഉത്സവത്തിന്റെ പരിസമാപ്തിയിൽ തിന്മയുടെ പ്രതീകമായി രാവണന്റെ കോലം കത്തിക്കുകയും ചെയ്തു.
ഇത്തരത്തിൽ രാമലീലയുടെ അവസാനഘട്ട പ്രകടനത്തിന് തൊട്ടുമുമ്പ് സംഭവിച്ച രസകരമായ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രാമലീലയിൽ ഹനുമാന്റെ വേഷമണിഞ്ഞ കലാകാരൻ തിരക്കിട്ട യാത്രയ്ക്കായി റോഡരികിൽ കാത്തുനിൽക്കുന്നതായിരുന്നു ആ രംഗം.
ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന അദ്ദേഹത്തെ കണ്ടപ്പോഴാണ് കാര്യം വ്യക്തമായത്. രാമലീലയുടെ വേദിയിലെത്താൻ വൈകിയതുകൊണ്ട്, സമയം ലാഭിക്കുന്നതിനായി അദ്ദേഹം റാപ്പിഡോ ബൈക്ക് ടാക്സി ബുക്ക് ചെയ്യുകയായിരുന്നു.
ക്ലിപ്പിൽ, ഹനുമാൻ വേഷമണിഞ്ഞയാൾ ക്ഷമയോടെ കാത്തുനിൽക്കുകയും, താമസിയാതെ ഇരുചക്രവാഹനത്തിലെത്തിയ റൈഡർ ഒടിപി നൽകി യാത്ര ഉറപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കാണാം.
എന്നാൽ, ഈ സംഭവത്തിലെ ഏറ്റവും രസകരമായ മുഹൂർത്തം, സ്കൂട്ടറിന്റെ പിന്നിൽ കയറിയ ഉടൻ തന്നെ, ഹനുമാൻ, താൻ പോകേണ്ട ദിശയിലേക്ക് തന്റെ കയ്യിലുള്ള ഗദ ചൂണ്ടി റൈഡർക്ക് വഴി കാണിച്ചതാണ്. വീഡിയോ ഇതിനോടകം തന്നെ 19 മില്യണിലധികം കാഴ്ചക്കാരിലേക്കെത്തി.
"രാമലീലക്ക് വേഗത്തിലെത്താൻ ഹനുമാൻജി റാപ്പിഡോ ബുക്ക് ചെയ്തു' എന്ന തലക്കെട്ടോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോക്ക് രസകരമായ കമന്റുകളുമായി നിരവധി ആളുകൾ രംഗത്തെത്തി. ഈ ആധുനിക സംഭവത്തിന് സമാനമായി, കഴിഞ്ഞ വർഷം ശ്രീലങ്കയിൽ ഒരു കുരങ്ങൻ കാരണം രാജ്യവ്യാപകമായി വൈദ്യുതി തടസ്സമുണ്ടായ സംഭവത്തെയും ഒരു വായനക്കാരൻ ഓർമ്മിപ്പിച്ചു.
സീതാന്വേഷണത്തിന് ലങ്കയിലെത്തിയ ഹനുമാൻ തീയിട്ടതുപോലെ, കുരങ്ങൻ ഒരു പവർ സ്റ്റേഷനിലെ ട്രാൻസ്ഫോർമറിൽ കയറി വൈദ്യുതി വിതരണം തടസപ്പെടുത്തി എന്ന താരതമ്യവും ശ്രദ്ധേയമായി.