സ്വപ്ന യാത്ര ദുഃസ്വപ്നമായി മാറിയ നിമിഷം : സഫാരി യാത്രയ്ക്കിടെ ഒറ്റക്കൊമ്പന്റെ ആക്രമണം
Friday, October 3, 2025 5:33 PM IST
ബോട്സ്വാനയിലെ ഒകവാംഗോ ഡെൽറ്റയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വളളത്തിന് നേരെ കാട്ടാനയുടെ ആക്രമണം. യാത്രക്കാർ പകർത്തിയ വീഡിയോയിൽ ആന വിനോദസഞ്ചാരികൾക്ക് നേരെ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും കാണാം.
കാഴ്ചക്കാരിൽ ഭീതി സൃക്ഷ്ടിച്ച ഓട്ടത്തിന് ശേഷം ആന വള്ളങ്ങളിലൊന്ന് മറിച്ച്, അതിലെ യാത്രക്കാരെ താഴെയിട്ടു. ഭാഗ്യത്തിന് ആന പിന്നീട് കാട്ടിലേക്ക് ഓടിപ്പോയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഒകവാംഗോ ഡെൽറ്റയിലെ സഫാരി യാത്രയ്ക്കിടെയാണ് സംഭവം.
വെള്ളം നിറഞ്ഞ പ്രദേശത്തുകൂടി സഞ്ചരിക്കുമ്പോൾ ഒരു കൂട്ടം ആനകൾ ഇവരെ കണ്ടു. ഇതിൽ ഒരു കൊമ്പനാന സഞ്ചാരികൾക്ക് നേരെ ഓടിയടുത്തതോടെ ആളുകൾ പരിഭ്രാന്തരായി. ഭയന്നുപോയ സഞ്ചാരികൾ വള്ളം പിന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും ആനയുടെ വേഗത്തിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല.
നീണ്ട ഓട്ടത്തിനൊടുവിൽ ആന വള്ളം മറിച്ചിടുകയും അതിലുണ്ടായിരുന്ന ഒരു സ്ത്രീ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. വെള്ളത്തിൽവെച്ച് സ്ത്രീയെ ചവിട്ടാൻ ആന ശ്രമിച്ചെങ്കിലും ചെറിയ പരിക്കുകളോടെ അവർ രക്ഷപ്പെട്ടു. ‘കൺസർവേഷൻ നാഷണൽ പാർക്സ് ഈ സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും എക്സിൽ പങ്കുവെച്ചു.
“ഒരു ആന വിനോദസഞ്ചാരികളെ ആക്രമിക്കുന്നത് എങ്ങനെയെന്ന് വീഡിയോകളിൽ നിന്നും നിങ്ങൾക്ക് മനസ്സിലാക്കാം, കുട്ടിയാനകളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ കൊമ്പനാന ആക്രമിച്ചത്” എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.
"മൃഗങ്ങളുടെ മനഃശാസ്ത്രമനുസരിച്ച്, കുട്ടിയാനകൾ ചുറ്റുമുണ്ടെങ്കിൽ എല്ലാ മൃഗങ്ങളും ആക്രമണകാരികളും സംരക്ഷകരും ആവാറുണ്ട്. അതിനാൽ, പരിസരത്ത് കുട്ടിയാനകളുണ്ടോയെന്ന് നോക്കി അടുത്തേക്ക് പോകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഇത് സങ്കടകരമാണ്, ആ വ്യക്തി സുരക്ഷിതനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
"ഇതൊരു മൃഗശാലയാണെന്നാണ് മനുഷ്യർ കരുതുന്നത്? ആനകളുടെയും തുടർന്ന് മനുഷ്യരുടെയും സുരക്ഷയ്ക്കായി ഈ അപകടകരമായ സഫാരികൾ നിർത്തണം. ഏതെങ്കിലും അപരിചിതനെ നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കാൻ നിങ്ങൾ അനുവദിക്കുമോ? വന്യജീവികളെ ബഹുമാനിക്കുക, ഈ ഭൂമിയിൽ അതിജീവിക്കാൻ നമുക്ക് പരസ്പരം ആവശ്യമുണ്ട്'. എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്.