ദുർഗ്ഗാ പൂജാ പന്തലിൽ വിമാനാപകട ദൃശ്യാവിഷ്കാരം: "ദുരന്തത്തെ മഹത്വവത്കരിക്കുന്നു' എന്ന് സോഷ്യൽ മീഡിയയിൽ വിമർശനം
Saturday, October 4, 2025 1:01 PM IST
ഭക്തിയും സർഗാത്മകമായ കൈയ്യൊപ്പും കൊണ്ട് ശ്രദ്ധേയമാകാറുള്ള ദുർഗ്ഗാ പൂജാ പന്തലുകൾ, അതുല്യമായ പ്രമേയങ്ങൾ കൊണ്ട് ഭക്തരെ വിസ്മയിപ്പിക്കാറുണ്ട്. എന്നാൽ, പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഒരു പന്തൽ തിരഞ്ഞെടുത്ത വിഷയം കടുത്ത വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
പലരും ഇതിനെ അതിരു കടന്ന പ്രവൃത്തിയായി കാണുന്നു. ചക്പൂരിൽ, ജാംഗിപ്പാറയിലുള്ള ഈ ദുർഗ്ഗാ പൂജാ പന്തൽ, "എയർ ഇന്ത്യ വിമാനാപകടം' എന്ന പ്രമേയമാണ് സ്വീകരിച്ചത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കഴിഞ്ഞ ജൂൺ മാസത്തിലുണ്ടായ എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാന ദുരന്തത്തിന്‍റെ ദാരുണമായ രംഗങ്ങൾ, സൂക്ഷ്മമായ വിശദാംശങ്ങളോടെയാണ് പന്തലിൽ പുനഃസൃഷ്ടിച്ചിരിക്കുന്നത്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ, സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ തകർന്നു വീണിരുന്നു.
ഈ അപകടത്തിൽ 242 യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിക്കാനും, രക്ഷാപ്രവർത്തനത്തിനെത്തിയവരുടെ ധീരതയെ അംഗീകരിക്കാനുമാണ് ഈ തീം തിരഞ്ഞെടുത്തതെങ്കിലും, ദൃശ്യങ്ങൾ നിരവധി ആളുകളെ അസ്വസ്ഥരാക്കി.
ഒരു കെട്ടിടത്തിൽ വിമാനം ഇടിക്കുന്നതിന്‍റെ, സന്ദർഭം പുനരാവിഷ്‌കരിക്കുന്ന മോഡലാണ് വീഡിയോയിൽ കാണിക്കുന്നത്. എന്നാൽ, കാഴ്ചക്കാർക്ക് ഈ നീക്കം ഒട്ടും സ്വീകാര്യമായില്ല. "ഒരു ദുരന്തത്തെ മഹത്വവൽക്കരിക്കുന്നത് ലജ്ജാകരമാണ്.
എന്തിനാണ് ഇത്രയും വേദനിപ്പിക്കുന്ന രംഗങ്ങൾ പുനഃസൃഷ്ടിച്ചിരിക്കുന്നത്? ഇത് എത്രമാത്രം അറപ്പുളവാക്കുന്നതാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദന ഒന്ന് ആലോചിക്കൂ. ഇത് കാണുമ്പോൾ അവരുടെ സങ്കടം വർദ്ധിപ്പിക്കുകയേ ഉള്ളൂ, എന്നിങ്ങനെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്.
സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിന്ന നവരാത്രി ആഘോഷങ്ങൾ വിജയദശമി ദിനത്തിൽ സമാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടത്.