വിവാഹശേഷം ദമ്പതികൾ സ്വന്തമായി വീട് വാങ്ങിയതിന്‍റെ സന്തോഷം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോൾ, അവരുടെ പ്രായവ്യത്യാസം വലിയ വിവാദത്തിന് തിരികൊളുത്തി. 18 വയസ്സുള്ള ലേക്ക് എന്ന യുവാവും 36 വയസ്സുള്ള അദ്ദേഹത്തിന്‍റെ ഭാര്യ ജാക്കിയും ചേർന്ന് തങ്ങളുടെ ആദ്യ വീട് വാങ്ങിയ വിവരമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

"ഞങ്ങളുടെ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു' എന്ന കുറിപ്പോടെയാണ് ലേക്ക് ആന്‍റ് ജാക്ക് എന്ന അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തത്. സാധാരണയായി, ഇത്ര ചെറുപ്രായത്തിൽ ഒരു വീട് സ്വന്തമാക്കിയതിന്‍റെ പേരിൽ അഭിനന്ദനം ലഭിക്കേണ്ടവർക്ക് കേൾക്കേണ്ടിവന്നത്, അവരുടെ 18 വർഷത്തെ പ്രായവ്യത്യാസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ.

സന്തോഷവാർത്ത പങ്കുവെച്ച വീഡിയോക്ക് താഴെ നിമിഷങ്ങൾക്കകം നെഗറ്റീവ് കമന്‍റുകൾ നിറഞ്ഞു. തന്‍റെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ല് ആഘോഷിക്കാൻ മുന്നോട്ട് വന്ന ലേക്ക്, "എനിക്ക് 18 വയസ്സ്, എന്‍റെ ഭാര്യക്ക് 36 വയസ്സ്.

ഞങ്ങൾ ഒരുമിച്ച് ആദ്യ വീട് വാങ്ങി' എന്ന് വീഡിയോയിൽ ആവേശത്തോടെ പറയുന്നതും അദ്ദേഹത്തിനടുത്ത് ജാക്കി നിൽക്കുന്നതും കാണാം. എന്നാൽ, ഈ സന്തോഷവാർത്തയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, സാമൂഹിക മാധ്യമ ഉപയോക്താക്കൾ അവരുടെ പ്രായവ്യത്യാസത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിലേക്ക് തിരിഞ്ഞു.




ഇവരുടെ ബന്ധം പ്രണയത്തിലാണോ അതോ സാമ്പത്തിക നേട്ടത്താൽ പ്രേരിതമാണോ എന്നതായിരുന്നു ആളുകളുടെ പ്രധാന സംശയം. ലേക്ക് ആഡംബര ജീവിതത്തിന് വേണ്ടിയാണ് വിവാഹം കഴിച്ചതെന്നും, ജാക്കി തന്‍റെ പണം ഉപയോഗിച്ച് പ്രായം കുറഞ്ഞ പങ്കാളിയുമായി ബന്ധം സ്ഥാപിച്ചു എന്നുമുള്ള ആരോപണങ്ങൾ കമന്‍റ്സ് വഴി ഉയർന്നു.

ചിലർ ലേക്കിനെ "ഷുഗർ ബേബി' എന്ന് വിളിച്ച്, അദ്ദേഹം പ്രണയത്തിന് വേണ്ടിയല്ല, മറിച്ച് സുഖസൗകര്യങ്ങൾക്കുവേണ്ടിയാണ് വിവാഹിതനായതെന്ന് മുദ്രകുത്തി. മറ്റ് ചിലർ ജാക്കിയെ വിമർശിച്ചു. തന്‍റെ സാമ്പത്തിക സ്ഥിരത ഉപയോഗിച്ച് വളരെ പ്രായം കുറഞ്ഞ ഒരാളുമായി ബന്ധം നിലനിർത്താൻ ശ്രമിക്കുന്നുവെന്നായിരുന്നു അവർക്കെതിരായ ആരോപണം.

"അവന് രണ്ട് വയസ്സുള്ളപ്പോൾ അവൾക്ക് 20 വയസ്സായിരുന്നുവെന്നും ഇരുവരുടെയും ബന്ധത്തെ ചിലർ അമ്മ-മകൻ' എന്ന് വരെ വിശേഷിപ്പിച്ചതോടെ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നു.