സുരക്ഷാ പരിശോധന മറികടന്ന്: മെട്രോയിൽ ഭിക്ഷാടനം, വീഡിയോ വൈറൽ
Wednesday, October 15, 2025 3:23 PM IST
ബംഗളൂരുവിൽ ശ്രീരാമപുരം സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ ഒരാൾ ഭിക്ഷ യാചിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. മൊബൈലിൽ പകർത്തിയ ഈ വീഡിയോയിൽ, ഭിക്ഷ യാചിച്ചെത്തിയ വ്യക്തി കമ്പാർട്മെന്റിനുള്ളിലെ ഓരോരുത്തരെയും സമീപിക്കുന്ന കാഴ്ചയുണ്ട്.
ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ, ഈ സംഭവം യാത്രക്കാർക്കിടയിൽ വലിയ വിമർശനത്തിനും ആശങ്കയ്ക്കും വഴിവെച്ചിരിക്കുകയാണ്. പൊതുവെ വൃത്തിയും അച്ചടക്കവും പാലിക്കുന്നതിൽ പേരുകേട്ട നഗരത്തിലെ മെട്രോ സംവിധാനത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾക്കും യാത്രാനുഭവത്തിന്റെ നിലവാരത്തിനും കോട്ടം വരുത്തുന്നുവെന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
മെട്രോയിൽ പ്രവേശിച്ച ഉടൻ ഭിക്ഷാടനം തുടങ്ങാതെ, യാത്രയ്ക്കിടെ ഇയാൾ കമ്പാർട്മെന്റുകൾക്കിടയിലൂടെ നീങ്ങി പണം ആവശ്യപ്പെടുകയായിരുന്നു. ഈ സമയം, ചില യാത്രക്കാർ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ, മറ്റു ചിലർ പ്രതികരിക്കാതെ നിശബ്ദമായി ഇരിക്കുകയായിരുന്നു. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഇയാൾ പുറത്തിറങ്ങുകയും ചെയ്തു.
ഇത് സംബന്ധിച്ച് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ വിശദീകരണം നൽകിയിട്ടുണ്ട്. മെജസ്റ്റിക് സ്റ്റേഷനിൽ നിന്നും ടിക്കറ്റെടുത്താണ് ഇയാൾ മെട്രോയിൽ പ്രവേശിച്ചതെന്നും ദാസറഹള്ളിയിൽ വെച്ച് പുറത്തിറങ്ങിയെന്നും ബിഎംആർസിഎൽ അറിയിച്ചു. എന്നാൽ, ട്രെയിനിനുള്ളിൽ ഇയാൾ ഭിക്ഷാടനം നടത്തിയത് പട്രോളിങ്ങിന് നിയോഗിക്കപ്പെട്ട ഹോം ഗാർഡുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഓരോ പ്രവേശന കവാടത്തിലും കർശനമായ സുരക്ഷാ പരിശോധനകളുള്ള മെട്രോ സംവിധാനത്തിനുള്ളിൽ ഇത്തരം സംഭവങ്ങൾ എങ്ങനെ നടക്കുന്നു എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രധാനമായും ഉന്നയിക്കുന്നത്.