വളര്‍ത്തുനായയ്ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്ന യുവതി; വീഡിയോ വൈറലാകുന്നു
Saturday, March 18, 2023 11:12 AM IST
മനുഷ്യര്‍ പല മൃഗങ്ങളെയും ഇണക്കി വളര്ത്താറുണ്ടല്ലൊ. എന്നാല്‍ നായകളോളം മനുഷ്യരുമായി ഇണങ്ങുന്ന മറ്റൊരു മൃഗമില്ലെന്നുതന്നെ പറയാം. നായകളുടെ സ്നേഹം വെളിവാക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും.
ഇപ്പോഴിതാ ഒരു യുവതി തന്റെ വളര്‍ത്തുനായയുമായി നടത്തിയ ഒരു ട്രെയിന്‍ യാത്രയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ദൃശ്യങ്ങളില്‍ ഒരു യുവതി ഓടുന്ന ട്രെയിനില്‍ മൂടിപ്പുതച്ചുകിടക്കുകയാണ്. വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാള്‍ യുവതിയെ വിളിച്ചുണര്‍ത്തുകയാണ്. യുവതി പുതപ്പ് മാറ്റുമ്പോള്‍ കൂടെ ഉണ്ടായിരുന്ന നായയും തല ഉയര്‍ത്തി നോക്കുന്നു.
രസകരമായ വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ഹൃദയസ്പര്‍ശിയായ വീഡിയോ' എന്നാണൊരാള്‍ കുറിച്ചത്. "ഇന്ത്യന്‍ റെയില്‍വേ നിങ്ങളുടെ സേവനത്തില്‍ 24x7' എന്ന അടിക്കുറിപ്പോടെ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വീഡിയോ റീട്വീറ്റ് ചെയ്യുകയുമുണ്ടായി.