"എന്റമ്മേ...'; കുട്ടിയാനയുടെ പേടി ചിരി പടര്‍ത്തുമ്പോള്‍
Tuesday, March 21, 2023 3:10 PM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി രസകരമായ വീഡിയോകള്‍ നമുക്ക് മുന്നില്‍ എത്താറുണ്ട്. ഇവ മിക്കപ്പോഴും മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ഉപകരിക്കും. മൃഗങ്ങളുടെയും കുട്ടികളുടെയും വീഡിയോകളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുള്ളത്.
ഇപ്പോഴിതാ ഒരു ആനക്കുട്ടിയും തള്ളയാനയും തമ്മിലുള്ള കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളില്‍ ഒരാനക്കുട്ടി നിലത്ത് കിടന്നുറങ്ങുകയാണ്. തള്ളയാന അല്പം മാറി നില്പുണ്ട്. ആനക്കുട്ടി ഒരു പുതപ്പിലാണ് കിടക്കുന്നത്.
എന്നാല്‍ പെട്ടെന്നൊരു കാറ്റടിക്കുകയാണ്. ഈ കാറ്റില്‍ പുതപ്പ് ഒന്നിളകുന്നു. പുതപ്പിന്റെ ഒരുവശം ആനക്കുട്ടിയുടെ ദേഹത്ത് തൊടുകയാണ്. തത്ക്ഷണം ഞെട്ടിപ്പോയ ആനക്കുട്ടി ചാടി എഴുന്നേല്ക്കുകയാണ്.
അത് ഉടനടി കരഞ്ഞുകൊണ്ട് തള്ളയാനയ്ക്ക് അരികിലേക്കെത്തുന്നു. തള്ളയാന കുട്ടിയാനയെ ആശ്വസിപ്പിക്കുന്നിടത്താണ് വീഡിയോ കഴിയുന്നത്. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ഇത്രയും ആളുകളെ ചിരിപ്പിച്ച മറ്റൊരു പേടിയുണ്ടാകില്ല' എന്നാണൊരാള്‍ കുറിച്ചത്.