ചില ഓട്ടോ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നത് കണ്ടാല്‍ തന്നെ നെഞ്ചിടിപ്പ് കൂടും. ഇനി ഇത്തരം ഓട്ടോയിലാണ് നമുക്ക് കയറേണ്ടി വരുന്നതെങ്കിലോ പൊന്നു ചേട്ടാ പതുക്കെ പോകൂ എന്ന് അപേക്ഷിക്കേണ്ടി വരുമെന്നുറപ്പ്. എന്നാല്‍ എല്ലാ ഓട്ടോക്കാരും അത്തരത്തില്‍ ഉള്ളവരാണെന്ന് പറയാന്‍ പറ്റില്ല.

വളരെ മര്യാദയോടെ റോഡ് നിയമങ്ങള്‍ പാലിച്ച് വണ്ടിയോടിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. തിരക്ക് ഒഴിവാക്കി പെട്ടന്ന് ലക്ഷ്യസ്ഥാനത്തെത്താന്‍ ഷോര്‍ട്ട് കട്ടുകള്‍ അറിയാവുന്ന വിദഗ്ധര്‍ കൂടിയാണിവര്‍ എന്ന് പ്രത്യേകം പറയേണ്ടതില്ല.

എന്നാല്‍ നിയമാനുസൃതമല്ലാത്ത ഷോര്‍ട്ട് കട്ടുകള്‍ ഒരിക്കലും തിരഞ്ഞെടുക്കരുതെന്നും അത് കാല്‍നടയാത്രക്കാര്‍ക്കും അപകടഭീതിയുണ്ടാക്കുമെന്നും ഓര്‍മിപ്പിക്കുന്ന വീഡിയോ എക്‌സില്‍ വൈറലായിരിക്കുകയാണ്. ഡല്‍ഹിയില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജിലൂടെ അപകടകരമായ രീതിയില്‍ ഓട്ടോ ഓടിക്കുന്ന ദൃശ്യങ്ങളാണിത്.

ഈ പാലത്തിലേക്ക് ഒരാള്‍ ഓട്ടോ പിന്നില്‍ നിന്നും തള്ളികയറ്റുന്നതും അപ്പോള്‍ തന്നെ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ടാക്കി മുന്നോട്ട് പോകുന്നതുമാണ് വീഡിയോയില്‍. ഓടുന്ന വണ്ടിയിലേക്ക് ഓട്ടോ തള്ളിയ യുവാവ് ഉടൻ ഓടിചെന്ന് ചാടിക്കയറുന്നതും കാണാം. വാഹനത്തിന്‍റെ സീറ്റില്‍ ബാബു എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിട്ടുമുണ്ട്.



മുന്ന എന്ന് പേരുള്ള 25കാരനാണ് വാഹനം ഓടിച്ചതെന്നാണ് സൂചന. ഇയാളെയും ഒപ്പമുണ്ടായിരുന്ന അമിത്ത് എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇരുവരും ഡല്‍ഹിയിലെ സംഗം വിഹാര്‍ സ്വദേശികളാണെന്നാണ് വിവരം. ഇവര്‍ വാഹനമോടിക്കുന്നത് കണ്ട് ഭയന്നു മാറുന്ന കാല്‍നടയാത്രക്കാരെയും വീഡിയോയില്‍ കാണാം.

ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും അപകടം വിളിച്ചുവരുത്തുന്ന രീതിയിലാണ് ഇയാള്‍ വാഹനമോടിച്ചെന്നും നെറ്റിസണ്‍സിനിടയില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. മേലില്‍ ഇങ്ങനെ ചെയ്തു പോകരുതെന്ന് താക്കീതിന്‍റെ സ്വരമുള്ള അഭിപ്രായങ്ങളും സമൂഹ മാധ്യമത്തിൽ ഉയര്‍ന്നിരുന്നു. രാംരാജ് ചൗധരി എന്നയാളുടെ എക്‌സ് അക്കൗണ്ടിലാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.