ചൈനയിലെ "സ്വർണമുത്തച്ഛൻ!' അണിയുന്നത് 94 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ; പിന്നാലെ വിവാഹാലോചനകളുടെ പ്രളയം
Friday, March 10, 2023 11:14 AM IST
സ്വർണം മോഹിക്കാത്തവരില്ല. അതിൽ സ്ത്രീയെന്നോ, പുരുഷനെന്നോ വ്യത്യാസമില്ല. സ്വർണാഭരണങ്ങൾ ധരിക്കുന്നത് ഒരാളുടെ ധനാഢ്യതയെ സൂചിപ്പിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നത് ചൈനക്കാരാണ്. 2013 മുതലാണ് സ്വർണ ഉപയോഗത്തിൽ ചൈന മുന്നിലെത്തുന്നത്. ശരാശരി 945 ടൺ സ്വർണമാണ് ചൈനക്കാർ പ്രതിവർഷം വാങ്ങിക്കൂട്ടുന്നത്.

ചൈനയിൽനിന്നുള്ള ഒരു മുത്തച്ഛനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. അദ്ദേഹത്തിന് 90 വയസുണ്ട്. വൃദ്ധന്‍റെ പൂർണവിവരങ്ങളൊന്നും ലഭ്യമല്ല. 94 ലക്ഷം വിലവരുന്ന സ്വർണാഭരണങ്ങൾ ധരിക്കുന്ന വൃദ്ധന്‍റെ വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നു. തന്‍റെ സ്വന്തം സ്വർണമാണ് അ‍യാൾ ധരിക്കുന്നത്. ഫെബ്രുവരി 27നാണ് വീഡിയോ ആദ്യമായി സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്.

തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ ഷാങ്ഷൗവിലെ ഒരു കടയിൽ വച്ചാണ് വൃദ്ധൻ തന്‍റെ സ്വർണാഭരണങ്ങൾ പ്രദർശിപ്പിക്കുന്നത്. ആഭരണങ്ങൾ കാണാൻ ആളുകൾ തടിച്ചുകൂടുകയും ചെയ്തിരുന്നു.

തൂക്കം തോന്നിക്കുന്ന ബ്രേസ്‌ലെറ്റ്, മോതിരം തുടങ്ങിയ വിവിധ തരം ആഭരണങ്ങൾ വൃദ്ധൻ ധരിക്കുന്നു. അദ്ദേഹം സ്വർണവള ഊരി തന്‍റെ ചുറ്റും കൂടിയവരെ കാണിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഓരോ വളയ്ക്കും രണ്ട് കിലോയോളം തൂക്കമുണ്ടെന്നും വൃദ്ധൻ പറയുന്നു.

തനിക്ക് സ്വർണത്തിൽ പണികഴിപ്പിച്ച ബെൽറ്റ് ഉണ്ടെന്നും ബെൽറ്റ് പുറത്തേക്കു കൊണ്ടുപോകുന്നതു കുടുംബത്തിലെ അംഗങ്ങൾക്കു താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയും ചിത്രങ്ങളും വൈറലായതോടെ തൊണ്ണൂറുകാരൻ സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയി മാറി. നിരവധി വിവാഹാലോചനകളാണ് അദ്ദേഹത്തിനു ലഭിക്കുന്നത്.

നിരവധി കമന്‍റുകളും വീഡിയോയ്ക്കു ലഭിച്ചു. ""എന്‍റെ മുത്തശി ഒറ്റയ്ക്കാണ്, അവര്‍ക്കു താങ്കളെ കാണാൻ ആഗ്രഹമുണ്ട്...'' എന്നായിരുന്നു രസകരമായ കമന്‍റ്..!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.